സുല്‍‍ത്താന്‍ ബത്തേരി മൈസൂര്‍ ദേശീയപാത പൂര്‍ണമായി അടച്ചിടുമെന്ന ആശങ്കയെ തുടര്‍ന്ന് വയനാട്ടില്‍ നടക്കുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. ഉപവാസ സമരം തുടരുന്ന യുവജന സംഘടനാ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ന് സമരപ്പന്തലില്‍‍ കൂട്ട ഉപവാസം നടക്കും.സുല്‍ത്താന്‍ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നൂറുകണക്കിന് കൂട്ടായ്മകളാണ് ഇതിനകം സമരപ്പന്തലില്‍ എത്തിയത്. അര ലക്ഷത്തിലധികം ആളുകള്‍ ഐക്യദാര്‍ഢ്യവുമായെത്തി.സ്വകാര്യ ബസുകളിലും ലോറികളിലും ആയി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആണ് നഗരത്തില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയിലേക്കെത്തിയത്.
ഗാന്ധി ജയന്തി ദിനമായ ഇന്ന് സമര നേതാക്കളോട് ഐക്യദാര്‍ഢ്യമറിയിച്ച്‌ നൂറുകണക്കിനാളുകള്‍ കൂട്ട ഉപവാസമനുഷ്ടിക്കും. വെള്ളിയാഴ്ച കാലത്ത് രാഹുല്‍ ഗാന്ധി എം.പിയും സമരപ്പന്തലിലെത്തും. കൂടുതല്‍ നേതാക്കളെത്തുന്നതോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നും സമര സമതി കരുതുന്നു.