പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നിയമ വകുപ്പിന്റെ ഉപദേശം തേടി. അഴിമതിക്കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സ് നിയമോപദേശം തേടിയത്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം നേരത്തെ വിജിലന്‍സ് തേടിയിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നിയമ വകുപ്പിനെ സമീപിച്ചത്.
അടുത്ത ദിവസം തന്നെ നിയമോപദേശം ലഭിക്കും. ഇത് അനുകൂലമായാല്‍ ഉടന്‍ തന്നെ പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 ജൂലൈയിലെ അഴിമതി നിരോധന നിയമ ഭേദഗതി 17 എ പ്രകാരം പൊതുസേവകനെതിരെ അന്വേഷണമോ അറസ്റ്റടക്കമുള്ള നടപടികളോ നടക്കും മുമ്ബ് സര്‍ക്കാര്‍ അനുമതി വേണമെന്നാണ് ചട്ടം.ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതിചേര്‍ക്കാനുള്ള വ്യക്തമായ തെളിവ്‌ വിജിലന്‍സിന്‌ ലഭിച്ചിട്ടുണ്ട്‌. ഇക്കാര്യം വിജിലന്‍സ്‌ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌.