ആലപ്പുഴ: റോഡ് നിർമാണം തടഞ്ഞതിന്‍റെ പേരിൽ തനിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെതിരേ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയും എഐസിസി അംഗവുമായ ഷാനിമോൾ ഉസ്മാൻ രംഗത്ത്. തനിക്കെതിരേ കള്ളക്കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഇരുട്ടിന്‍റെ മറവിൽ ചട്ടങ്ങളെല്ലാം ലംഘിച്ച് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റോഡ് നിർമാണമാണ് തടഞ്ഞത്. ചട്ടങ്ങൾ പാലിക്കാതെയുള്ള ഇത്തരം നടപടികൾക്കെതിരേ ഇനിയും പ്രതികരിക്കും. അതിന് തന്നെ അറസ്റ്റ് ചെയ്താൽ ജയിലിൽ കിടക്കാൻ തയാറാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.അരൂർ മണ്ഡലത്തിലെ എരമല്ലൂർ-എഴുപുന്ന റോഡ് നിർമാണം ഷാനിമോളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് തടസപ്പെടുത്തിയെന്ന് ആരോപിച്ച് പിഡബ്ല്യൂഡി തുറവൂർ എക്സിക്യൂട്ടീവ് എഞ്ചിനിയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ വോട്ടർമാരെ സ്വാധീനിക്കാനാണ് റോഡ് നിർമാണമെന്ന് ആരോപിച്ചായിരുന്നു നിർമാണ പ്രവർത്തനങ്ങൾ യുഡിഎഫ് സ്ഥാനാർഥിയും സംഘവും തടസപ്പെടുത്തിയത്.