മെക്‌സിക്കോ: ഗർഭാവസ്ഥയുടെ 12 ആഴ്ചകൾവരെ അബോർഷൻ നടത്താമെന്ന നിയമം പാസാക്കി മെക്‌സിക്കോയിലെ ഒക്‌സാകൻ ഭരണകൂടം. ഇതോടെ അബോർഷന് പിന്തുണ നൽകുന്ന മെക്‌സിക്കൻ സംസ്ഥാനങ്ങളിൽ രണ്ടാമത്തേതാകും ഒക്‌സാക. 10നെതിരെ 24വോട്ടുകൾക്കാണ് നിയമസഭയിൽ ബിൽ പാസായത്. നിയമം പാസാക്കിയതിന് തൊട്ടുപിന്നാലെ അബോർഷൻ ആക്ടിവിസ്റ്റുകൾ മെക്‌സിക്കോയിലെ കത്തീഡ്രൽആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് ദൈവാലയത്തിന് സംരക്ഷണം നൽകികൊണ്ട് വിശ്വാസികൾ അണിനിരന്നുവെങ്കിലും ഈ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പ്രോ ലൈഫ് സമൂഹം.

ഗർഭച്ഛിദ്രത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന സ്ത്രീകൾക്ക് പൊതുമാപ്പ് അനുവദിക്കുന്ന ബിൽ ലെഫ്റ്റിസ്റ്റ് നാഷണൽ റീജനറേഷൻ മൂവ്‌മെന്റ് പ്രസിഡന്റ് ലോപ്പസ് ഒബ്രഡോർ ഫെഡറൽ കോൺഗ്രസിന് അയച്ചതിന് തൊട്ടുപിന്നാലെയാണ് അബോർഷനം നിയമവിധേയമാക്കിയ ബിൽ സഭ പാസാക്കിയത്. ഗർഭച്ഛിദ്രത്തെക്കുറിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കുന്നതും ഓക്‌സാക്ക ഭരണകൂടം ഒഴിവാക്കിയതായും സൂചനയുണ്ട്. കൂടാതെ ജീവന്റെയും കുടുംബങ്ങളുടെയും സംരക്ഷണത്തിനായും ജീവൻ അനുകൂല നയങ്ങളെ പിന്തുണച്ചും കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധപ്രകടനങ്ങൾ നടന്നിരുന്നു. ഇവയ്ക്ക് തിരിച്ചടിയായാണ് ഇപ്പോൾ ജീവൻവിരുദ്ധ നിയമം ഭരണകൂടം പാസാക്കിയിരിക്കുന്നത്.