കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അപേക്ഷ നല്കി. ജയിലില്‍ ചോദ്യം ചെയ്യാനാണ് അപേക്ഷ നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും സൂരജ് സെക്രട്ടറി ആയിരിക്കുമ്ബോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്.പ്രാഥമിക അന്വേഷണത്തില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടതു മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്നു സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാർ കന്പനിയായ ആർഡിഎസ് പ്രോജക്ടിന്റെ എംഡി സുമിത് ഗോയലാണു ഗൂഢാലോചനയുടെ അച്ചുതണ്ടെന്നും രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്ന് ഇയാൾക്കറിയാമെന്നും വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സുമിത് ഗോയൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു വിജിലൻസ് വ്യക്തമാക്കുന്നു. പൊതുസേവകർക്ക് ഏതു മാർഗത്തിലാണ് കൈക്കൂലി നൽകിയതെന്ന് ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വൻകിട രാഷ്ട്രീയ നേതാക്കളിൽനിന്നു പ്രശ്നമുണ്ടാകുമെന്നു ഭയന്നാണു സുമിത് ഗോയൽ സത്യം വെളിപ്പെടുത്താത്തതെന്നു കരുതുന്നു. സർക്കാർ മുൻകൂർ നൽകിയ പണം നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഇതിനാൽ ഫ്ളൈ ഓവർ നിർമാണത്തിൻറെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ഖജനാവിന് നഷ്ടമുണ്ടാക്കിയതിനു പുറമേ പാലം അപകടത്തിലുമായി. സാന്പത്തിക ക്രമക്കേടുകൾ നടത്താൻ ഗൂഢാലോചന നടത്തി പൊതുസേവകരെ ഒപ്പം നിർത്തനായി കൈക്കൂലി നൽകി. നിർമാണക്കരാറിലില്ലാതെ മുൻകൂർ തുക വാങ്ങിയതു ക്രമക്കേടാണ്. കൈക്കൂലി നൽകിയതിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ ആർഡിഎസിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും
