സമൂഹത്തിലെ വൈവിധ്യങ്ങളെ, വൈരുദ്ധ്യങ്ങളും പളര്‍പ്പുകളും കൂടാതെ, എങ്ങനെ സമന്വയിപ്പിക്കാം? ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍, അപ്പസ്തോലപ്രവര്‍ത്തങ്ങളെ അവലംബമാക്കി വിശദീകരിക്കുന്നു.
പതിവുപോലെ ഈ ബുധനാഴ്ചയും (25/09/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. ശ്രീലങ്ക, ചൈന തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ പന്തീരായിരത്തിലേറെപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍, സാവധാനം നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന നവജാതശിശുക്കളുള്‍പ്പടെയുള്ള കുഞ്ഞുങ്ങളെ പാപ്പാ ആശീര്‍വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്ക്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“സ്തേഫനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അത്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു.9…. അപ്പോള്‍ അവിടെയുണ്ടായിരുന്നവരില്‍, സ്വതന്ത്രന്മാരുടെ സംഘം എന്നറിയപ്പെട്ടിരുന്നവര്‍ എഴുന്നേറ്റ് സ്തേഫാസിനോടു വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു.10 എന്നാല്‍ അവന്‍റെ സംസാരത്തില്‍ ആവിഷ്കൃതമായ ജ്ഞനത്തോടും ആത്മാവിനോടും എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ക്കു സാധിച്ചില്ല….15 സംഘത്തിലുണ്ടായിരുന്നവര്‍ അവന്‍റെ നേരെ സൂക്ഷിച്ചു നോക്കി. അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖം പോലെ കാണപ്പെട്ടു”. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 6:8-10,15)
ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.
പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം :
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം
സുവിശേഷയാത്ര
അപ്പസ്തോലപ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് ഒരു “യാത്രയുടെ” പിന്നാലെയുള്ള സഞ്ചാരം തുടരാം. അത് ലോകത്തിലെ സുവിശേഷ യാത്രയാണ്. വിശുദ്ധ ലൂക്കാ വലിയ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഈ യാത്രയുടെ ഫലപുഷ്ടിയും ക്രൈസ്തവസമൂഹത്തിനുള്ളില്‍ ഉടലെടുക്കുന്ന ചില പ്രശ്നങ്ങളും കാട്ടിത്തരുന്നത്. ആരംഭം മുതല്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഈ സമൂഹത്തിലുള്ള വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളും ഭിന്നിപ്പുകളുമില്ലാതെ എങ്ങനെ പൊരുത്തമുള്ളതാക്കാം?
വൈവിധ്യങ്ങളാര്‍ന്ന സമൂഹവും പിറുപിറുുപ്പും
യഹൂദര്‍ മാത്രമല്ല, ഗ്രീക്കുകാരും തനതായ സംസ്ക്കാരവും വൈകാരികതയും ഉള്ളവരായിരുന്ന ഇസ്രായേലിനു പുറത്തുനിന്നുള്ള യഹൂദരും, യഹൂദരല്ലാത്തവരും, നാമിന്ന് വിജാതീയര്‍ എന്നു വിളിക്കുന്നവരും സമൂഹത്തില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം സ്വീകൃതരായിരുന്നു. ഇത് അസമത്വത്തിനും സന്ദിഗ്ദ്ധാവസ്ഥയ്ക്കും കാരണമായി. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ പിറുപിറുക്കല്‍ എന്ന അപസ്വരം ഉണ്ടാകുന്നു. തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരെ പിറുപിറുക്കുന്നു.
അപ്പസ്തോലന്മാര്‍ അവലംബിക്കുന്ന ശൈലി
ഈ പ്രശ്നത്തിനു മുന്നില്‍ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനശൈലി എന്താണ്? പ്രശ്നത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കാനും ഒത്തൊരുമിച്ചു പരിഹാരം തേടാനും ഉതകുന്ന കാര്യങ്ങള്‍ വിവേചിച്ചറിയുന്ന ഒരു പ്രക്രിയയ്ക്ക് അപ്പസ്തോലന്മാര്‍ തുടക്കമിടുന്നു. സഭാഗാത്രം മുഴുവന്‍റെയും പ്രശാന്തമായ വളര്‍ച്ചയ്ക്കും സുവിശേഷ പ്രയാണവും ഏറ്റം പാവപ്പെട്ടവരായ അംഗങ്ങളുടെ പരിചരണവും അവഗണിക്കപ്പെടാതിരിക്കുന്നതിനും വേണ്ടി വിവിധ ദൗത്യങ്ങള്‍ വിഭജിച്ചു നല്കുന്നതിലൂടെ അവര്‍ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
വചനപ്രഘോഷണ ദൗത്യവും സേവന ശുശ്രൂഷയും
ദൈവവചനം പ്രഘോഷിക്കുകയാണ് തങ്ങളുടെ സുപ്രധാന വിളിയെന്ന അവബോധം അപ്പസ്തോലന്മാര്‍ സദാ പുലര്‍ത്തി. അതുകൊണ്ട്, അവര്‍ സുസമ്മതരും ആത്മജ്ഞാനംകൊണ്ടു നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുത്ത് ഒരു സംഘമാക്കി പ്രശ്നം പരിഹരിക്കുന്നു. അപ്പസ്തോലന്മാര്‍ പ്രാര്‍ത്ഥിച്ച് അവരുടെമേല്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചതോടെ അവര്‍ ഭക്ഷണമേശകളില്‍ ശുശ്രൂഷ ചെയ്യുകയെന്ന ദൗത്യം ആരംഭിക്കുന്നു. സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരാണ് ഇവര്‍. അവര്‍ അള്‍ത്താരയ്ക്കുവേണ്ടിയുള്ളവരല്ല, മറിച്ച് ശുശ്രൂഷ ചെയ്യേണ്ടവരാണ്. വചനശുശ്രൂഷയും ഉപവിപ്രവര്‍ത്തനവും തമ്മിലുള്ള പൊരുത്തം സഭാഗാത്രത്തെ വളര്‍ത്തുന്ന പുളിമാവിനെ പ്രതിനിധാനം ചെയ്യുന്നു. വാസ്തവത്തില്‍ വിശുദ്ധ ലൂക്കാ ഈ സംഭവവിരണത്തിനുശേഷം ഉടന്‍ തന്നെ കൂട്ടിച്ചേര്‍ക്കുന്നു:”ജറുസലേമില്‍ ദൈവവചനം പ്രചരിക്കുകയും ശിഷ്യരുടെ എണ്ണം വളരെ വര്‍ദ്ധിക്കുകയും ചെയ്തു”. അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍, 6,7)
സ്തേഫാനോസിന്‍റെ സാക്ഷ്യം
ഏഴു ശുശ്രൂഷകരില്‍ സ്തേഫാനോസും ഫിലിപ്പോസും സവിശേഷമാംവിധം വേറിട്ടു നില്ക്കുന്നു. സ്തേഫാനോസ് ശക്തിയോടും സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടെ സുവിശേഷം പ്രഘോഷിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കടുത്ത എതിര്‍പ്പിന് കാരണമാകുന്നു. ദൈവവചനപ്രഘോഷണത്തില്‍ നിന്ന് സ്തേഫാനോസിനെ പിന്തിരിപ്പിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നതോടെ ശത്രുക്കള്‍ ഒരു മനുഷ്യവ്യക്തിയെ ഇല്ലാതാക്കുകയെന്ന എളുപ്പ വഴി തിരഞ്ഞെടുക്കുന്നു. ദൈവദൂഷണക്കുറ്റം ആരോപിക്കുകയും അദ്ദേഹത്തിനെതിരെ കള്ളസാക്ഷ്യം നല്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ സല്‍പ്പേര് ഇല്ലാതക്കുന്നതിനുള്ള മനസ്സില്‍ നിന്നാണ് ഈ നന്ദ്യമായ വിപത്ത് ജന്മമെടുക്കുന്നത്. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊ, സ്വന്തം പരാജയങ്ങളെ മറച്ചു വയ്ക്കാനൊ വേണ്ടി ആരെയെങ്കിലും കരിതേച്ചുകാണിക്കാന്‍ ഒന്നു ചേരുമ്പോള്‍ അത് സഭാഗാത്രത്തെ മൊത്തത്തില്‍ ആക്രമിക്കുകയൊ ഗുരുതരമായ ഹാനി വരുത്തുകയൊ ആണ് ചെയ്യുന്നത്.
ജനം പ്രവാചകര്‍ക്കും ക്രിസ്തുവിനും എതിരായി നടത്തിയ കാപട്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു സ്തേഫാനോസ് പറയുന്നു: “ഏതു പ്രവാചകനുണ്ട് നിങ്ങളുടെ പിതാക്കന്മാര്‍ പീഢിപ്പിക്കാത്തതായി? നീതിമാനായവന്‍റെ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തു. (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 7:52) സ്തേഫാനോസിന്‍റെ വാക്കുകള്‍ സുവ്യക്തമാണ്, സത്യമാണ്.
ജനസഞ്ചയത്തിന്‍റെ പ്രതികൂല പ്രതികരണം
ഇത് ശ്രോതാക്കളുടെ രോഷത്തെ ആളിക്കത്തിക്കുന്നു. സ്തേഫാനോസ് മരണത്തിനു വിധിക്കപ്പെടുന്നു, അവനെ കല്ലെറിയാന്‍ വിധിയുണ്ടാകുന്നു. എന്നാല്‍ സ്തേഫാനോസ് ക്രിസ്തുശിഷ്യന്‍റെ യഥാര്‍ത്ഥ സത്തയെന്തെന്നു വെളിപ്പെടുത്തുന്നു. അവന്‍ രക്ഷപ്പെടുന്നതിന് കുറുക്കു വഴികള്‍ തേടുന്നില്ല, തന്നെ രക്ഷിക്കണമെന്ന് പ്രമുഖരോടു യാചിക്കുന്നില്ല, മറിച്ച് സ്വന്തം ജീവന്‍ കര്‍ത്താവിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ആ വേളയില്‍ സ്തേഫാനോസ് നടത്തുന്ന പ്രാര്‍ത്ഥന അതിമനോഹരമാണ്: “കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കോള്ളണമെ” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 7:59). എന്നിട്ട് മാപ്പു നല്ക്കിക്കൊണ്ട്, ദൈവത്തിന്‍റെ പുത്രനെപ്പോലെ ജീവന്‍ വെടിയുന്നു: “കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്” (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 7:60)
നിണസാക്ഷികള്‍ ഇന്നും
സഭയുടെ ജീവിതാരംഭത്തില്‍ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ നിണസാക്ഷികള്‍ ഇന്നുണ്ട്. എല്ലായിടത്തും രക്തസാക്ഷികള്‍ ഉണ്ട്. സുവിശേഷത്തോടുള്ള അനുദിന വിശ്വസ്തതയുടെയും ക്രിസ്തുവിനോടു അനുരൂപരായിത്തീരുന്നതിന്‍റെയുമായ രക്തസാക്ഷിത്വം ജീവിക്കാന്‍ പഠിക്കുന്നതിന് നമുക്കു സാധിക്കുന്നതിനായി, ഇന്നലത്തെയും ഇന്നത്തെയും രക്തസാക്ഷികളെ നോക്കിക്കൊണ്ട്, നമുക്കും കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം. നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍
പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ വെള്ളിയാഴ്ച (27/09/19) വിശുദ്ധ വിന്‍സന്‍റ് ഡി പോളിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.
സകല ഉപവിപ്രവര്‍ത്തന സംഘടനകളുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ ഈ വിശുദ്ധന്‍, ആവശ്യിത്തിലിരിക്കുന്നവര്‍ക്കായി സന്തോഷത്തോടും നിസ്വാര്‍ത്ഥമായും സേവനം ചെയ്യാന്‍ എല്ലാവര്‍ക്കും പ്രചോദനമേകട്ടെയെന്നും ആഥിത്യമേകുകയെന്ന കടമയിലേക്കും ജീവന്‍റെ ദാനത്തിലേക്കും എല്ലാവരെയും തുറവുള്ളവരാക്കട്ടെയെന്നും ആശംസിച്ചു.
തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.