വത്തിക്കാൻ സിറ്റി: തിരുലിഖിതം വായിച്ചാൽ മാത്രം പോരാ, അതിന്റെ പൊരുൾ മനസിലാക്കണമെന്ന് ഫ്രാൻസിസ് പാപ്പ. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ, ഫിലിപ്പോസും എത്യോപ്യക്കാരനും തമ്മിലുള്ള സംഭാഷണം പരാമർശിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി: ‘തിരുലിഖിതത്തിന്റെ പുറന്തോടിനെ ഭേദിച്ച് അതിന്റെ സത്ത് കണ്ടെത്തണം, അക്ഷരങ്ങളെ ജീവസുറ്റതാക്കുന്ന ആത്മാവിനെ കണ്ടെത്തണം.’ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

സ്‌തെഫാനോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം ശുശ്രൂഷകനായ പിലിപ്പോസ് സമറിയായിൽ സുവിശേഷം പ്രഘോഷിക്കാൻ തുടങ്ങുന്നു. ദൈവത്തിനായി ഹൃദയം തുറന്നിട്ട ഒരു പരദേശിയുടെ പക്കലേക്ക് പോകാൻ പരിശുദ്ധാരൂപി പിലിപ്പോസിനെ പ്രേരിപ്പിക്കുന്നു. അപകടകരവും വിജനവുമായ ഒരു പാതയിലൂടെയായിരുന്നു യാത്ര. എത്യോപ്യയിലെ രാജ്ഞിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനെ, ഭണ്ഡാരവിചാരിപ്പുകാരനെ പിലിപ്പോസ് കണ്ടുമുട്ടി.

രഥത്തിലിരുന്ന് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ‘കർത്താവിന്റെ ദാസനെ’ കുറിച്ച് പരാമർശിക്കുന്ന ഭാഗം വായിക്കുകയായിരുന്നു അയാൾ. ആ രഥത്തിനടുത്തെത്തിയ പിലിപ്പോസ് ഷണ്ഡനോടു ചോദിച്ചു, ‘നീ വായിക്കുന്നത് ആരെക്കുറിച്ചാണെന്ന് അറിയാമോ?’ ആരും പറഞ്ഞുതന്നില്ലെങ്കിൽ എനിക്കെങ്ങനെ അത് അറിയാൻ സാധിക്കും? എന്നായിരുന്നു ഷണ്ഡന്റെ ഉത്തരം.

ദൈവവചനം മനസിലാക്കാൻ സഹായം ആവശ്യമാണെന്ന് ശക്തനായ ആ മനുഷ്യൻ തിരിച്ചറിഞ്ഞു. ആ മനുഷ്യൻ ധനമന്ത്രിയായിരുന്നു, പണത്തിന്റെ ശക്തിയുണ്ടായിരുന്നു, എന്നിരുന്നാലും വിശദീകരണമില്ലെങ്കിൽ ദൈവവചനം മനസിലാക്കാൻ ആവില്ലെന്ന് തിരിച്ചറിയത്തക്കവിധം എളിമയുള്ളവനുമായിരുന്നു. പിലിപ്പോസ് അത് വിശദീകരിച്ചുകൊടുത്തു: ‘തിന്മയെ തിന്മകൊണ്ട് പ്രതികരിക്കാത്ത ‘സഹനദാസൻ’ ആണത്.’ പരാജിതനും ഫലം പുറപ്പെവിക്കാത്തവനുമായി കണക്കാക്കപ്പെടുകയും അവസാനം വധിക്കപ്പെടുകയും ചെയ്തവൻ.

എന്നാൽ ജനങ്ങളെ അനീതിയിൽനിന്ന് മോചിപ്പിക്കുകയും ദൈവത്തിനായി ഫലം പുറപ്പെടുവിക്കുകയും ചെയ്ത ആ ക്രിസ്തുവിനെയാണ് പിലിപ്പോസും ആകമാനസഭയും പ്രഘോഷിക്കുന്നത്. തന്റെ പെസാഹായിലൂടെ അവിടന്ന് നമ്മെ വീണ്ടെടുത്തു. അവസാനം ആ എത്യോപ്യക്കാരൻ ക്രിസ്തുവിനെ തിരിച്ചറിയുകയും മാമ്മോദീസാ സ്വീകരിക്കുകയും കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്തു.

എത്യോപ്യക്കാരനെ ഉത്ഥിതനുമായി കൂടിക്കാഴ്ച നടത്താൻ ഇടയാക്കിയശേഷം പിലിപ്പോസ് അപ്രത്യക്ഷനായി. ആത്മാവ് പിലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോകുകയും മറ്റൊരു ദൗത്യത്തിനായി അയയ്ക്കുകയും ചെയ്യുന്നു. സുവിശേഷവത്ക്കരണപ്രക്രിയയിൽ നായകൻ പരിശുദ്ധാരൂപിയാണെന്നത് വിസ്മരിക്കരുത്. മറ്റുള്ളവരെ തങ്ങളിലേക്കല്ല, മറിച്ച്, ക്രിസ്തുവിലേക്ക് ആകർഷിക്കുന്ന സുവിശേഷപ്രഘോഷകാരാക്കി ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോരുത്തരെയും പരിശുദ്ധാരൂപി മാറ്റട്ടെയെന്നും പാപ്പ ആശംസിച്ചു.