വാഷിംഗ്ടൺ ഡി.സി: പാലിയേറ്റീവ് കെയറിന് ധനസഹായം ലഭ്യമാക്കുന്ന ബില്ലിനെ പിന്തുണച്ച് യു.എസ് കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസും (യു.എസ്.സി.സി.ബി) കത്തോലിക്കാ മെഡിക്കൽ അസോസിയേഷനും (സി.എം.എ) . പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, വിദ്യാഭ്യാസം, ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ധനസഹായം ലഭ്യമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ദയാവധം ഒഴിവാക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിയമ നിർമാണ നീക്കമാണിത്.
2019 ജൂലൈയിൽ സെനറ്റർ ടാമ്മി ബാള്ഡ്‌വിൻ കോൺഗ്രസിൽ അവതരിപ്പിച്ച ‘എസ് 2080 ദ പാലിയേറ്റീവ് കെയർ ആൻഡ് ഹോസ്പീസ് എഡ്യുക്കേഷൻ ആൻഡ് ട്രയിനിംഗ് ആക്ട്’ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ സി.എം.എയും ബിഷപ്‌സ് കോൺഫറൻസും നടത്തിയ ഇടപെടൽ കൂടുതൽ ശ്രദ്ധേയമാകുന്നു.
പാലിയേറ്റീവ് കെയറിൽ വൈദഗ്ധ്യമുള്ള കൂടുതൽ ആരോഗ്യ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനുള്ള ഫെഡറൽ ഗ്രാന്റും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ പരിപാലിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ഗവേഷണത്തിന് ധനസഹായം ലഭ്യമാകുമെന്ന് കത്തോലിക്കാ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോൺ ഷിർഗർ പറഞ്ഞു.
രോഗികളെ അവരുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരിചരിക്കുക, അവരുടെ രോഗാവസ്ഥയിൽ ദയയോടും കരുണയോടും സഹാനുഭൂതിയോടും കൂടെ അത് നിർവഹിക്കുക എന്നതാണ് ഡോക്ടർമാരെന്ന നിലയിൽ തങ്ങളുടെ പങ്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദയാവധം അനുവദിക്കുന്ന ഏതൊരു നിയമത്തെയും അന്യായമായാണ് സഭ കണക്കാക്കുന്നതെന്ന് ബിഷപ്‌സ് കോൺഫറൻസ് ഓർമിപ്പിച്ചു. ഒരു ജീവൻ അതിന്റെ സ്വഭാവിക അന്ത്യഘട്ടത്തിലെത്തുകയോ വൈദ്യശാസ്ത്രം പ്രയോജനകരമല്ലാതാകുകയോ ചെയ്യുമ്പോൾ മരിക്കാൻ രോഗികളും ഡോക്ടർമാരും സാധ്യമായതെല്ലാം ചെയ്യുകയല്ല വേണ്ടത്. മറിച്ച്, സാന്ത്വന പരിചരണത്തിന്റെ ലക്ഷ്യംതന്നെ വേദനയിൽനിന്നും കഷ്ടപ്പാടിൽനിന്നും ആശ്വാസം നൽകുകയെന്നാണ്. ഇക്കാര്യത്തിൽ വലിയ സഹായമായി പുതിയ ബിൽ മാറുമെന്നും ബിഷപ്‌സ് കോൺഫറസ് പ്രത്യാശ പ്രകടിപ്പിച്ചു.