കൊച്ചി: കാസർഗോഡ് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ബി. സുധീന്ദ്ര കുമാറിന്റെ ഉത്തരവ്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി.ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞു രൂക്ഷമായി വിമർശിച്ച സിംഗിൾബെഞ്ച് സിപിഎം പദ്ധതി തയാറാക്കി ഇരട്ടക്കൊല നടത്തിയതാണെന്ന ഹർജിക്കാരുടെ ആരോപണം ശരിയാകാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഒന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പീതാംബരന്റെ വിശദീകരണം വിശുദ്ധസത്യമായി അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തിയതിനാൽ ഫലപ്രദവും ശരിയായതുമായ അന്വേഷണം നടന്നില്ലെന്നും കോടതി പറഞ്ഞു.ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ നീതിപൂർണമായ വിചാരണ നടക്കില്ലെന്നു ബോധ്യമായെന്നും സംസ്ഥാന പോലീസ് രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നു നീതിയുക്തവും പക്ഷരഹിതവുമായി കേസന്വേഷിച്ചതായി കാണുന്നില്ലെന്നും കോടതി വിലയിരുത്തി. ഈ കേസിൽ നടത്തിയ അന്വേഷണം തട്ടിപ്പാണെന്നു കേസിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കണം. കേസന്വേഷണം നടത്താൻ തിരുവനന്തപുരം യൂണിറ്റിന് പോലീസ് പിന്തുണ നൽകാനും വിധിയിൽ പറയുന്നു.
പെരിയ ഇരട്ടക്കൊലപാതകക്കേസ്സ് : സി.ബി.ഐ യെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
