കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അന്വേഷണം തടയാന്‍ താത്പര്യമില്ലെന്നു ഹൈക്കോടതി. കേസില്‍ അറസ്റ്റിലായി റിമാന്ഡല് കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി , ആര്‍ഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയല്‍, എം.ടി. തങ്കച്ചന്, ബെന്നി പോള്‍ എന്നിവരുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിനു നിര്‍ദേശം നല്കി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുന്പോള്‍ ഹാജരാക്കണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാലം നിര്‍മാണത്തില്‍ സിമന്റ് അടക്കം കൃത്യമായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ലാബ് റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
താനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മാത്രമാണെന്നും സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്നും സൂരജിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചപ്പോള്‍, പാലം പൊളിക്കാന്‍ തീരുമാനിച്ചതു വസ്തുതയല്ലേ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഗുരുതരമായി സാങ്കേതിക പിഴവുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകനും ഹൈക്കോടതിയെ അറിയിച്ചു.