ലാറ്റിന്‍ അമേരിക്കന്‍ സഭയുടെ പ്രതിനിധി സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.

പുവേബ്ല സമ്മേളനത്തിന്‍റെ വാര്‍ഷികം
ലാറ്റിന്‍ അമേരിക്കന്‍ സഭയ്ക്കു സുവിശേഷപ്രഘോഷണ പാത തെളിയിച്ച പുവേബ്ല കോണ്‍ഫ്രന്‍സിന്‍റെ 40-Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ടുള്ള രാജ്യാന്തര സമ്മേളനത്തെയാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ അഭിസംബോധനചെയ്തത്. ഒക്ടോബര്‍ 3-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് ലാറ്റിനമേരിക്കന്‍ ദേശീയ മെത്രാന്‍ സമിതികളുടെ 30 പ്രതിനിധികള്‍ അടങ്ങിയ സമ്മേളനത്തെ വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ ലാറ്റിന്‍ അമേരിക്കന്‍ സ്മരണകള്‍
പാപ്പാ ഫ്രാന്‍സിസ് അര്‍ജന്‍റീനയില്‍ ഈശോസഭയുടെ പ്രൊവിഷ്യല്‍ ആയിരിക്കവെ മെക്സിക്കോയില്‍ സംഗമിച്ച ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതികളുടെ പുവേബ്ല സംയുക്ത സമ്മേളനത്തെ പ്രകാശിപ്പിക്കുകയും ഫലമണിയിക്കുകയും ചെയ്ത മൂന്നു സംഭവങ്ങളെ പാപ്പാ തന്‍റെ ഹ്രസ്വ സന്ദേശത്തില്‍ അനുസ്മരിച്ചു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തിരിതെളിയിച്ച പൂവബ്ലെ സമ്മേളനം
1979 ജനുവരിയില്‍ മെക്സിക്കോയിലെ പുവേബ്ലയിലെ സംഗമത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അതിന്‍റെ ഉത്ഘാടന സമ്മേളനത്തെ തന്‍റെ സാന്നിദ്ധ്യംകൊണ്ടും ആമുഖ പ്രഭാഷണംകൊണ്ടും അനുഗ്രഹിച്ചത് ലാറ്റിന്‍ അമേരിക്കന്‍ സഭയുടെ സുവിശേഷ പ്രഘോഷണ പാതയില്‍ ശരിയായ ദിശാബോധം നല്കിയ ആദ്യ ഘടകമാണ്. അത് പാപ്പാ വോയിത്തീവയുടെ ദീര്‍ഘകാല ശുശ്രൂഷയ്ക്കും ആമുഖമായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു.

ലാറ്റിനമേരിക്കയ്ക്കു മാര്‍ഗ്ഗരേഖയായ “എവാഞ്ചേലിയും നൂന്‍ഷ്യാന്തി”
പോള്‍ ആറാമന്‍ പാപ്പായുടെ Evangelium Nuntiandi “സുവിശേഷ പ്രഘോഷണം” എന്ന അപ്പസ്തോലിക പ്രബോധനം പുവേബ്ല സമ്മേളനത്തിന്‍റെ അടിസ്ഥാന പഠനരേഖയാക്കിയതും ലാറ്റിനമേരിക്കന്‍ സഭയ്ക്കു മാര്‍ഗ്ഗദര്‍ശനമായ രണ്ടാമത്തെ ഘടകമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ തുടര്‍ന്നു ആഗോളസഭയ്ക്കു ലഭിച്ച ഏറെ നിര്‍ണ്ണായകമായ പ്രബോധനമായിരുന്നു അതെന്നും പാപ്പാ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

പുവബ്ലെയ്ക്കു പിന്‍ബലമായ മദെലിന്‍
പുവേബ്ലയ്ക്കു മുന്‍പെ നടന്ന മദെലിന്‍ കോണ്‍ഫ്രന്‍സിന്‍റെ പ്രമാണ രേഖകള്‍ പഠിക്കുവാനും വിലയിരുത്തുവാനും അന്നു സമ്മേളനം കാണിച്ച തുറവും സന്നദ്ധതയും ലാറ്റിനമേരിക്കന്‍ സഭയുടെ മുന്നോട്ടുള്ള സുവിശേഷ പ്രയാണത്തെ പക്വമാര്‍ജ്ജിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നു പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

പുവേബ്ലയും അപ്പരസീദയും
ലാറ്റിനമേരിക്കന്‍ സഭയുടെ ചരിത്രപരമായ അവബോധത്തെ തട്ടിയുണര്‍ത്തിയ സംഭവവും, സഭാ വളര്‍ച്ചയുടെ പാതയില്‍ നാഴികക്കല്ലുമായിരുന്നു 40 വര്‍ഷങ്ങള്‍ പിന്നിട്ട പുവേബ്ല സമ്മേളനം. പിന്നീട് അവിടത്തെ സഭയ്ക്ക് കുതിപ്പേകിയ അപ്പരസീദ സമ്മേളനത്തിനു രൂപരേഖ നല്കി നയിച്ചതും പൂവബ്ലെ കോണ്‍ഗ്രസ്സായിരുന്നെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.