വത്തിക്കാൻ സിറ്റി: അസാധാരണ മിഷനറി മാസം നിങ്ങളെ ആവേശഭരിതരാക്കുകയും നല്ലത് ചെയ്യുന്നതിൽ സജീവമായിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യട്ടെയെന്ന് ഫ്രാൻസിസ് പാപ്പ. വിശ്വാസത്തിന്റെ ഉദ്യോഗസ്ഥരോ കൃപയുടെ സംരക്ഷകരോ അല്ല മിഷനറിമാർ. മറിച്ച് സ്വജീവിതത്തിലൂടെ വിശ്വാസം പ്രഘോഷിക്കുന്നവരാണ് മിഷനറിമാരെന്നും പാപ്പ പറഞ്ഞു. അസാധാരണ മിഷനറി മാസത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വത്തിക്കാനിലർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

മാമ്മോദീസയിലൂടെ സഭയിൽ അംഗമാകുന്ന ഓരോ വ്യക്തിയും തന്റെ ജീവിതത്തിലൂടെ മിഷണറിയാകാൻ വിളിക്കപ്പെട്ടവരാണ്. തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താനുമാണ് ഓരോരുത്തരുടെയും നിയോഗം. എന്നാൽ സഭയിലെ രക്തസാക്ഷികളാണ് വിശ്വാസത്തിന്റെ പ്രാഥമിക സാക്ഷികൾ. അവരുടെ വാക്കുകളിലൂടെയല്ല, മറിച്ച് ജീവിതത്തിലൂടെ വിശ്വാസം പ്രചരിപ്പിച്ചപ്പോൾ ഓരോ രക്തസാക്ഷിയും മിഷണറിയായി മാറി. അതുകൊണ്ടുതന്നെ സഹനങ്ങളിൽ കേവലം കാഴ്ചക്കാരോ ഭയചകിതരോ ആയി നാം മാറരുത്. മറിച്ച് എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്ന ഊർജ്ജസ്വലതയുള്ള സഭയായിരിക്കണം നാം ലക്ഷ്യം വെയ്‌ക്കേണ്ടതെന്നും പാപ്പ പറഞ്ഞു.

ഒഴിവാക്കലിലൂടെ ജീവിക്കുകയെന്നത് നമ്മുടെ ദൗത്യങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്. സമാധാനത്തോടെ വസിക്കാൻ സുരക്ഷിതമായ മരുപ്പച്ചകൾ തേടാത്ത സഭ, എന്നാൽ ഭൂമിയുടെയും ലോകത്തിന്റെയും എല്ലാമാകാൻ ആഗ്രഹിക്കുന്നവളാണ്. സഭയുടെയും യേശുവിന്റെയും ശക്തി അതുതന്നെയാണെന്ന തിരിച്ചറിവാണ് അതിന് കാരണം. സാമൂഹികമോ സ്ഥാപനപരമോ ആയ പ്രാധാന്യമല്ല, മറിച്ച് എളിയതും സ്വമേധയാ ഉള്ളതുമായ സ്‌നേഹവും സമാധാനവുമാണ് സഭയുടെ ശക്തിയെന്നും പാപ്പ കൂട്ടിച്ചേർത്തു.