തിരുവനന്തപുരം: സംസ്ഥാനത്തു നിയമം ലംഘിച്ചു നിർമിച്ച ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടിവരുമെന്നു മന്ത്രിസഭായോഗം വിലയിരുത്തി. ഫ്ളാറ്റ് സമുച്ചയങ്ങൾ അടക്കം ഏകദേശം 1,800 കെട്ടിടങ്ങൾ തീരപരിപാലന ചട്ടം ലംഘിച്ചു നിർമിച്ചിട്ടുണ്ടെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നതെന്നു ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിച്ചു. ചട്ടം ലംഘിച്ചു സംസ്ഥാനത്തു നിർമിച്ചിട്ടുള്ള അനധികൃത നിർമാണങ്ങളുടെ വിശദമായ പട്ടിക തയാറാക്കാൻ തദ്ദേശ സെക്രട്ടറിക്കു നിർദേശം നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തത്. മരട് ഫ്ളാറ്റുകളുടെ നിർമാതാക്കൾക്കെതിരേ ക്രിമിനൽ കേസ് എടുക്കാനും അവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികളിലേക്കു നീങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. ഫ്ളാറ്റുകൾ നിർമിക്കുന്നതിന് അനുമതി നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ വകുപ്പു തല അന്വേഷണം നടത്തും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത കെട്ടിട നിർമാണങ്ങൾ അധികൃതർ അംഗീകരിച്ചു കൊടുത്തിട്ടുണ്ട്. ഈ പ്രശ്നത്തിൽ സുപ്രീംകോടതി ഇടപെട്ട സാഹചര്യത്തിൽ ഇങ്ങനെയുള്ള നിരവധി കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും.അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് ഇനി ഇളവ് നൽകാനും സാധിക്കില്ലെന്നു യോഗം വിലയിരുത്തി.സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ ഫ്ളാറ്റുകൾക്കും ബാധകമാണ്. തീരദേശ പരിപാലന ചട്ടത്തിലെ 200 മീറ്റർ പരിധി 50 മീറ്ററാക്കി കുറച്ചെങ്കിലും കെട്ടിട നിർമാണ സമയത്തു നിലവിലുണ്ടായിരുന്ന നിയമമായിരിക്കും ബാധകം. ഇതു ലംഘിച്ചു നിർമിച്ച ധാരാളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വരും. ഇക്കാര്യത്തിൽ ഇനി മറ്റു മാർഗമൊന്നുമില്ലെന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനായി 13 കന്പനികൾ തയാറായിട്ടുണ്ടെങ്കിലും ഇതിൽ ആറു കന്പനികൾക്കാണു മതിയായ യോഗ്യതയുള്ളത്. ഇവരിൽ നിന്നു തെരഞ്ഞെടുക്കുന്ന കന്പനികൾക്കു മരട് നഗരസഭയാണ് കരാർ നൽകുക. സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായതു നന്നായെന്നും കോടതി നിർദേശിച്ചതനുസരിച്ചുള്ള തുടർ നടപടികളിലേക്ക് കഴിവതും വേഗം നീങ്ങണമെന്നുമാണു മന്ത്രിസഭാ തീരുമാനം. അതേസമയം, ഫ്ളാറ്റ് ഉടമകൾക്കു സർക്കാർ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല.
നിയമലംഘനം നടത്തി നിര്‍മിച്ചിട്ടുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം….
