ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തലസ്ഥാനനഗരിയിലെ വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. മൂന്ന് ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്.വ്യോമസേനാ താവളങ്ങളില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഗാന്ധിജയന്തി ദിനത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളിലാണ് സരക്ഷ കര്‍ശനമാക്കിയത്.പത്തോളം പേര്‍ അടങ്ങിയ ചാവേര്‍ സംഘം സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേന താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഈ സ്ഥലങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.