സലാല/ഒമാന്‍: സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ കീഴിലുള്ള സലാലയിലെ പുതിയ ദൈവാലയത്തിന്റെ കൂദാശകര്‍മ്മത്തിലും ഉദ്ഘാടന ചടങ്ങിലും ആയിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമത്തിലുള്ള ദൈവാലയം സലാലയിലെ രണ്ടാമത്തെ കത്തോലിക്ക ദൈവാലയമാണ്. 600 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ദൈവാലയത്തോടനുബന്ധിച്ചുള്ള ഹാളില്‍ മറ്റ് 400 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി മാസത്തില്‍ തറക്കല്ലിട്ട ദൈവാലയത്തിന്റെ നിര്‍മാണം 18 മാസം കൊണ്ട് അതിവേഗം പൂര്‍ത്തിയാക്കുകയായിരുന്നു.
യെമന്‍, കുവൈറ്റ്, ബഹ്‌റൈന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ്‌കോ മോണ്ടെസില്ലോ പാഡില്ലാ, മതകാര്യങ്ങള്‍ക്കുള്ള മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന ഡോ. അഹമ്മദ് കാമിസ് മസൂദ് അല്‍ ബാഹ്രി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ദൈവാലയ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ അനുമതികളും നല്‍കിയ സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയിദ് അല്‍ സയിദിന് ആര്‍ച്ച്ബിഷപ് പാഡില്ലാ നന്ദി അറിയിച്ചു.
വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്താത്ത സിവില്‍ ഭരണകൂടം, ഒമാന്‍ പുലര്‍ത്തുന്ന മതസഹിഷ്ണുതയാണ് രാജ്യത്തെ സമാധാനത്തിന്റെ പിന്നിലുള്ള രഹസ്യമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതായി ആര്‍ച്ച്ബിഷപ് പാഡില്ലാ പറഞ്ഞു. നമ്മുടെ പ്രാര്‍ഥനകള്‍ക്ക് പെട്ടെന്നൊരു ഉത്തരം ലഭിച്ചില്ലെങ്കിലും നല്ല കാലത്തും മോശം കാലത്തും ദൈവം നമ്മോടുകൂടെ നടക്കുമെന്നതിന്റെ അടയാളമായി പുതിയ ദൈവാലയത്തെ കാണണമെന്ന് ആര്‍ച്ച്ബിഷപ് പാഡില്ല പറഞ്ഞു. ദൈവാലയത്തിന്റെ നിര്‍മ്മാണത്തിനായി അധ്വാനിച്ചവര്‍ക്കും സിവില്‍ ഭരണാധികാരികള്‍ക്കും കിഴക്കന്‍ അറേബ്യയുടെ അപ്പസ്‌തോലിക്ക് വികാരിയായ ബിഷപ് പോള്‍ ഹിന്‍ഡര്‍ നന്ദി പ്രകാശിപ്പിച്ചു.
1981-ലാണ് സലാലയിലെ ആദ്യ ദൈവാലയത്തിനായി ഒമാന്‍ സുല്‍ത്താന്‍ സ്ഥലം വിട്ടുനല്‍കിയത്. 1981ല്‍ പൂജരാജാക്കന്‍മാരുടെ പേരിലൊരു എക്യുമെനിക്കല്‍ കേന്ദ്രവും ഈ ദൈവാലയത്തോടനുബന്ധിച്ച് സ്ഥാപിച്ചു.
യേശുവിനെ കാണാനായി ബെത്‌ലഹേമില്‍ എത്തിയ പൂജരാജാക്കന്‍മാരില്‍ ഒരാള്‍ മീറയും കുന്തിരിക്കവും സുലഭമായി ഉണ്ടായിരുന്ന ഇന്നത്തെ ഒമാന്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്നുള്ള വ്യക്തിയാണ് എന്ന പാരമ്പര്യത്തിന്റെ ഓര്‍മയ്ക്കാണ് ഈ എക്യുമെനിക്കല്‍ കേന്ദ്രം പൂജരാജാക്കന്‍മാരുടെ പേരില്‍ സ്ഥാപിച്ചത്.
ബിഷപ് പോള്‍ ഹിന്‍ഡറിന്റെ നേതൃത്വത്തില്‍ ദൈവാലയ കൂദാശ നടത്തി. 60,000 ക്രൈസ്തവര്‍ വസിക്കുന്ന ഒമാനില്‍ അഞ്ച് ഇടവകകളാണ് ഉള്ളത്. ഇവയില്‍ രണ്ടെണ്ണം മസ്‌കറ്റിലും രണ്ടെണ്ണം സലാലയിലും ഒരെണ്ണം സൊഹാറിലുമാണ്.
18 മാസം കൊണ്ട് സലാലയില്‍ പുതിയ ദൈവാലയം പൂര്‍ത്തിയാക്കി
