കോന്നി: കോന്നിയില്‍ തന്റെ നോമിനിയായ റോബിന്‍ പീറ്ററെ വെട്ടിയതില്‍ പ്രതിഷേധിച്ച്‌ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാതെ മാറി നിന്ന അടൂര്‍ പ്രകാശ് ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി. മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചതോടെയാണ് രാവിലത്തെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അടൂര്‍ പ്രകാശാ പങ്കെടുത്തത്.
കോന്നിയില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ അടൂര്‍ പ്രകാശ് എംപിയും റോബിന്‍ പീറ്ററും പരസ്യമായി രംഗത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ യുഡിഎഫ് കണ്‍വെന്‍ഷന് ഒടുവില്‍ പിണങ്ങി മാറിയിരുന്ന അടൂര്‍ പ്രകാശ് എംപിയെത്തി. സ്വന്തം നോമിനിയായ റോബിന്‍ പീറ്ററിനെ തഴഞ്ഞ് പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരില്‍ കടുത്ത അതൃപ്തിയോടെ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിക്കാനൊരുങ്ങിയ അടൂര്‍ പ്രകാശിനെ മുല്ലപ്പള്ളിയും ചെന്നിത്തലയും നേരിട്ടെത്തി അനുനയിപ്പിച്ച്‌ കണ്‍വെന്‍ഷനിലെത്തിക്കുകയായിരുന്നു. മണ്ഡലത്തിലെ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കിണഞ്ഞ് ശ്രമിച്ചു സംസ്ഥാന നേതൃത്വം.പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് കണ്‍വെന്‍ഷന്‍ വേദിയില്‍ അടൂര്‍ പ്രകാശിന് നല്‍കിയത്. തോളിലേറ്റി മുദ്രാവാക്യം വിളിച്ച്‌ പ്രവര്‍ത്തകര്‍ അടൂര്‍ പ്രകാശിനെ വേദിയിലേക്ക് കൊണ്ടുവന്നു. വേദിയില്‍ വച്ച്‌ പി മോഹന്‍രാജ് അടൂര്‍പ്രകാശിന് മുത്തം നല്‍കി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി പ്രഖ്യാപിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍ പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് പദവി നല്‍കിയിരുന്നു. പ്രതിഷേധം തണുപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാല്‍ ഇതുകൊണ്ടൊന്നും അടൂര്‍ പ്രകാശ് വഴങ്ങിയില്ല. കണ്‍വെന്‍ഷന് വരില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് ഇപ്പോഴും. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്ന് അടൂര്‍ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെട്ടു.