മത്താ15:21-28
കാനാൻകാരിയുടെ വിശ്വാസം നാം എപ്പോഴും ധ്യാന വിഷയമാക്കാറുള്ളതാണ്. അതു കൊണ്ട് നമുക്ക് ഇന്ന് കാനാൻകാരിയിൽ കാണുന്ന ഒരു പ്രധാന മനോഭാവത്തെക്കുറിച്ച് ചിന്തിക്കാം.. മക്കളുടെ അപ്പ മെടുത്ത് നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല എന്ന് ഈശോ പറഞ്ഞപ്പോൾ ആ സ്ത്രീ നൽകുന്ന മറുപടി ശ്രദ്ധേയമാണ്. നായ്ക്കളും യജമാനാൻ മാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ… പ്രിയമുള്ളവരെ താൻ പോരിമയുടെയും സ്വയം പ്രശംസയുടെയും ഒന്നാമനാകാനുള്ള തത്രപ്പാടിന്റെയും ഈ ലോകത്തിൽ എനിക്ക് ചെറുതായി നിന്നാൽ മതിയെന്നുള്ള ഈ കാനാൻകാരിയുടെ മനോഭാവം ക്രൈസ്തവരായ നമുക്കും സ്വന്തമാക്കാം. ഇത് ഈശോയുടെ മനോഭാവം തന്നെയാണ്. മറ്റുള്ളവരെ ശ്രേഷ്ഠരായി കാണുന്ന ഈശോയുടെ മനോഭാവം ക്രൈസ്തവരുടെ ഭാവം ആകുന്നില്ലങ്കിൽ ക്രിസ്ത്യാനികൾ എന്ന പേരിന് നാം അർഹരല്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കുന്ന മറ്റുള്ളവർക്ക് വിധേയപ്പെടുന്ന, അനുസരിക്കുന്ന, ഉള്ളതിൽ സംതൃപ്തിപ്പെടുന്ന, ക്രൈസ്തവ മനോഭാവം നമുക്ക് സ്വന്തമാക്കാം. ലാളിത്യത്തിന്റെയും ചെറുതാകലിന്റെയും ഇല്ലായ്മയിലും ഉള്ളായ്മയിലും ഒരു പോലെ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്ന യഥാർത്ഥ ക്രൈസ്തവരായി നമുക്ക് മാറാം. അതൊടൊപ്പം ദീർഘക്ഷമയോട് കർത്താവിന്റെ ഇടപെടലിനായി കാത്തിരിക്കാം. ഉചിതമായ സമയത്ത് കർത്താവ് നമ്മുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടും എന്ന് നമുക്ക് ഉറച്ച് വിശ്വാസിക്കാം. വിശ്വാസമുള്ള ഈശോയുടെ മനോഭാവമുള്ള നല്ല ക്രൈസ്തവരായി നമുക്ക് ജീവിക്കാം. അതിനുള്ള കൃപ കർത്താവ് നമുക്ക് നൽകട്ടെ….
Sr Grace Illampallil SABS