2തിമോ 3:1-7
മത്താ 8:1-4

‘ഈശോ കൈ നീട്ടി അവനെ സ്പർശിച്ചു കൊണ്ട് അരുളി ചെയ്തു…’ ഇന്നത്തെ ലേഖനവും സുവിശേഷവും മനുഷ്യത്വത്തോടുകൂടെ മറ്റുള്ളവരോട് പെരുമാറണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രൈസ്തവരുടെ ദൈവത്തിന്റെ പ്രത്യേകത എന്താണ്? ആ ദൈവം മനുഷ്യത്വമുള്ള ദൈവമാണ് എന്നതാകുന്നു. കുഷ്ഠരോഗിയെ തൊടാൻ അവന് മടിയുണ്ടായിരുന്നില്ല. പാപി എന്ന സമൂഹം മുദ്ര കുത്തുന്നവരോടൊപ്പം വിരുന്നിനിരിക്കാൻ അവൻ മടി കാണിച്ചില്ല. സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുവാനും കരയുന്നവരോടൊപ്പം കരയുവാനും അവനു കഴിഞ്ഞു. ഓരോ മനുഷ്യരും അവന് വിലപ്പെട്ടവരും അമൂല്യരും ആയിരുന്നു. പ്രിയമുള്ളവരെ ഇങ്ങനെ ഒരു ദൈവത്തിന്റെ അനുയായികളായ നമ്മുക്ക് – ക്രൈസ്തവർക്ക്- എത്രമാത്രം മനുഷ്യത്വത്തോട് മറ്റുള്ളവരോട് ഇടപെടാൻ സാധിക്കുന്നുണ്ട്? പലപ്പോഴും നാം അപരനെക്കുറിച്ച് ചിന്തയില്ലാത്ത സ്വാർത്ഥ സ്നേഹികളും ധനമോഹികളും ഗർവ്വിഷ്ടരുമല്ലേ? ഇവയൊന്നും ഒരു മിശിഹാനുയായിയ്ക്ക് ചേരുന്നതല്ല. നമ്മൾ ആരെ ആരാധിക്കുന്നുവോ ആരെ നാം പിതാവ് എന്ന് വിളിക്കുന്നുവോ ആ ദൈവത്തിന്റെ സ്വഭാവം ആയിരിക്കണം എന്റെതും. എന്റെ ദൈവം മനുഷ്യത്വമുള്ളവനാണ് അതിനാൽ ഞാനും മനുഷ്യത്വമുള്ളവനായിരിക്കും എന്നു് നമുക്ക് തീരുമാനിക്കാം. അങ്ങനെ എന്റെ സത്പ്രവൃത്തികൾ വഴി എന്റെ ദൈവത്തെ എല്ലാവരും അറിയട്ടെ. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ…
Sr Grace Illampallil SABS

സുവിശേഷം

യേശു മലയില്‍നിന്ന്‌ ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
അപ്പോള്‍ ഒരു കുഷ്‌ഠരോഗി അടുത്തുവന്ന്‌ താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.
യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്‌, അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്‌, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധി വന്നു.
യേശു അവനോടു പറഞ്ഞു: നീ ഇത്‌ ആരോടും പറയരുത്‌. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്‌ച ജനത്തിന്‍െറ സാക്‌ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.
മത്തായി 8 : 1-4

ലേഖനം

ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും.
അപ്പോള്‍ സ്വാര്‍ത്ഥസ്‌നേഹികളും നധമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്‌ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും.
അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും
വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും.
അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട്‌ അതിന്റെ ചൈതന്യത്തെനിഷേധിക്കും. അവരില്‍നിന്ന്‌ അകന്നു നില്‌ക്കുക.
അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്‌തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്‌ത്രീകളെ വശപ്പെടുത്തുന്നു.
ഈ സ്‌ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്‌. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.
2 തിമോത്തേയോസ്‌ 3 : 1-7