കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. കേസിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മരിച്ച റോയിയുടെ ഭാര്യ ജോളി, ജോളിയെ സഹായിച്ച ജൂവല്ലറി ജീവനക്കാരൻ മാത്യു, മാനന്തവാടിയിലെ സ്വർണപണിക്കാരൻ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയായേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ദുരൂഹമരണങ്ങളിലെ അന്വേഷണത്തിൽ കൊലപാതകമാണെന്നു സ്ഥിരീകരിക്കുന്ന നിർണായകമായ സാഹചര്യതെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ ശനിയാഴ്ച രാവിലെയാണ് വീട്ടിൽനിന്നും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തത്. ജോളി കുറ്റസമ്മതം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. ഇതിനു പിന്നാലെയാണ് ജോളിയുടെ ബന്ധുകൂടിയായ ജൂവല്ലറി ജീവനക്കാരൻ മാത്യുവും പ്രജുകുമാറും കസ്റ്റഡിയിലായത്. താനാണ് ജോളിക്ക് സയനൈഡ് നൽകിയതെന്നും അവരുമായി ഏറെ നാളത്തെ സൗഹൃദമുണ്ടായിരുന്നെന്നും മാത്യു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ജോളിയുടെ മക്കളേയും സഹോദരങ്ങളേയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വിളിച്ചുവരുത്തിയിട്ടുണ്ട്. അതേസമയം, സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ അറസ്റ്റിലേക്ക് നീങ്ങുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ബന്ധുക്കളായ ആറുപേരുടേയും മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും മരണങ്ങളില്‍ അസ്വഭാവികതയുണ്ടെന്നും വടകര റൂറല്‍ എസ്പി പറഞ്ഞു.ആറു പേരുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധർ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസ്, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പുതുടങ്ങി ഇടവേളകളിലുണ്ടായ ആറു ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകങ്ങളാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. 2002 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ ആദ്യ മരണം. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ(57) ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആർക്കും അസ്വാഭാവികത തോന്നിയില്ല.പിന്നീട് ആറ് വര്‍ഷം കഴിഞ്ഞ് 2008 ഓഗസ്റ്റ് 26-ന് ടോം തോമസും(66) മരിച്ചു. ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. അന്നും ആർക്കും അസ്വാഭാവികത തോന്നിയില്ല. മൂന്ന് വര്‍ഷത്തിനു ശേഷം 2011 സെപ്റ്റംബർ 30-ന് മകന് റോയ് തോമസ്(40)മരിച്ചു. ബാത്ത്റൂമിൽ കയറിയപ്പോൾ ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. അതും നാട്ടുകാർ വിശ്വസിച്ചു. മൂന്നുവര്‍ഷത്തിനുശേഷം 2014 ഏപ്രിൽ 24-ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയിൽ (67) മരിച്ചു. അതും സ്വാഭാവിക മരണമായി കണക്കാക്കി. പിന്നീടാണ് അതേവര്‍ഷം മേയ് മൂന്നിന് ടോം തോമസിന്റെ അനുജനായ സക്കറിയയുടെ മകൻ ഷാജു സക്കറിയായുടെ പത്തുമാസം പ്രായമുള്ള മകൾ ആല്ഫൈൻ മരിച്ചത്. വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഏറ്റവുമൊടുവിൽ, ഷാജു സക്കറിയായുടെ ഭാര്യ സിലി സെബാസ്റ്റ്യൻ (ഫിലി-42) 2016 ജനുവരി 11ന് മരിച്ചതോടെ കാണാമറയത്തെത്തിയവരുടെ എണ്ണം ആറായി.
കൂടത്തായിയിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു
