പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത തോല്‍വിയാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. തോല്‍വിയില്‍ വിമര്‍ശനം ശരങ്ങള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്.അതിനിടയിലാണ് പി. സി ജോര്‍ജിന്റെ മകനും കേരള കോണ്‍ഗ്രസ് യുവജനവിഭാഗം മുന്‍ നേതാവുമായിരുന്ന ഷോണ്‍ ജോര്‍ജ്, ജോസ് കെ മാണിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്ബത് വര്‍ഷകാലം കൊണ്ട് കെഎം മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷം കൊണ്ട് ജോസ് കെ മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുതെന്നാണ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. യുഡിഎഫിന്റെ ചിഹ്നമായിരുന്ന കൈതച്ചക്കയുടെ ഒരു ചീഞ്ഞ ചിത്രം പങ്കുവച്ചാണ് ഷോണിന്റെ പോസ്റ്റ്.മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്‌ 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥയിലെത്തിക്കാന്‍ ജോസ് കെ.മാണിയുടെ നിലപാടുകള്‍ മാത്രമാണ് കാരണമെന്നും ഇനിയെങ്കിലും നന്നാവാന്‍ നോക്കൂവെന്നും ഷോണ്‍ ജോര്‍ജ്, ജോസ് കെ മാണിയെ ഉപദേശിക്കുന്നു.