കോട്ടയം: അഞ്ചു പതിറ്റാണ്ട് നിറ സാന്നിദ്ധ്യമായിരുന്ന കെ എം മാണിയുടെ യുഗം അവസാനിപ്പിച്ച്‌ പാലായില്‍ മറ്റൊരു മാണി പിന്‍ഗാമിയായി എത്തുന്നു. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയം. യുഡിഎഫി​ന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വീഴ്ത്തി മാണി സി കാപ്പന്‍ സീറ്റ് പിടിച്ചു.
ജനവിധി മാനിക്കുന്നുവെന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ബിജെപി വോട്ട് എല്‍ഡിഎഫിന് വിറ്റെന്നും ബിജെപിയുടെ പതിനായിരം വോട്ട് കുറഞ്ഞെന്നും ജോസ് കെ.മാണിപറഞ്ഞു. യുഡിഎഫിലെ എല്ലാവരുടെയും വോട് കിട്ടിയെന്നും രണ്ടില ചിഹ്നം കിട്ടാത്തത് വിനയായെന്നും ജോസ് കെ മാണി പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4203 വോട്ടിന്റെ ഭൂരിപക്ഷം കെഎം മാണിക്ക് നല്‍കിയ മണ്ഡലം മാണിയുടെ മരത്തിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33000 ല്‍ അധികം ഭൂരിപക്ഷം തോമസ് ചാഴികാടന് നല്‍കി യുഡിഎഫിനൊപ്പം ഉറച്ച്‌ നിന്ന പാല ഇത്തവണ യുഡിഎഫിനെയും കേരളാ കോണ്‍ഗ്രസിനെയും ഞെട്ടിച്ചിരിക്കുന്നു.കെഎം മാണിയുടെ മരണത്തിന് ശേഷം കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ രൂക്ഷമാവും.മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിന്റെ സാരധ്യമേറ്റെടുക്കാന്‍ മത്സരിച്ച ജോസ് കെ മാണിക്കും പിജെ ജോസഫിനും കനത്ത തിരിച്ചടിയാണ് പാലാ ഫലം.കേരളാ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പരാജയം. കെ എം മാണിയോട് മൂന്ന് തവണ പരാജയപ്പെട്ട ശേഷമാണ് മാണി സി കാപ്പന്‍ വിജയം നേടിയത്. കഴിഞ്ഞ തവണ കെ എം മാണിയോട് 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരായജപ്പെട്ട മാണി സി കാപ്പന്‍ അത്രയും തന്നെ വോട്ടുകള്‍ക്ക് വിജയം നേടി മധുര പ്രതികാരം നടത്തിയപ്പോള്‍ ഭൂരിപക്ഷം കുറയ്ക്കാനായി എന്നതാണ് കേരളാ കോണ്‍ഗ്രസിനും യുഡിഎഫിനും ആശ്വാസമായത്.