ദില്ലി: ഗ്യാസ് ഗുളികകള്‍ ക്യാന്‍സറിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് ഹെല്‍ത്ത് റെഗുലേറ്റര്‍ എഫ്ഡിഎ ജനപ്രിയ അസിഡിറ്റി മരുന്ന് റാനിറ്റിഡിന് ചെങ്കൊടി കാണിച്ചതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മുന്‍കരുതലായി മരുന്നുകളുടെ സാമ്ബിളുകള്‍ പരിശോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മരുന്ന് റെഗുലേറ്റര്‍മാര്‍ക്ക് കേന്ദ്രം കത്ത് നല്‍കി.
അതേ സമയം അസിഡിറ്റിക്കെതിരേ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് റനിറ്റിഡീന്‍. ലോകാരോഗ്യ സംഘടന അവശ്യമരുന്നുകളുടെ മാതൃകാപട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്നുകൂടിയാണ് ഇത്. ഇന്ത്യയില്‍ ഗ്ലാക്‌സോസ്മിത്ത്‌ലൈന്‍, ജെബി കെമിക്കല്‍സ്, കാഡിലാ ഫാര്‍മ, സൈഡസ് കാഡില, ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കില്‍സ് എന്നീ കമ്ബനികള്‍ ഈ മരുന്ന് 180ലേറെ പേരുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. 680 കോടിയിലേറെ രൂപയുടെ റനിറ്റിഡീന്‍ ബ്രാന്‍ഡ് ഗുളികകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്നാണു കണക്ക്.
തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാവുന്ന വസ്തു ഉണ്ടോ എന്ന കാര്യം പരിശോധന നടത്തണമെന്ന് മരുന്ന് കമ്ബനികളോട് ആവശ്യപ്പെടാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) സംസ്ഥാന ഡ്രഗ് റെഗുലേറ്റര്‍മാരോട് ചൊവ്വാഴ്ച്ച ആവശ്യപ്പെട്ടു. ഈ മരുന്ന് ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ വില്‍പ്പന നടത്തുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും ഡിസിജിഐ നിര്‍ദേശിച്ചു.