കവാടങ്ങളിലേക്ക് എന്നാണ് ആദ് ലിമിന എന്ന ലത്തീൻ പദത്തിന്റെ വാച്യാർഥം. കത്തോലിക്കാ സഭയുടെ പരിപാവനമായ പാരന്പര്യമാണ് ലോകമെന്പാടുമുള്ള രൂപതകളിലെ മെത്രാന്മാർ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ കബറിടം വണങ്ങുകയും തദവസരത്തിൽ മാർപാപ്പയെ സന്ദർശിച്ച് രൂപതയെ സംബന്ധിച്ച വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്യുക എന്നത്. അഞ്ചു വർഷത്തിലൊരിക്കലാണ് ഇത് സാധാരണയായി നടത്തിവരുന്നത്.
റോമൻ കൂരിയായിലെ വിവിധ ഓഫീസുകൾ സന്ദർശിക്കുന്നതിനും അവരുമായി ഉപകാരപ്രദമായ രീതിയിൽ സംവദിക്കുന്നതിനുമുള്ള അവസരം കൂടിയാണിത്. മൂന്ന് ഘട്ടങ്ങളാണ് ഈ സന്ദർശനത്തിനുള്ളത്.
ഒന്നാമതായി പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ കബറിടം സന്ദർശിക്കുന്നു. രണ്ടാമതായി മാർപാപ്പയുമായുള്ള കൂടിക്കാഴ്ച. മൂന്നാമതായി റോമൻ കാര്യാലയത്തിലെ വിവിധ ഓഫീസുകൾ സന്ദർശിച്ചു കൂടിക്കാഴ്ചകൾ.
സന്ദർശനത്തിന് ആറുമാസം മുന്പുതന്നെ രൂപതയെ സംബന്ധിച്ച റിപ്പോർട്ട് റോമിലേക്കയയ്ക്കും. ഓരോ രൂപതയുടെയും സാഹചര്യങ്ങളും ആത്മീയവും ഭൗതികവുമായ പുരോഗതിയും വിലയിരുത്തുന്നതിനും ഉചിതമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നതിനും ശ്ലൈഹിക സിംഹാസനവും വ്യക്തിസഭകളും രൂപതകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരമാണിത്. അജപാലന ശുശ്രൂഷയിൽ റോമാ മാർപാപ്പ സഹോദരമെത്രാന്മാരെ വിശ്വാസത്തിലും ഉപവിയിലും ബലപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യുന്ന അവസരംകൂടിയാണിത്.