പാലാ: പാലായിൽ ജോസ് ടോം പിന്നിലായതോടെ നിശബ്ദരായി യുഡിഎഫ് പ്രവർത്തകർ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചിരുന്നെങ്കിലും ആദ്യ ഫലസൂചനകൾ പ്രതികൂലമായതോടെ മടങ്ങിത്തുടങ്ങി. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയം ആഘോഷിക്കുന്നതിനായി പ്രവർത്തകർ പടക്കവും ലഡുവും ശേഖരിച്ചിരുന്നെങ്കിലും, ആദ്യം വോട്ടെണ്ണിയ അഞ്ചു പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് നേടിയതോടെ പിൻവാങ്ങുകയായിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട് മണ്ഡലങ്ങളിലായിരുന്നു കാപ്പന്റെ മുന്നേറ്റം. ഇതിനിടെ യുഡിഎഫ് പ്രവർത്തകർക്കു നേരെ ഒളിയന്പുമായി മാണി സി. കാപ്പനും രംഗത്തെത്തി. ലഡുവും പടക്കവുമൊന്നും തങ്ങൾ ശേഖരിച്ചിട്ടില്ലെന്നും വോട്ട് എണ്ണിത്തീർന്നുകഴിഞ്ഞാൽ യുഡിഎഫ് പ്രവർത്തകർ വാങ്ങി ശേഖരിച്ച പടക്കങ്ങളും മധുരവും തങ്ങൾ പകുതി വിലയ്ക്കു വാങ്ങിയേക്കാമെന്നായിരുന്നു കാപ്പന്റെ പ്രതികരണം. ഇതൊന്നും വാങ്ങാൻ കിട്ടാത്ത സാധനങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂ.ഡി.എഫ് ക്യാമ്പ് നിശബ്ദം: വിജയം ഉറപ്പിച്ച് മാണി സി കാപ്പന്
