1876-1926 കാലഘട്ടത്തിൽ ദൈവം പുത്തൻചിറ പ്രദേശത്തു വിരചിച്ച ജീവിതകഥയാണ് പുണ്യചരിതയായ മറിയം ത്രേസ്യയുടേത്. ആ കന്യകയുടെ കാലം കഴിഞ്ഞിട്ടും ആ കഥ അവസാനിച്ചില്ല. കാരണം കുടുംബങ്ങളുടെ കാവലാളായി, ഇന്പമുള്ള ഹൃദയത്തോടെ കുടുംബങ്ങൾക്കൊപ്പം നില്ക്കാനുള്ള തപോചൈതന്യം അമ്മ ക്രൂശിതനിൽനിന്നു സ്വാംശീകരിച്ചിരുന്നു.
ദൈവത്തെ സ്നേഹിച്ചു സന്തോഷിപ്പിക്കാൻ മറിയം ത്രേസ്യ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു കുടുംബ ശുശ്രൂഷ. കുടുംബ വിശുദ്ധീകരണത്തിലൂടെ മാത്രമേ ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ സഭ പരിപോഷിപ്പിക്കപ്പെടുകയുള്ളൂ എന്നു മറിയം ത്രേസ്യ തിരിച്ചറിഞ്ഞു. രാത്രിയുടെ യാമങ്ങളിൽ ക്രൂശിതനരികെ കണ്ണും മനസും ഹൃദയവും ചേർത്തുവച്ചു കരുണാർദ്ര സ്നേഹവും ദൈവികജ്ഞാനവും കൈമുതലാക്കി അവൾ കുടുംബങ്ങളിലേക്കിറങ്ങി.
കണ്ണിയറ്റുപോയ ബന്ധങ്ങളിൽ സ്നേഹത്തിന്റെ നൂലിഴ പാകിയും സാന്ത്വന വചസുകൾ ഓതിക്കൊടുത്തും പാപജീവിതത്തിൽ മുഴുകിയവരെ മാനസാന്തരത്തിലേക്കു നയിച്ചും രോഗത്താൽ വേദനിക്കുന്നവർക്കു പ്രത്യാശ പകർന്നും ദിശയറിയാത്ത പെണ്കുട്ടികൾക്കു മാർഗദീപം തെളിച്ചും മരണാസന്നരെ ശുശ്രൂഷിച്ചും കുടുംബങ്ങളിൽ ത്രേസ്യ വിശ്വാസത്തിന്റെ, പ്രത്യാശയുടെ, സ്നേഹത്തിന്റെ വിളക്ക് കൊളുത്തിവച്ചു.
‘കുടുംബങ്ങളുടെ കാവലാളാകുക’ എന്ന മറിയം ത്രേസ്യാ ശൈലി ബീജാവാപം ചെയ്തത് അമ്മയ്ക്കു ലഭിച്ച തിരുക്കുടുംബ ദർശനങ്ങളിലൂടെയാണ്. ക്രൂശിതന്റെ തണലിൽ ജീവിച്ച ത്രേസ്യയ്ക്കു കുടുംബശുശ്രൂഷയെന്ന നവീന ദർശനത്തിന് ഉണ്ണീശോയെ ഉദരത്തിൽ വഹിച്ചുകൊണ്ട് എലിസബത്തിനെ സന്ദർശിച്ച മറിയവും തിരുക്കുടുംബത്തിനു കാവലിരുന്ന വിശുദ്ധ യൗസേപ്പിതാവും പ്രചോദനമായിട്ടുണ്ടാകും.
കുടുംബങ്ങൾക്കു കാവലിരിക്കാൻവേണ്ടി, ത്രേസ്യ അതിജീവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ അവർണനീയങ്ങളാണ്. വീട്ടുകാരാൽ തിരസ്കരിക്കപ്പെടുന്നു, നാട്ടുകാരാൽ അപഹസിക്കപ്പെടുന്നു, സഭാധികാരികളാൽ നിയന്ത്രിക്കപ്പെടുന്നു; നിരോധിക്കപ്പെടുന്നു. ഇവയൊന്നുംതന്നെ ത്രേസ്യയെ കാവലിരിപ്പിന്റെ ദൗത്യത്തിൽനിന്നു പിന്തിരിപ്പിക്കാൻ പര്യാപ്തമായില്ല. സ്ത്രീകൾ ഭവനത്തിനു വെളിയിലിറങ്ങുന്നതു നിഷിദ്ധമായിരുന്ന ആ കാലത്ത് തന്റെ വൈവിധ്യങ്ങളായ ശുശ്രൂഷകളിലൂടെ ത്രേസ്യ സമൂഹത്തിൽനിന്നു കോരിയെടുത്തതു മഹത്വം നഷ്ടപ്പെട്ട മനുഷ്യരുടെയും നഷ്ടപ്പെട്ട കുടുംബങ്ങളുടെയും കണ്ണുനീരാണ്.
വിശുദ്ധകുടുംബങ്ങളെ കെട്ടിപ്പടുക്കാൻ ത്രേസ്യ നടത്തിയ പോരാട്ടമാണ് ഇന്നു തിരുസഭ ഏറ്റവും പ്രാധാന്യമേറിയ ശുശ്രൂഷയായി കാണുന്ന കുടുംബ പ്രേഷിതത്വം.
സിസ്റ്റർ ഡോ.ക്ലെയർ ചിറ്റിലപ്പിള്ളി സിഎച്ച്എഫ്