കുറച്ചുകാലം മുൻപ് വാർത്തകളിൽ ഇടംപിടിച്ച പന്തളം സ്വദേശിനിയായ ക്രിസ്ത്യൻ വീട്ടമ്മയെ വായനക്കാർ മറന്നിട്ടുണ്ടാവില്ല. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അവർ. സ്കൂൾ ബസ് ഡ്രൈവർ ആയിരുന്ന നൗഷാദ് എന്ന ചെറുപ്പക്കാരനുമായുള്ള പരിചയം പിന്നീടു പ്രണയത്തിലേക്കു വഴിമാറി. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച അവൾ കാമുകനൊപ്പം പോയി. തിരൂരിനു സമീപകേന്ദ്രത്തിൽ മതം മാറി, ഷാഹിന എന്ന പേരു സ്വീകരിച്ചു.
നൗഷാദ് അധികം വൈകാതെ മയക്കുമരുന്നു കേസില്‍ ജയിലിലായി. ബംഗളുരു സ്ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിനും കൂട്ടാളികൾക്കും ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുത്ത കേസിൽ 2012ൽ ഷാഹിന അറസ്റ്റ് ചെയ്യപ്പെട്ടു. 31 വയസ് മാത്രമായിരുന്നു ഷാഹിനയ്ക്കപ്പോൾ പ്രായം. പ്രണയക്കെണിയിൽപ്പെട്ടു ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയുടെ ജീവിതം അങ്ങനെ നരകമായി മാറി.
ഷെറിന്റെ കഥ
ബിസിനസുകാരനായ പപ്പയുടെയും വീട്ടമ്മയായ മമ്മിയുടെയും ഏകമകള്‍ ആയിരുന്നു ഷെറിൻ (യഥാർഥ പേരല്ല). പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുമിടുക്കി. പതിനെട്ടാം ജന്മദിനത്തില് പപ്പ അവള്‍ക്ക് ഒരു സ്കൂട്ടര്‍ സമ്മാനിച്ചു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അവളെ കാണാതായി. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. നാലാംദിവസം 21 വയസുകാരനായ കാമുകനോടും അവന്റെ സുഹൃത്തുക്കള്‍ എന്ന് അവകാശപ്പെടുന്ന തീവ്രനിലപാടുള്ള ഒരു സംഘടനയിലെ പ്രവര്‍ത്തകരോടുമൊപ്പം അവള് പോലീസ് സ്റ്റേഷനില്‍ ഹാജരായി.
ആലപ്പുഴയിലെ കുപ്രസിദ്ധമായ ഒരു ലോഡ്ജിന്റെ കുടുസുമുറിയില്‍ ഉമ്മയോടും സഹോദരങ്ങളോടുമൊപ്പം താമസിക്കുന്ന കാമുകന്റെ ചുറ്റുപാടുകളെക്കുറിച്ചു പകർത്തിയ വീഡിയോ പോലീസുകാർതന്നെ ഷെറിനെ കാണിച്ചു. അമ്മയുടെ പ്രായമുള്ള വനിതാ മജിസ്ട്രേറ്റ് സ്നേഹബുദ്ധ്യാ ശരിക്ക് ആലോചിച്ചു തീരുമാനമെടുക്കണമെന്ന് ഉപദേശിച്ചു. പക്ഷേ, അവള് കാമുകനൊപ്പം പോകണം എന്ന നിലപാടില്‍ ഉറച്ചുനിന്നു. മകള്‍ക്കു പിറന്നാള്‍ സമ്മാനമായി നല്കിയ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അവള് മരിച്ചുപോയി എന്നു ഞങ്ങള്‍ കരുതിക്കോളാം എന്നു പറഞ്ഞു കരയുന്ന മാതാപിതാക്കളുടെ വേദന കണ്ടുനില്ക്കാനാവുന്നതായിരുന്നില്ല.
ഈയാംപാറ്റകൾ
പ്രണയത്തിന്റെ പേരില്‍ കുടുംബവും ബന്ധങ്ങളും വലിച്ചെറിഞ്ഞ്, പിറന്ന നാടും വിശ്വാസവും ഉപേക്ഷിച്ചു തീനാളത്തിലേക്ക് ഈയാംപാറ്റകള്‍ പോലെ ആകര്‍ഷിക്കപ്പെട്ടു തങ്ങളുടെയും തങ്ങളെ സ്നേഹിക്കുന്നവരുടെയും ജീവിതം നശിപ്പിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തില്‍ പെരുകുകയാണ്. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ, സെയില്‍സ് ഗേള്‍സ് മുതല്‍ കോളജ് അധ്യാപികമാര്‍ വരെ വിവിധ പ്രായത്തിലും തൊഴില്‍ മേഖലയിലും ജീവിത നിലവാരത്തിലും ഉള്ളവര്‍ പ്രണയക്കെണിയില്‍ കുടുങ്ങിപ്പോകുന്നുണ്ട്.
ഹിപ്നോട്ടിസം മുതല്‍ കൈവിഷവും അറബിമാന്ത്രികവും വരെ ഉപയോഗിച്ചു സ്ത്രീകളെ വശീകരിച്ചു വശത്താക്കുന്നുവെന്നും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി എതിര്‍ക്കാന്‍ സാധിക്കാതാക്കുന്നുവെന്നും തീവ്രവാദ ബന്ധമുള്ള ചില സംഘടനകള്‍ ആസൂത്രിതമായി പ്രണയത്തെ ഉപയോഗിച്ചു മതം മാറ്റം നടത്തുന്നുവെന്നുമൊക്കെ അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. എന്നാല്‍, മാറിയ കുടുംബ സാമൂഹിക ചുറ്റുപാടുകളും ചില മാധ്യമങ്ങളുടെ ദുഃസ്വാധീനവും സാങ്കേതികവിദ്യയുടെ ദുരുപയോഗവുമാണു പ്രധാനമായും പ്രണയത്തിന്റെ പേരില്‍ കുരുക്കിലകപ്പെടുന്നവരെ ആ അവസ്ഥയിലെത്തിച്ചതെന്നു കാണാന്‍ സാധിക്കും.
ഒറ്റപ്പെടൽ
വീട്ടമ്മമാര്‍ പ്രണയത്തിന്റെ പേരില്‍ അവിഹിതബന്ധങ്ങളില്‍ കുരുങ്ങുന്നതിനു പിന്നിൽ ഏകാന്തതയും ഒറ്റപ്പെടലുമാണ് പ്രധാന കാരണം. ഭര്‍ത്താവിന്റെ പരിഗണന ലഭിക്കാത്ത ഭാര്യമാരുടെ വേദനപങ്കിടാന് അനുഭാവപൂര്‍വം എത്തിയാണു വേട്ടക്കാര്‍ കുരുക്കു മുറുക്കുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്നതും തങ്ങള്‍ക്കു ലഭിക്കാത്തതുമായ കരുതലും സ്നേഹവും മറ്റൊരാളില്‍നിന്നു ലഭിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നതോടെ മറ്റെല്ലാം വിസ്മരിച്ചു അയാളിലേക്ക് ആകര്‍ഷിക്കപ്പെടുകയും എല്ലാം ഇട്ടെറിഞ്ഞ് അയാളുടെ പിന്നാലെ പോവുകയും ചെയ്യുന്നു. എല്ലാ ദിവസവും മാതാപിതാക്കളും മക്കളും കുറച്ചുസമയമെങ്കിലും ഒന്നിച്ചിരിക്കാനും മനസുതുറന്നു സംസാരിക്കാനും തയാറായാല്‍ പല പ്രശ്നങ്ങളും ഇല്ലാതാകും.
സീരിയലുകളും സിനിമകളും
അധാർമിക ബന്ധങ്ങളെ വിശുദ്ധ പ്രണയമായും അഗമ്യഗമനങ്ങളെ സര്‍വസാധാരണമായും ചിത്രീകരിക്കുന്ന ചില സീരിയലുകളും സിനിമകളും സമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. അധ്യാപികയെ പ്രേമിക്കുന്ന വിദ്യാര്‍ഥിയുടെയും മരിച്ചുപോയ കാമുകനുവേണ്ടി കാത്തിരിക്കുന്ന അന്യമതസ്ഥയായ കാമുകിയുടെയും കഥ പറഞ്ഞ സിനിമകള്‍ നമ്മുടെ നാട്ടില്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. പ്രേക്ഷകന് പണം കൊടുത്തു തിയറ്ററില്‍ പോയി കാണുന്ന സിനിമകള്‍ വിലയിരുത്താനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും സെന്‍സര്‍ ബോര്‍ഡ് നിലവില്‍ ഉണ്ടെങ്കിലും വീടുകളിലെ സ്വീകരണ മുറിയിലേക്കു കടന്നുവരുന്ന ചാനലുകളെയും അവ സംപ്രേഷണം ചെയ്യുന്ന സീരിയലുകളടക്കമുള്ള പരിപാടികളെയും വിലയിരുത്താനോ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ സംവിധാനമില്ല എന്നതു വലിയ പോരായ്മയാണ്.
ജനപ്രിയ ടെലിവിഷന്‍ സീരിയലുകളില്‍ മിക്കവയും അവിഹിതബന്ധങ്ങളുടെ കഥ പറയുന്നവയാണ്. ചില റിയാലിറ്റി ഷോകള്‍ പോലും ലൈംഗികതയെയും ശരീരത്തെയും കച്ചവടമാക്കുകയും ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. ടിവി സീരിയല്‍ കണ്ടു വീടു വിട്ടിറങ്ങിയ വിദ്യാര്‍ഥിനികളും ആത്മഹത്യ അനുകരിച്ചു മരിച്ചുപോയ കുട്ടിയും വാര്‍ത്തയായത് ഈ കൊച്ചു കേരളത്തില്‍തന്നെയാണ്. കുട്ടിയെ പഠിക്കാന്‍ മുറിയിലാക്കി കതകടച്ചു മാതാപിതാക്കള്‍ ടെലിവിഷനു മുന്നില്‍ ചടഞ്ഞു കൂടുമ്പോള്‍ കുട്ടി മൊബൈല്‍ ഫോണില്‍ ചാറ്റിംഗും വീഡിയോ കാണലുമായി മറ്റൊരു ലോകത്ത് ആയിരിക്കും. കഷ്ടപ്പെട്ടു വളര്‍ത്തുന്ന കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍ വിനോദം എന്ന പേരില്‍ ആരൊക്കെയോ ചേര്‍ന്നു വിളമ്പിത്തരുന്ന വിഷം അകറ്റിനിര്‍ത്തിയേ തീരൂ.
വില്ലൻ മൊബൈല്‍
ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതിനപ്പുറം ഇന്റര്‍നെറ്റും വിവിധ ആപ്പുകളുമൊക്കെയായി മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ആയിക്കഴിഞ്ഞു. ശ്രദ്ധാപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ കെണിയിൽ വീഴ്ത്താൻ മൊബൈൽ ഫോണുകൾക്കു കഴിയും. വീട്ടമ്മമാര്‍ അടക്കം പലരെയും വഴിതെറ്റിച്ചതു മൊബൈല്‍ ഫോണില്‍ എത്തിയ ഒരു മിസ്ഡ് കോളോ റോംഗ് നമ്പര്‍ കോളോ ആണ്. ‘ഇരകള്‍ കൊത്താന്‍ വേണ്ടി’ വെറുതേ ഓരോ നമ്പറുകളിലേക്കു ഡയല് ചെയ്യുകയും സ്ത്രീ ശബ്ദമാണെങ്കില്‍ പിന്നീടു തുടര്‍ച്ചയായി ആ നമ്പറില്‍ വിളിച്ചു പരിചയപ്പെട്ട് ഇരയെ ‘കുരുക്കുകയും’ ചെയ്യുന്ന സാമൂഹ്യവിരുദ്ധര്‍ നിരവധിയുണ്ട്. നിര്‍ദോഷമായ പരിചയപ്പെടലില്‍ ആരംഭിച്ച് അരുതാത്ത ബന്ധങ്ങളിലാണ് ഇത് അവസാനിക്കുക.
അടുത്തിടെ പോലീസ് പിടിയിലായ ഒരു കൗമാരക്കാരന് നൂറിലധികം സ്ത്രീകളെയാണ് ഇങ്ങനെ പരിചയപ്പെട്ടു കുരുക്കിലാക്കിയതും ഭീഷണിപ്പെടുത്തി പണം തട്ടിയതും. അപരിചിതരുടെ കോളുകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും അത്തരം കോളുകള്‍ക്കു മറുപടിയായി സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നുമുള്ള പ്രാഥമിക സുരക്ഷാപാഠം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കണം.
നന്പർ കെണി
മൊബൈല്‍ ‘ഫ്ലെക്സി’ രീതിയില്‍ റീ ചാര്‍ജ് ചെയ്യാനായി കടകളില്‍ നമ്പര്‍ എഴുതി നല്കുന്നതു പലവിധത്തില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. പല അവിശുദ്ധ പ്രണയബന്ധങ്ങളും റീചാര്‍ജ് ചെയ്യാന്‍ നമ്പര്‍ എഴുതിക്കൊടുത്തിടത്താണ് ആരംഭിച്ചിട്ടുള്ളത്. പെണ്‍കുട്ടികളുടെ നമ്പര്‍ സംഘടിപ്പിച്ചു കൈമാറുന്ന സംഘത്തെ കുറച്ചുകാലം മുന്‍പ് മധ്യകേരളത്തില്‍ പോലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു കോളജിലെ ഒട്ടേറെ കുട്ടികളുടെ നമ്പറിലേക്കു സ്ഥിരമായി ശല്യമായി കോളുകള്‍ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കോളജിനടുത്തുള്ള റീചാര്‍ജിംഗ് കേന്ദ്രങ്ങളില്‍നിന്നു പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്കു നല്കുന്ന സംഘത്തെ പിടികൂടിയത്. നമ്പര്‍ കൈമാറാതെ റീ ചാര്‍ജിംഗ് സാധ്യമാക്കുന്ന കൂപ്പണുകള്‍, ഓണ്‍ലൈന്‍ റീ ചാര്‍ജ് സംവിധാനം എന്നിവ ഉപയോഗിച്ചുകൊണ്ടു നമ്മുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നു കയറുന്നവരെ തടയാന്‍ ശ്രദ്ധിക്കണം.
ചാറ്റിംഗിലൂടെ ചീറ്റിംഗ്
പ്രണയക്കെണി ഒരുക്കാന്‍ വാട്ട്സ് ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകളും ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നാടിന്റെ പേരിലും പൂർവ വിദ്യാർഥി കൂട്ടായ്മകളുടെ പേരിലും റെസിഡന്റ് അസോസിയേഷനുകളുടെ പേരിലും രക്തദാന കൂട്ടായ്മകളുടെ പേരിലും പരീക്ഷാ പരിശീലനം, ഇംഗ്ലീഷ് പരിശീലനം, പിഎസ്സി കോച്ചിംഗ് എന്നിങ്ങനെയുള്ള പേരുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉണ്ടാക്കി ആളുകളെ ചേർക്കുകയാണ് ആദ്യപടി.
അംഗങ്ങളാകുന്നവരെ പരിചയക്കാരെക്കൂടി ചേർക്കാൻ നിർബന്ധിക്കും. പിന്നീട് ഗ്രൂപ്പുകളില്‍നിന്നു സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍ തിരഞ്ഞുപിടിച്ച്, അതിലേക്കു നിര്‍ദോഷമായ തമാശകളും പേഴ്സണല്‍ മെസേജുകളും അയച്ചു തുടങ്ങും. അതിനോട് അനുകൂലമായി പ്രതികരിച്ചാല്‍ കൂടുതല്‍ പരിചയപ്പെടലുകളും സ്ഥിരം ചാറ്റിംഗുമായി ബന്ധം വളരും. പിന്നെ നേരില്‍ കാണാന്‍ തീരുമാനിക്കുക, കാറിലോ ബൈക്കിലോ യാത്ര ചെയ്യുക എന്നിങ്ങനെ ബന്ധം മറ്റൊരു തലത്തിലേക്കു കടക്കും. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രണയക്കെണി ഒരുക്കുന്നവർ ധാരാളം ഉണ്ട്.
സെന്റിമെന്റ്സ്
സുന്ദരനായ ഏതെങ്കിലും മോഡലിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചു വ്യാജപ്പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി സ്ത്രീകളെയും പെണ്‍കുട്ടികളെയും സുഹൃത്തുക്കളാക്കും. പിന്നെ പ്രൈവറ്റ് മെസേജുകള്‍ അയച്ച് ‘ചൂണ്ടയില്‍ കൊത്തിയ’വരുമായി തുടര്‍ച്ചയായ ചാറ്റിംഗിലൂടെ ബന്ധം ഉറപ്പിക്കുന്നു. വളരെ അടുത്ത ബന്ധം ആയിക്കഴിയുമ്പോള്‍ മാത്രമാണ് പ്രൊഫൈലിലുള്ള ചിത്രങ്ങള്‍ തന്റേതല്ലെന്നു ഫേസ്ബുക്ക് കാമുകന് വെളിപ്പെടുത്തുക. താന്‍ അത്ര സുന്ദരന്‍ അല്ലാത്തതുകൊണ്ട് അപകര്‍ഷതാബോധം ആണെന്നും അതുകൊണ്ടാണ് സ്വന്തം ഫോട്ടോ പ്രൊഫൈലില്‍ ഉപയോഗിക്കാതിരുന്നതെന്നും ഇഷ്ടമില്ലെങ്കില്‍ ബന്ധം അവസാനിപ്പിക്കാം എന്നുമൊക്കെ തട്ടിവിടും.
പ്രണയത്തിന്റെ മായാവലയത്തില്‍പ്പെട്ടു സ്വപ്നലോകത്ത് ആയിരിക്കുന്ന പെൺകുട്ടിക്ക് അവനോടു സഹതാപമാകും. സെന്റിമെന്റ്സ് ഏൽക്കുന്നതോടെ പ്രണയം കൂടുതല്‍ ആര്ദ്രമാകും. ബന്ധം ശക്തമാകുന്നതോടെ വീഡിയോ ചാറ്റിംഗില്‍ നഗ്നതകാട്ടാന്‍ ആവശ്യപ്പെടുകയും അതു റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്യും. പിന്നീട് അതുപയോഗിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.
അടുത്തിടെ തമിഴ്നാട്ടില്‍ ഒരു സംഘം ആസൂത്രിതമായി ആയിരക്കണക്കിനു സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ചതിയില്‍ വീഴ്ത്തിയത്. നാണക്കേടോര്‍ത്തു പരാതിക്കാര്‍ മുന്നോട്ടു വരാത്തതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ പരാതി നല്കാന് ഹെല്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു അന്വേഷണ സംഘം.
മതസൗഹാർദം തകർക്കുന്നു
ക്രിമിനലുകളും തീവ്രവാദികളും തങ്ങളുടെ സ്വാർഥതാല്പര്യങ്ങൾക്കായി പെൺകുട്ടികളെ പ്രണയക്കെണിയില്‍ അകപ്പെടുത്തുന്ന സംഭവങ്ങള്‍ പെരുകുമ്പോള്‍ സാമുദായികവും സാമൂഹികവുമായ സംഘര്‍ഷാന്തരീക്ഷവും ഉടലെടുക്കുന്നുണ്ട്. ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ സദാചാര ഗുണ്ടകള്‍ കൂട്ടംകൂടി മര്‍ദിക്കുന്ന സംഭവങ്ങള്‍ പലേടത്തും ഉണ്ടായിട്ടുണ്ട്. ചില സംഘടനകള്‍ ആസൂത്രിതമായി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ അകപ്പെടുത്തുന്നതായി ആരോപണമുണ്ട്. മതം മാറ്റാനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും പെണ്‍കുട്ടിയുടെ സ്വത്ത് കൈക്കലാക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ആരോപണമുണ്ട്. നമ്മുടെ നാട്ടിലെ സാമുദായിക സൗഹാര്‍ദ അന്തരീക്ഷം ഒരുപറ്റം ക്രിമിനലുകള്‍ കാരണം തകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം.
വീട്ടുകാര്‍ അറിയാതെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ രജിസ്റ്റര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ മുപ്പതുദിവസം മുന്‍പ് നോട്ടീസ് പതിക്കാറുണ്ട്. ആ സമയത്ത് പരാതി ഉള്ളവര്‍ക്ക് ഓഫീസില്‍ അറിയിക്കാം. തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഏതു രജിസ്റ്റര്‍ ഓഫീസിലും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്കുന്ന ഇപ്പോളത്തെ രീതിയില്‍ മാറ്റം വരുത്തി സ്ത്രീയുടെയോ പുരുഷന്റെയോ വീട് അധികാരപരിധിയില്‍ വരുന്ന രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥ ഉണ്ടാകണം. സര്‍ക്കാരും മതസാമുദായിക നേതൃത്വവും സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ചു പരിശ്രമിച്ചെങ്കില്‍ മാത്രമേ പരിശുദ്ധമായ പ്രണയത്തെ തട്ടിപ്പിനും വഞ്ചനയ്ക്കും ഉപയോഗിക്കുന്നവര്‍ക്കു കടിഞ്ഞാണിടാന്‍ കഴിയൂ.
ജിൻസ് നല്ലേപ്പറമ്പന്‍