ബാഗ്ദാദ്: അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരേ ഇറാക്കി ജനത ആരംഭിച്ച പ്രതിഷേധം കെട്ടടങ്ങുന്നില്ല. ഇന്നലെ ബാഗ്ദാദിൽ പ്രതിഷേധക്കാർക്കു നേർക്കു പോലീസ് വെടിയുതിർത്തു.നാലു ദിവസത്തെ പ്രതിഷേധത്തിൽ 44 പേർ കൊല്ലപ്പെടുകയും 1,648 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നസ്റിയ പട്ടണത്തിൽ മാത്രം 18 പേരും ബാഗ്ദാദിൽ 16 പേരും കൊല്ലപ്പെട്ടെന്നു വാർത്താ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.ചൊവ്വാഴ്ച മുതൽ ആയിരക്കണക്കിനു പേരാണ് ബാഗ്ദാദ് അടക്കമുള്ള സ്ഥലങ്ങളിൽ പ്രകടനം നടത്തുന്നത്. പലപ്പോഴും പോലീസുമായി ഏറ്റുമുട്ടലുണ്ടായി. ആരും പ്രത്യേകിച്ചു നേതൃത്വം കൊടുക്കാത്ത പ്രതിഷേധം രാജ്യത്തുടനീളം പടരുകയാണ്. പ്രധാനമന്ത്രി അബ്ദൽ മഹ്ദി വ്യാഴാഴ്ച രാവിലെ മുതൽ ബാഗ്ദാദിൽ കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. പ്രതിഷേധക്കാർക്കിടയിലെ ആശയവിനിമയം തടയാനായി ഇന്റർനെറ്റ് സേവനവും റദ്ദാക്കി.
മരിച്ചവരിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായി മനുഷ്യാവകാശങ്ങൾക്കായുള്ള സ്വതന്ത്ര ഹൈക്കമ്മീഷൻ അറിയിച്ചു. പരിക്കേറ്റവരിൽ 401 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.