തിരുവനന്തപുരം: കാർഷിക വിളകൾക്കു വിലസ്ഥിരത ഉറപ്പാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ 15 ആവശ്യങ്ങൾ ഉന്നയിച്ചു തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തര മലബാർ കർഷകസമിതി മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം സമർപ്പിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 250 ഗ്രാമങ്ങളിൽ കക്ഷിരാഷ്ട്രീയ, ജാതി, മത പരിഗണനകളില്ലാതെ അതിരൂപത നടത്തിയ സർവേയിൽ കർഷകരുടെ ഇടയിൽനിന്ന് ഉയർന്നുവന്ന പ്രശ്നങ്ങളും കർഷകപക്ഷ നിർദേശങ്ങളും അടങ്ങിയതാണു നിവേദനം.
പ്രതിസന്ധികളുടെ നീർച്ചുഴിയിലാണു കാർഷിക മേഖലയെന്നും റബർ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ വിലയിടിവും ഉത്പാദനക്കുറവും പെരുകിവരുന്ന രോഗ-കീട ബാധകളും പ്രതിസന്ധി അതിരൂക്ഷമാക്കിയിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു. തീരദേശ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക, ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
കേരളത്തിലെ റബർ കർഷകരുടെ സ്വപ്നമായ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടയറും മറ്റു റബർ ഉത്പന്നങ്ങളും നിർമിക്കുന്ന ഫാക്ടറി സ്ഥാപിക്കുകയാണു കർഷകസംവാദത്തിൽ ലഭിച്ച ഏറ്റവും മികച്ച നിർദേശമെന്നും തലശേരി ആർച്ച്ബിഷ്പ് മാർ ജോർജ് ഞരളക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ നിവേദനത്തിൽ പറയുന്നു. കാർഷികമേഖലയിലേക്കു യുവജനങ്ങളെ ആകർഷിക്കാൻ സംസ്ഥാന കാർഷിക യുവജന കമ്മീഷൻ രൂപീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തലശേരി അതിരൂപത വികാരി ജനറാൾ മോണ്. ജോസഫ് ഒറ്റപ്ലാക്കൽ, ഇൻഫാം സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, തലശേരി അതിരൂപത പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോർജ് തയ്യിൽ, കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റണി, കെസിസി കോട്ടയം അതിരൂപത പ്രസിഡന്റ് കെ. ബാബു, ഇൻഫാം തലശേരി അതിരൂപത പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, എകെസിസി തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവർ ചേർന്നാണു മുഖ്യമന്ത്രിക്കു നിവേദനം നൽകിയത്.
വിലത്തകർച്ച നേരിടുന്ന കാർഷിക വിളകൾക്കു റബറിനു സമാനമായ രീതിയിൽ വില സ്ഥിരതാഫണ്ട് ഏർപ്പെടുത്തുക, റബറിനു വിലസ്ഥിരതാ ഫണ്ടു പ്രകാരമുള്ള താങ്ങുവില 250 രൂപയാക്കുക, കൃഷി ആവശ്യത്തിനെടുത്ത 10 ലക്ഷം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും എപിഎൽ-ബിപിഎൽ വ്യത്യാസമില്ലാതെ 5,000 രൂപ പെൻഷൻ നൽകുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തി സ്വന്തം പറന്പിൽ പണിയെടുക്കുന്ന കർഷകനു നൂറു പ്രവൃത്തിദിവസങ്ങളിലെ വേതനം ഉറപ്പാക്കുക, കാട്ടുമൃഗങ്ങൾ കടന്നുവരാതെ കൃഷിഭൂമികൾക്കു സംരക്ഷണമേകാൻ പാണത്തൂർ മുതൽ കൊട്ടിയൂർവരെ ആനമതിൽ, സോളാർ ഫെൻസിംഗ്, റെയിൽ ഫെൻസിംഗ് എന്നിവ ഓരോ സ്ഥലത്തിനും അനുയോജ്യമായ രീതിയിൽ നടപ്പിലാക്കുക. വന്യമൃഗങ്ങൾ നശിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ കൃഷികൾക്കുകൂടി ഇൻഷ്വറൻസ് പരിരക്ഷ നൽകുക. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം വിളനാശം വരുന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ആശ്രിതർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചു സർക്കാർ ജോലിയും നൽകുക, ഗുരുതരമായി പരിക്കേൽക്കുന്നവർക്കു നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും ചികിത്സാ ചെലവും ഒരു മാസത്തെ കുടുംബ ചെലവും നൽകുക, കുത്തകകളുടെ കടന്നുകയറ്റം കാരണം തകർച്ചയിലായ ചെറുകിട- ഇടത്തരം വ്യാപാരികളെ സംരക്ഷിക്കുക.
നെൽകർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ കൃഷിയിറക്കാൻ മുന്നോടിയായി ഓരോ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ അവലോകന യോഗം സംഘടിപ്പിക്കുക, മന്ത്രിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുക, കൃഷിക്കാവശ്യമായ ഗുണനിലവാരമുള്ള വിത്തുകൾ നേരത്തേതന്നെ കർഷകർക്ക് എത്തിച്ചു നൽകുക, സബ്സിഡികൾ കുടിശിക തീർത്തു സമയബന്ധിതമായി നൽകുക.
കാർഷിക മേഖലയിലെ എല്ലാ കൂലികളും കൊയ്ത്ത് മെഷീൻ കൂലി ഉൾപ്പെടെ ഉടച്ചുവാർത്ത്, ന്യായമായ കൂലിസംവിധാനം ഏർപ്പെടുത്തുക, കൃഷിക്കാവശ്യമായ പണം ബാങ്കുകളിൽനിന്നു വായ്പയായി ലഭ്യമാക്കുക, പാട്ടവ്യവസ്ഥയിൽ കൃഷി നടത്തുവന്നവരെയും പ്രത്യേകം പരിഗണിക്കുക, കൂടുതൽ ആനുകൂല്യങ്ങൾ നൽകിയും തീരദേശ സുരക്ഷ ഉറപ്പാക്കിയും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക, പട്ടയമില്ലാതെ കുടിയിറക്കു ഭീഷണി നേരിടുന്ന നൂറുകണക്കിനു കുടിയേറ്റ കർഷകരുടെ ജീവിതസുരക്ഷ ഉറപ്പാക്കുക, വിദ്യാഭ്യാസ ആവശ്യത്തിനായി വായ്പയെടുത്ത പാവപ്പെട്ട കർഷകരുടെയും മറ്റു സാധാരണക്കാരുടെയും വായ്പ എഴുതിത്തള്ളുക, വർധിപ്പിച്ച ഭൂനികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.