ന്യഡല്‍ഹി: ഒക്ടോബര്‍ 13ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മറിയം ത്രേസ്യയുടെ നാമകരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു സംപ്രേക്ഷണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയിലാണ് സിസ്റ്റര്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞത്. ഭാരതം നിരവധി അപൂര്‍വ രത്‌നങ്ങളുടെ കര്‍മ്മ ഭൂമിയും ജന്മഭൂമിയും ആയിരുന്നു. ഇവര്‍ തങ്ങള്‍ക്ക് വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടവരാണ്. അങ്ങനെ ഒരു അപൂര്‍വ്വ വ്യക്തിത്വം ഒക്ടോബര്‍ 13ന് വത്തിക്കാന്‍ സിറ്റിയില്‍ ആദരിക്കപ്പെടുകയാണ്. ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണെന്ന്‍ അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പ വരുന്ന ഒക്ടോബര്‍ 13ന് മറിയം ത്രേസ്യയേ വിശുദ്ധയായി പ്രഖ്യാപിക്കും. മറിയം ത്രേസ്യ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മക്കായി ചെയ്ത പ്രവര്‍ത്തികള്‍ ലോകത്തിന് മുഴുവന്‍ തന്നെയും ഉദാഹരണമാണ്. സാമൂഹിക സേവനത്തിന്റെയും വിദ്യാഭ്യാസനത്തിന്റെയും മേഖലയോട് വലിയ അടുപ്പമായിരുന്നു. അവര്‍ സ്‌കൂളുകളും കോളജുകളും അനാഥാലയങ്ങളും ഉണ്ടാക്കി. ജീവിതാവസാനം വരെ ഈ ദൗത്യത്തില്‍ മുഴുകി.

സിസ്റ്റര്‍ മറിയം ചെയ്ത പ്രവര്‍ത്തികളെല്ലാം സമര്‍പ്പണത്തോടെയുള്ളതായിരിന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്‌റ്റേഴ്‌സ് ഹോളി ഫാമിലി എന്ന സമൂഹം സിസ്റ്റര്‍ സ്ഥാപിച്ചു. അത് ഇന്നും അവരുടെ ജീവിത ദര്‍ശനവും ദൗത്യവും മുന്നോട്ട് കൊണ്ടുപോകുന്നു. ഞാന്‍ ഒരിക്കല്‍ കൂടി സിസ്റ്റര്‍ മറിയം ത്രേസ്യക്ക് ആദരവ് അറിയിക്കുന്നു. ഭാരതത്തിലെ ജനങ്ങളെ വിശേഷിച്ചും ക്രിസ്ത്യന്‍ സഹോദരി സഹോദരന്‍മാരെ ഈ നേട്ടങ്ങളുടെ പേരില്‍ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മെത്രാന്‍മാരും വൈദികരും വിശ്വാസികളും രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം ഭാരതത്തില്‍ നിന്നു നാനൂറോളം പേരാണ് സംഘമാണ് റോമിലേക്ക് തിരിക്കുന്നത്.