തിരുക്കര്‍മ്മവുമായി സമന്വയിക്കുന്ന ഒരു സംഗീതത്തിന്‍റെ ശില്പികളായിത്തീരുന്നതിന് സദാ നവീകരിക്കപ്പെടുകയും കര്‍മ്മോദ്യുക്തരായിരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഫ്രാന്‍സീസ് പാപ്പാ

തിരുക്കര്‍മ്മസംഗീതം പരിശുദ്ധമായിരിക്കണമെന്ന് മാര്‍പ്പാപ്പാ ആവര്‍ത്തിച്ചുദ്ബോധിപ്പിക്കുന്നു.

തിരുക്കര്‍മ്മഗീതികള്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറ്റലിയില്‍ സ്ഥാപിതമായ സംഘടനയായ, വിശുദ്ധ സിസിലിയുടെ നാമത്തിലുള്ള “ല അസൊച്ച്യാസിയോനെ ഇത്തലിയാന സാന്ത ചെചീലിയ”യുടെ (“L’ASSOCIAZIONE ITALIANA SANTA CECILIA”) ഭരണസമിതിയും അതിലെ പാട്ടുകാരും ഗായകസംഘങ്ങളുടെ നിയന്താക്കളും സംഗീതോപകരണ വാദകരുമുള്‍പ്പടെ, മൂവായിരത്തോളം പേരെ ശനിയാഴ്ച (28/09/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തിരുക്കര്‍മ്മവുമായി സമന്വയിക്കുന്ന ഒരു സംഗീതത്തിന്‍റെ ശില്പികളായിത്തീരുന്നതിന് സദാ നവീകരിക്കപ്പെടുകയും കര്‍മ്മോദ്യുക്തരായിരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെ ഉദ്ബോധനം ഫ്രാന്‍സീസ് പാപ്പാ അനുസ്മരിച്ചു.

ആരാധാനകര്‍മ്മങ്ങള്‍ പവിത്രങ്ങളാകയാല്‍ എന്തെങ്കിലും സംഗീതമല്ല, കലയുടെ മഹാത്മ്യമുള്‍ക്കൊള്ളുന്നതും വിശുദ്ധവുമായ സംഗീതംതന്നെയാണ് വേണ്ടതെന്ന് പാപ്പാ വ്യക്തമാക്കി.

കാരണം, ഏറ്റം ശ്രേഷ്ഠമായതാണ് നാം ദൈവത്തിന് നല്കേണ്ടതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഈ സംഗീതത്തിന് ഒരു സാര്‍വ്വത്രികഭാവം ഉണ്ടായിരിക്കണമെന്നും അങ്ങനെ അത് എല്ലാവര്‍ക്കും മനസ്സിലാക്കാനും ഉപയോഗിക്കാനും സാധിക്കുമെന്നും മറ്റു പല അവസരങ്ങളിലും ഉപയോഗിക്കാനുള്ള സംഗീതത്തില്‍ നിന്ന് വേറിട്ടു നില്ക്കുന്നതായിരിക്കണം തിരുക്കര്‍മ്മസംഗീതമെന്നും പാപ്പാ വിശദീകരിച്ചു.

മനോഹരവും ഉത്തമവുമായ ഒരു സംഗീതം ഭൗതികാനുഭവസീമകള്‍ക്കതീതമായ ഒരവസ്ഥയോടുക്കുന്നതിന് അതിവിശിഷ്ടമായ ഒരു ഉപാധിയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.