ഞാനൊരു നല്ല മുസല്മാനാണ്. അതുകൊണ്ടാണ് ഒരു ക്രിസ്ത്യന് പെണ്കുട്ടിക്ക് നീതി ലഭിക്കാനായി പൊരുതുന്നതെന്ന് സംവിധായകന് അലി അക്ബര്. നിങ്ങള്‍ ഇവിടെ കൂടിയവരെല്ലാം നല്ല ക്രിസ്ത്യാനികളാണ്. അതുകൊണ്ടാണ് ആ സഹോദരിക്കുവേണ്ടി ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് നിര്ബന്ധിത മതപരിവര്ത്തനത്തിന് ശ്രമിച്ച സംഭവത്തില് പ്രതിഷേധിച്ച് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില് കോഴിക്കോട് കളക്ടറേറ്റിനുമുന്നില് നടത്തിയ പ്രതിഷേധ മാര്ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അലി അക്ബര്.

‘കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, ലൗ ജിഹാദ് ഇല്ലെന്നാണ് പോലീസിന്റെ വാദം. അവര്‍ അങ്ങനെ പറയുമ്പോഴാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഹിന്ദു പെണ്‍കുട്ടികളും സിറിയയില്‍ പോയി ജിഹാദിന്റെ പേരില്‍ വെടിയേറ്റുവീഴുന്നത്. അവരെല്ലാം എന്തിനുവേണ്ടിയാണ് മതം മാറിയത്! അവരെ എന്തിനാണ് സിറിയയിലേക്ക് കടത്തിയത്! അപ്പോള്‍ ഇവിടെ ലൗജിഹാദുണ്ട്. ഒരു നല്ല മുസല്‍മാനായ ഞാന്‍ ഉറക്കെ പറയുകയാണ് എന്റെ കൂട്ടത്തില്‍ ജിഹാദികളുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിഷയത്തില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ചില പോലീസുകാര്‍ ആവുംവിധം ശ്രമിച്ചു.

പെണ്‍കുട്ടിയുടെ ഹോസ്റ്റലിനു മുന്നിലേയും കൃത്യം നടന്ന സരോവരം പാര്‍ക്കിലേയും സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ പോലീസ് പരിശോധിച്ചിട്ടില്ല. പരാതിയുമായി പോയ മാതാപിതാക്കളുടെ മുന്നില്‍വച്ച് ഫോണ്‍ സ്പീക്കര്‍ ഓണാക്കി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചിരുന്നു. ‘ഓനൊരു കുഞ്ഞിമോനാ സാറെ, വിരട്ടിവിടാം’ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ഇത്തരം പോലീസുകാരെ മുക്കാലിയില്‍ കെട്ടി അടിക്കണം. അതേസമയം, ബലാല്‍സംഗവകുപ്പ് ചേര്‍ത്ത് പ്രതിക്കെതിരേ കേസെടുത്ത നല്ല ഉദ്യോഗസ്ഥരും പോലീസിലുണ്ട്.

എനിക്കുള്ളതും രണ്ടു പെണ്‍കുട്ടികളാണ്. ഒരു പിതാവിന്റെ ദുഃഖം അറിയുന്നതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ ഇടപെട്ടതുമുതല്‍ എനിക്കു ഭീഷണിയാണ്. എന്റെ ഫേസ്ബുക്കില്‍ തെറിയഭിഷേകമാണ്. ഞാനിതുവരെ ഒരു മുസല്‍മാനെയും തള്ളിപ്പറഞ്ഞിട്ടില്ല. എന്നിട്ടും സൗദി അറേബ്യയില്‍നിന്ന് എനിക്ക് ഇന്നലെ(വ്യാഴം) രണ്ടു ഭീഷണികോളുകള്‍ വന്നു. എന്റെ വാപ്പയും ഉമ്മയും ഇസ്ലാമാണ്. ഞങ്ങള്‍ പതിനാറു മക്കളും ഇസ്ലാംതന്നെയാണ്. ആരും മതം മാറിയിട്ടില്ല. പക്ഷേ ഒരു പെണ്‍കുട്ടിയെ ചതിക്കാന്‍ ശ്രമിച്ചവന്‍ യഥാര്‍ഥ ഇസ്ലാമല്ല. അത്തരക്കാര്‍ ഇബിലീസുകളാണ്. ഈ കേസില്‍ കുറ്റവാളിക്കായി എല്ലായിടത്തും ഭരണസ്വാധീനം ഇടപെട്ടിട്ടുണ്ട്. വനിതാ കമ്മീഷനു ഞാന്‍ പരാതി അയച്ചിരുന്നു.ചെയര്‍പേഴ്‌സണായ സ്ത്രീ ഇതുവരെ കേസെടുത്തിട്ടില്ല. ഇപ്പോള്‍ ലൗ ജിഹാദ് ഇല്ലെന്നു വരുത്തി കുറ്റവാളിയെ രക്ഷിക്കാന്‍ ചില സംഘടനകള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്.

ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ആദ്യം ഫത്വ ഇറക്കേണ്ടത് മുസ്ലിം ആചാര്യന്മാരും ഇമാമുമാരും മുസ്ല്യാര്‍മാരും മുസ്ലിം സംഘടനകളുമാകേണ്ടതായിരുന്നു. അതുണ്ടായില്ല. പ്രണയവും മതം മാറ്റവും രണ്ടാണ്. ഈ കേസും മുന്‍ ലൗ ജിഹാദ് കേസുകളും കേന്ദ്ര ഏജന്‍സികള്‍തന്നെ അന്വേഷിക്കണം. ഈ പെണ്‍കുട്ടിക്കുവേണ്ടി പോരാടി മരിക്കാനും ഞാന്‍ തയാറാണ്’- അലി അക്ബര്‍ പറഞ്ഞു.