താമരശേരി: കോഴിക്കോട്: കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര് മരിച്ച സംഭവത്തില്‍, മരിച്ച റോയിയുടെ ഭാര്യ ജോളിയെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. ഇന്നു രാവിലെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ജോളിയെ കസ്റ്റഡിയില്‍ എടുത്തത്.മരിച്ച റോയിയുടെ ഭാര്യ ജോളി കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്.ആറുപേരുടെ മരണവും വിഷാംശം ഉള്ളിൽ ചെന്നാണ് സംഭവിച്ചത്. ഫോറൻസിക് പരിശോധനയിൽ ഇവരുടെ ശരീരത്തിൽനിന്നും ചെറിയ അളവിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായും വടകര റൂറൽ എസ്പി പറഞ്ഞു. മരണകാരണം സയനൈഡടക്കമുള്ള വിഷവസ്തുക്കളാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിച്ചതായുമാണ് വിവരം. സയനൈഡ് എവിടെ നിന്നു കിട്ടിയെന്ന കാര്യവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.ആറു പേരുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസ്, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പുതുടങ്ങി ഇടവേളകളിലുണ്ടായ ആറു ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകങ്ങളാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. 2002 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ ആദ്യ മരണം. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ(57) ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആർക്കും അസ്വാഭാവികത തോന്നിയില്ല.
പിന്നീട് ആറ് വര്‍ഷം കഴിഞ്ഞ് 2008 ഓഗസ്റ്റ് 26-ന് ടോം തോമസും(66) മരിച്ചു. ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. അന്നും ആർക്കും അസ്വാഭാവികത തോന്നിയില്ല. മൂന്ന് വര്‍ഷത്തിനു ശേഷം 2011 സെപ്റ്റംബർ 30-ന് മകന് റോയ് തോമസ്(40)മരിച്ചു. ബാത്ത്റൂമിൽ കയറിയപ്പോൾ ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. അതും നാട്ടുകാർ വിശ്വസിച്ചു.മൂന്നുവര്‍ഷത്തിനുശേഷം 2014 ഏപ്രിൽ 24-ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയിൽ (67) മരിച്ചു. അതും സ്വാഭാവിക മരണമായി കണക്കാക്കി. പിന്നീടാണ് അതേവര്‍ഷം മേയ് മൂന്നിന് ടോം തോമസിന്റെ അനുജനായ സക്കറിയയുടെ മകൻ ഷാജു സക്കറിയായുടെ പത്തുമാസം പ്രായമുള്ള മകൾ ആല്ഫൈൻ മരിച്ചത്. വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഏറ്റവുമൊടുവിൽ, ഷാജു സക്കറിയായുടെ ഭാര്യ സിലി സെബാസ്റ്റ്യൻ (ഫിലി-42) 2016 ജനുവരി 11ന് മരിച്ചതോടെ കാണാമറയത്തെത്തിയവരുടെ എണ്ണം ആറായി.