കൊച്ചി: നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ പ്രതിഷേധ ഉപവാസ സംഗമം നടത്തി. ഇടവകക്കാരുടെ അവകാശങ്ങളും ദേവാലയങ്ങളും സംരക്ഷിക്കുക, സെമിത്തേരിയിൽ മാന്യമായി സംസ്കാരം നടത്തുന്നതിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉപവാസ സമരത്തിൽ ഉന്നയിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച ഉപവാസ സംഗമം രാത്രി എട്ടുവരെ നീണ്ടു. പ്രാർഥനയോടെയാണ് ഉപവാസസംഗമം ആരംഭിച്ചത്. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്, മെത്രാപ്പോലീത്തമാർ, സഭാ ഭാരവാഹികൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ഉപവാസ സംഗമത്തിൽ പങ്കെടുത്തു. യാക്കോബായ സഭയുടെ വിവിധ ഭദ്രാസനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു വിശ്വാസികൾ പ്രതീകാത്മക ശവമഞ്ചങ്ങളുമായി ഉപവാസ സംഗമത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തിച്ചേർന്നു.എന്തുവിലകൊടുത്തും സത്യവിശ്വാസം സംരക്ഷിക്കുമെന്നു ബാവ യോഗത്തിൽ അറിയിച്ചു. സമുദായ-രാഷ്ട്രീയ-സാംസ്കാരിക മേഖകലകളിലെ പ്രമുഖരെത്തി ഉപവാസസംഗമത്തിനു പിന്തുണ അർപ്പിച്ചു സംസാരിച്ചു.
നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ യാക്കോബായ സഭ ഉപവാസ സംഗമം നടത്തി….
