തിരുവനന്തപുരം: നിർമാണത്തിലെ അപാകത മൂലം ബലക്ഷയമുണ്ടായ പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ ചെലവു വരുന്ന 18 കോടി രൂപ നിർമാതാക്കളായ ആർഡിഎസ് പ്രോജക്ടിൽനിന്ന് ഈടാക്കും. മേൽപാലത്തിന്റെ നിർമാണ കരാറിൽ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകൾ ഏജൻസി സ്വയം തീർക്കുകയോ സർക്കാർ മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാൽ ആവശ്യമായ തുക തിരികെ നൽകുകയോ വേണമെന്നു വ്യവസ്ഥയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു നടപടി. ഇ.ശ്രീധരൻ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണു തകരാറുകൾ പരിഹരിക്കാനുള്ള ചെലവ്. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉൗരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഭാവിയിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർമാണത്തിൽനിന്നു തടയാൻ ആർഡിഎസിനു മരാമത്ത് വകുപ്പ് വിലക്കേർപ്പെടുത്തുമെന്നും സൂചനയുണ്ട്.അടുത്തമാസം മേൽപ്പാലത്തിന്റെ പുനർനിർമാണം ആരംഭിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ഒരു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കും. പാലത്തിനു ബലക്ഷയമുണ്ടായ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നു പഠിക്കാൻ ചെന്നൈ ഐഐടിയിലെ വിദഗ്ധരെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പാലം പുതുക്കിപ്പണിയാൻ സർക്കാർ തീരുമാനിച്ചത്.
പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിന്റെ ചെലവ് നിര്മ്മാണകമ്പനി വഹിക്കും….
