കൊച്ചി: പ്രോലൈഫ് എന്നത് ഒരുവന്റെ ഹൃദയത്തില്‍ നിന്നുടലെടുക്കുന്ന മനോഭാവമാണ്. മനുഷ്യജീവന്‍ നശിപ്പിക്കപ്പെടുമ്പോള്‍ മനുഷ്യന്റെ മാഹാത്മ്യം അവമതിക്കപ്പെടുമ്പോള്‍ ‘അരുതേ’ എന്ന് ഒരാളുടെ ഹൃദയത്തില്‍നിന്ന് വിളി ഉയര്‍ന്നാല്‍ ആ വ്യക്തിയെ ‘പ്രോലൈഫര്‍’ എന്നു വിളിക്കാം. ബൈബിളിലെ ഉല്പത്തിപുസ്തകത്തില്‍ കായേന്‍ സഹോദരനായ ആബേലിനെ വധിച്ചപ്പോള്‍ ‘സഹോദരനെവിടെ?’ എന്നു ചോദിച്ച ദൈവസ്വരമാണ് പ്രോലൈഫ്. യേശുക്രിസ്തുവാണ് ഏറ്റവും വലിയ പ്രോലൈഫര്‍. അതുകൊണ്ടുതന്നെ കത്തോലിക്കാവിശ്വസികള്‍ എല്ലാവരും പ്രോലൈഫ് പ്രവര്‍ത്തനത്തിന് വിളിക്കപ്പെട്ടവരാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു. എറണാകുളം തൈക്കൂടത്ത് വച്ച് നടന്ന വരാപ്പുഴ അതിരൂപതയുടെ ഫൊറോന പ്രോലൈഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

മോണ്‍സിഞ്ഞോര്‍ പോള്‍ തുണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതയിലെ നാലാം ഫൊറോനയില്‍പെട്ട 15 ഇടവകകളില്‍നിന്നുള്ള വൈദികരും വിശ്വാസികളുമാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. കെസിബിസി പ്രോലൈഫ് സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ ഷിബു ജോണ്‍ പ്രോലൈഫ് ക്ലാസ് നയിച്ചു. ഫൊറോനയിലെ എല്ലാ പള്ളികളിലും പ്രോലൈഫ് സമിതി നിലവില്‍വന്നതിന്റെ ഔദോഗിക പ്രഖ്യാപനം വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി കോച്ചേരി നിര്‍വഹിച്ചു. മനുഷ്യജീവന്‍ സ്‌നേഹിക്കപെടണം, സംരക്ഷിക്കപ്പെടണം, ആദരിക്കപ്പെടണം എന്ന ദൈവികതത്വത്തെ മുറുകെ പിടിക്കാന്‍ വിശ്വാസികളെ ശക്തരാക്കുക എന്നതാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം. വരുംദിവസങ്ങളില്‍ വരാപ്പുഴ അതിരൂപതയിലെ മറ്റു ഫൊറോനകളിലും സമാനമായ രീതിയില്‍ പ്രോലൈഫ് കണ്‍വന്‍ഷനുകള്‍ നടക്കും.

കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ സാബു ജോസ്, ഫാ. ജോണ്‍സണ്‍ ഡിക്കൂഞ്ഞ, ജോണ്‍സണ്‍ സി എബ്രാഹം, ലിസാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.