ഒക്ടോബര്‍ 13-ന് ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പുണ്യവഴികളിലെ ചിന്താമലരുകള്‍ – ശബ്ദരേഖയോടെ
1. കേരളത്തില്‍ നാമ്പെടുത്ത കുടുംബ പ്രേഷിതത്ത്വം
സ്ത്രീകള്‍ സ്വന്തം വീടുവിട്ടു പുറത്തിറങ്ങുന്നത് കേരളത്തില്‍ നിഷിദ്ധമായിരുന്നൊരു കാലഘട്ടമായിരുന്നു അത് – 19-Ɔο നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം! എന്നിട്ടും, ദിവ്യസ്നേഹാഗ്നിയാല്‍ നിറഞ്ഞ് തനിക്കു ചുറ്റുമുള്ള പാവപ്പെട്ട കുടുംബങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുവാനും, കരുയന്നവരുടെ കണ്ണീരൊപ്പുവാനും ധൈര്യം കാട്ടിയ ധീരവനിതയാണ് മറിയം ത്രേസ്യ! എതിര്‍പ്പുകള്‍ ഉണ്ടായപ്പോഴും പ്രതിസന്ധികള്‍ മുന്നില്‍ ഉയര്‍ന്നപ്പോഴും ദൈവകൃപ അവളെ മുന്നോട്ടുതന്നെ നയിച്ചു. നുറുങ്ങുന്നവരുടെ ഹൃദയം വായിച്ചറിയാനുള്ള സവിശേഷസിദ്ധി ദൈവം അവള്‍ക്കു നല്കിയിരുന്നു.
2. മരണാസന്നര്‍ക്കു സാന്ത്വനമായ സ്ത്രീരത്നം
വസൂരി, കോളറ എന്നിവപോലുള്ള മാരകമായ സാംക്രമികരോഗങ്ങള്‍ ബാധിച്ചവരെ പരിചരിക്കാന്‍ പലരും അക്കാലഘട്ടത്തില്‍ മടിച്ചിരുന്നു. അങ്ങനെ മരണം പെട്ടന്നു പാവങ്ങളെ ഗ്രസിച്ചിരുന്നൊരു സാമൂഹ്യചുറ്റുപാടില്‍ ത്രേസ്യായും കൂട്ടുകാരുംചേര്‍ന്ന് അവരെ പരിചരിക്കാനായി ഇറങ്ങിപുറപ്പെട്ടു. മരണാസന്നര്‍ക്കു സാന്ത്വനസ്പര്‍ശമായ മറിയം ത്രേസ്യയുടെ സ്നേഹപരിചരണം പരിത്യക്തരാവയവരെ നല്ലമരണത്തിന് ഒരുക്കി. ഉറ്റവരുടെ മരണത്തില്‍ ക്ലേശിക്കുന്ന കുടുംബങ്ങളെ പ്രാര്‍ത്ഥനാ ചൈതന്യത്തിലും വിശ്വാസത്തിലും ധൈര്യപ്പെടുത്താനും മറിയം ത്രേസ്യായും കൂട്ടുകാരും ഓടിയെത്തുമായിരുന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ മദ്ധ്യകേരളത്തില്‍ ചാലക്കുടിക്കടുത്ത പുത്തന്‍ചിറ ഗ്രാമത്തില്‍ കുടുംബങ്ങളുടെ പ്രേഷിതവൃത്തിക്കായുള്ള ഒരു ചെറുസമൂഹത്തിന്‍റെ പിറവിയായി.
3. സഹോദരസ്നേഹം നിത്യതയുടെ മാനദണ്ഡം
സ്ത്രീകളുടെ വിദ്യാഭാസത്തിലേയ്ക്കും മറിയം ത്രേസ്യയുടെ കണ്ണുകള്‍ തിരിഞ്ഞു. തനിക്ക് എത്തിപ്പെടാവുന്ന പരിസരങ്ങളില്‍ ചെറിയ പള്ളിക്കൂടങ്ങള്‍ കെട്ടിയുണ്ടാക്കിയ മറിയം ത്രേസ്യാ അങ്ങനെ പാവങ്ങള്‍ക്കായി അറിവിന്‍റെ വാതിലും തുറന്നുകൊടുത്തു. “എളിയവര്‍ക്കായി ചെയ്യുന്ന നന്മകള്‍ നിത്യതയുടെ പടിവാതിലാണെ”ന്നു മറിയം ത്രേസ്യാ തിരിച്ചറിഞ്ഞു. തന്‍റെ ഹൃദായാന്തരാളത്തില്‍ ദൈവം തെളിയിച്ച സഹോദരസ്നേഹത്തിന്‍റെ ദിവ്യസ്നേഹാഗ്നി മറിയം ത്രേസ്യായുടെ എളിയ ജീവിതത്തെ വിശുദ്ധിയിലേയ്ക്കും അനേകരെ ആത്മരക്ഷയിലേയ്ക്കും നയിച്ചു. അത് മൗലികമായ സുവിശേഷ സമര്‍പ്പണത്തിന്‍റെ ചുരുളഴിയലായിരുന്നു.
4. ആദ്യകാല ജീവിതം
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ തൊമ്മൻ-താണ്ട ദമ്പതികള്‍ക്ക് 1876 ഏപ്രിൽ 26-ന് കുടുംബത്തില്‍ മൂന്നാമത്തവളായി ഒരു പെണ്‍കുഞ്ഞു ജനിച്ചു. വിസ്തൃതമായ തൃശൂര്‍ രൂപതയുടെ കീഴിലായിരുന്ന ചാലക്കുടിക്ക് അടുത്തുള്ള പുത്തന്‍ചിറ സെന്‍റ് മേരീസ് ഫൊറോനാപള്ളി ഇടവകയില്‍ ആ വര്‍ഷംതന്നെ മെയ് 3-ന് ജ്ഞാനസ്നാനം സ്വീകരിച്ചു – മറിയം ത്രേസ്യ. മറിയം ത്രേസ്യയുടെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ്, അവള്‍ക്ക് ഏകദേശം 12 വയസ്സ് എത്തിയപ്പോഴേയ്ക്കു അമ്മ മരണമടഞ്ഞത് ജീവിതത്തിലെ വഴിത്തിരിവായി.
അതിനുശേഷം അവള്‍ കൂടുതല്‍ സമയം പ്രാർത്ഥനാ ജീവിതത്തിലേയ്ക്ക് പിന്‍വാങ്ങാന്‍ തുടങ്ങി. 1886-ൽ 10-Ɔമത്തെ വയസ്സില്‍ ത്രേസ്യ കുമ്പസാരം, കുർബാന എന്നീ കൂദാശകള്‍ സ്വീകരിച്ചു. അവ നല്കിയ നവമായ ചൈതന്യം അവളുടെ ആത്മീയ ജീവിതത്തെ തട്ടിയുണര്‍ത്തി. ദിവ്യകാരുണ്യത്തില്‍ യേശുവിനെ സ്വീകരിക്കണം എന്ന തീവ്രമായ അവളുടെ ആഗ്രഹംകൊണ്ട്, സാധാരണ ഗതിയില്‍ ആദ്യകുർബാന സ്വീകരണം നടത്തിയിരുന്ന പ്രായത്തേക്കാൾ 3 വർഷംമുൻപേ പ്രത്യേക അനുമതിയോടെയാണ് മറിയം ത്രേസ്യ ആദ്യകുർബാന സ്വീകരിച്ചത്.
5. വിശുദ്ധ എവുപ്രാസ്യാമ്മയും മറിയം ത്രേസ്യായും
കൗമാരത്തിലേ പ്രാര്‍ത്ഥനാജീവിതത്തില്‍ തീക്ഷ്ണതയും പരസ്നേഹപ്രവൃത്തിയില്‍ അതിയായ ശുഷ്ക്കാന്തിയും പ്രകടിപ്പിച്ചവള്‍ ഒരു കന്യകയായി ജീവിക്കാനും, സന്ന്യാസത്തിലൂടെ പൂര്‍ണ്ണമായി തന്നെത്തന്നെ ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിക്കുവാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇടവക വികാരിവഴി അന്ന് തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ കർമ്മലീത്ത മഠത്തിൽ പുണ്യവതിയായ എവുപ്രാസ്യാമ്മയുടെ സാന്നിദ്ധ്യമുണ്ടായിരുന്ന സമൂഹത്തില്‍ സന്ന്യാസാര്‍ത്ഥിനിയായി ചേര്‍ന്നു. എന്നാല്‍ കര്‍മ്മലീത്ത സമൂഹത്തില്‍ തന്‍റെ വ്യക്തിഗത ഉള്‍വിളിയുടെ സംതൃപ്തി കണ്ടെത്താനാവാതെ, ത്രേസ്യ തന്‍റെ മാനസികാവസ്ഥയെക്കുറിച്ച് പുണ്യവതിയായ എവുപ്രാസ്യാമ്മയോടു തുറന്നു സംസാരിച്ചശേഷം പുത്തിന്‍ചിറയിലെ വീട്ടിലേയ്ക്കു മടങ്ങി. എന്നാല്‍ പ്രത്യേകമായ ഒരു ജീവിതശൈലിക്കും പ്രേഷിതസമര്‍പ്പണത്തിനുമായി ദൈവം തന്നെ വിളിക്കുകയാണ്, ഒരുക്കുകയാണെന്ന ഉറച്ചബോധ്യം അതോടെ മറിയം ത്രേസ്യായ്ക്ക് ലഭിക്കുകയുണ്ടായി.
6. അമ്മയെ നയിച്ച ഉള്‍വിളി
തന്‍റെ വിളി എന്തെന്ന് കൂടുതല്‍ വ്യക്തമാക്കിത്തരുന്നതിനായി അവള്‍ പിന്നെയും തീവ്രമായി പ്രാര്‍ത്ഥിക്കുകയും, ധ്യാനിക്കുകയും ചെയ്തു. നീണ്ടയാമങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുകയും, ത്യാഗാനുഷ്ഠാനങ്ങളില്‍ മുഴുകയും ചെയ്തിരുന്നു. മെല്ലെ ഏകാന്തജീവിതവും ദൈവികൈക്യവും അവള്‍ക്ക് പ്രിയപ്പെട്ടതായി. അതു നല്കിയ ചൈതന്യം ഉള്‍ക്കൊണ്ട് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും, രോഗികളെയും, വയോജനങ്ങളെയും, മരണാസന്നരെയും പരിചരിക്കാനും മറിയം ത്രേസ്യാ അതീവ ശുഷ്ക്കാന്തി പ്രകടിപ്പിച്ചു. തങ്ങളുടെ കൂട്ടുകാരിയിലെ ജീവതനന്മയും പാവങ്ങളെ സഹായിക്കുന്നതിലുള്ള ഉദ്ദേശശുദ്ധിയും തിരിച്ചറിഞ്ഞ സമീപവാസികളായ ഏതാനും സമപ്രായക്കാര്‍ ത്രേസ്യായുടെ പരസ്നേഹ പ്രവൃത്തികളില്‍ പങ്കുചേര്‍ന്നത്, കെട്ടുറപ്പുള്ളൊരു കൂട്ടായ്മയായും ഉപവിപ്രവര്‍ത്തനങ്ങളുടെ സമൂഹമായും വളര്‍ന്നുവരാന്‍ ഇടയായി.
7. ഏകാന്തജീവിത സമൂഹം
അങ്ങനെ ഇരിക്കെ 1902-ല്‍ ത്രേസ്യ വരാപ്പുഴയ്ക്ക് അടുത്തുള്ള പുത്തന്‍പള്ളിയില്‍വച്ച് ജോസഫ് വിതയത്തിലച്ചനെ കണ്ടുമുട്ടി. ഒരു കുമ്പസാരത്തിലൂടെ തന്‍റെ ആദ്ധ്യാത്മിക ജീവിതസമര്‍പ്പണത്തിനുള്ള ആഗ്രഹവും ഉള്‍വിളിയും അവള്‍ ആദ്യമായി ഈ ആത്മീയ ഗുരുവിനോടു വെളിപ്പെടുത്തി. അന്ന് അവള്‍ പ്രകടിപ്പിച്ച സവിശേഷമായ തീക്ഷ്ണതയിലും ഉള്‍വിളിയിലും ദൈവം പ്രത്യേകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞ നല്ല പ്രേഷിതനും സാമൂഹ്യപ്രതിബദ്ധതയുള്ളവനുമായ ഫാദര്‍ ജോസഫ് വിതയത്തില്‍ മെല്ലെ ത്രേസ്യായുടെ ആത്മീയ നിയന്താവായി തീര്‍ന്നു.
8. കുടുംബങ്ങളെ കേന്ദ്രീകരിച്ച പ്രേഷിതവൃത്തി
കുടുംബങ്ങളെ , വിശിഷ്യ പാവങ്ങളായ കുടുംബങ്ങളെ ജാതിമത ഭേദമെന്യേ സഹായിക്കുന്ന അവളുടെ ജീവിതസമര്‍പ്പണത്തെ അദ്ദേഹം പ്രോത്സഹിപ്പിക്കുകയും, അതിലുള്ള ദൈവപരിപാലനയുടെ അദൃശ്യമായ കരങ്ങള്‍ വ്യാഖ്യാനിച്ചു കൊടുക്കുകയും, വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. വിതയത്തിലച്ചന്‍ നല്കിയ നിര്‍ദ്ദേശങ്ങളും, അദ്ദേഹത്തിന്‍റെ സ്വാധീനവുംകൊണ്ട് സ്ഥലത്തെ ഒരു പ്രമാണി ത്രേസ്യായ്ക്കും കൂട്ടുകാര്‍ക്കുമായി കുഴിക്കാട്ടുശ്ശേരിയില്‍ ഒരു “ഏകാന്തഭവനം” പണിയിച്ചുകൊടുത്തു. തന്‍റെ മൂന്നു കൂട്ടുകാരികളുമൊത്തു അവിടെ ജീവിച്ച ത്രേസ്യ, ആ കൂട്ടായ്മയുടെ ആത്മീയ ജീവിതത്തെ കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ട് കുടുബങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു ചെറിയ സമര്‍പ്പിത സമൂഹത്തിന് അടിത്തറപാകി.
9. ഒരു സന്ന്യാസ സമൂഹത്തിന്‍റെ പിറവി
പുത്തന്‍ചിറിയിലെയും പരിസരപ്രദേശത്തെയും കുടുംബങ്ങള്‍ക്കു സഹായമായിരുന്ന ഈ ഉപവിയുടെ കൂട്ടായ്മ മെല്ലെ ഒരു സന്ന്യാസ സമൂഹത്തിന്‍റെ രൂപഭാവങ്ങൾ ഉൾക്കൊള്ളുകയും, അവര്‍ പ്രാര്‍ത്ഥനയിലും ഉപവിപ്രവൃത്തികളിലും കൂടുതല്‍ മുഴുകിക്കൊണ്ട് ഒരു സമര്‍പ്പിത സമൂഹത്തെപ്പോലെ ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. കുടുംബങ്ങളാണ് സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഈറ്റില്ലങ്ങളെന്നു മനസ്സിലാക്കിയ ത്രേസ്യയും കൂട്ടുകാരും കുടുംബ സമുദ്ധാരണം ജീവിതവ്രതമായെടുത്തു. കുടുംബങ്ങളെ തിരുക്കുടുംബങ്ങളായി മാറ്റണമെന്നത് മറിയം ത്രേസ്യായ്ക്കു ലഭിച്ച അനന്യമായ ഉള്‍ക്കാഴ്ചയായിരുന്നു. നിഷ്ക്കളങ്കമായ അവരുടെ പ്രേഷിതനിയോഗം ദൈവാത്മാവാല്‍ പ്രചോദിതമാണെന്നു തെളിയിക്കുന്നതായിരുന്നു അനുദിനം അവര്‍ക്കു ലഭിച്ച ഉത്തേജനവും കര്‍മ്മശേഷിയും തീക്ഷ്ണതയും. അങ്ങനെ മറിയം ത്രേസ്യായുടെ മനസ്സില്‍ പരിശുദ്ധാത്മാവു തെളിയിച്ച കുടുംബപ്രേഷിതത്ത്വത്തിന്‍റെ പൊന്‍നാമ്പ് പുത്തന്‍ചിറ ഗ്രാമത്തില്‍ ഒരു ഉപവിപ്രവര്‍ത്തന സമൂഹമായി തെളിഞ്ഞു പ്രകാശിക്കാന്‍ ഇടയായി.
10. തിരുക്കുടുംബത്തിന്‍റെ മാതൃകയും മാദ്ധ്യസ്ഥവും
അന്നത്തെ തൃശ്ശൂർ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജോൺ മേനാച്ചേരി 1914 മെയ് 13-ന് ത്രേസ്യായുടെയും കൂട്ടുകാരികളുടെയും ഏകാന്തഭവനം സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തിയും താല്പര്യവും പ്രകടമാക്കുകയും ചെയ്തു. അടുത്തദിവസം തന്നെ – മെയ് 14-ന് ജോസഫ് വിതയത്തിലച്ചന്‍റെയും മറ്റു സാമൂഹ്യപ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ പുത്തന്‍ചിറയിലെ മറിയം ത്രേസ്യായുടെയും കൂട്ടുകാരുടെയും ഏകാന്തഭവനത്തെ തിരുകുടുംബ സമൂഹം അഥവാ “ഹോളി ഫാമിലി കോൺവെന്‍റ്” (Holy Family Convent) എന്ന സന്യാസിനീ സമൂഹമായി ബിഷപ്പ് ജോണ്‍ മേനാച്ചേരി ഉയര്‍ത്തുകയും, മറിയം ത്രേസ്യയെന്ന് വിളിക്കപ്പെട്ട, പുത്തന്‍ചിറ മങ്കടിയാന്‍ ത്രേസ്യയെ തിരുക്കുടുംബത്തിന്‍റെ നാമത്തിലുള്ള പ്രഥമ സന്ന്യാസിനീ സമൂഹത്തിന്‍റെ മേലധികാരിയായി നിയമിക്കുകയും ചെയ്തു.
അധികം വൈകാതെ, തിരുക്കുടുംബ സമൂഹം പ്രാദേശിക തലത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ചെയ്ത നന്മകള്‍ കണ്ട്, തൃശൂര്‍ രൂപതാ മുന്‍കൈയ്യെടുത്ത് ഒരു ചെറുസന്ന്യാസമൂഹത്തിന് ആവശ്യമായ കാനോനിക നടപടികള്‍ പൂർത്തിയാക്കി. സിസ്റ്റര്‍ മറിയം ത്രേസ്യയ്ക്കും സമൂഹത്തിനും ജോസഫ് വിതയത്തിലച്ചനെത്തന്നെ ആത്മീയനിയന്താവും അവരുടെ കുമ്പസാരക്കാരനുമായി ഔദ്യോഗികമായി നിയോഗിക്കുകയും ചെയ്തു.
11. ഒരു യോഗീവര്യയുടെ മരണം
പുത്തന്‍ചിറയ്ക്കടുത്ത് തുമ്പൂര്‍ എന്ന സ്ഥലത്ത് പുതുതായി ഒരു കന്യകാമഠം ആശീര്‍വ്വദിക്കുന്ന ദിവസമായിരുന്നു അത്. കുടുംബങ്ങള്‍ക്കായുള്ള ആ എളിയ സമര്‍പ്പിത സമൂഹത്തെ തുമ്പൂര്‍ഗ്രാമം സന്തോഷത്തോടെ വരവേറ്റു. അങ്ങനെ ദൈവം വര്‍ഷിച്ച പ്രത്യേക കൃപയുടെ അടയാളമായി സിസ്റ്റര്‍ മറിയം ത്രേസ്യയും സഹോദരിമാരും മാത്രമല്ല, ആ നാട്ടുകാര്‍ മഴുവനും അതിനെ കണക്കാക്കുകയും ദൈവത്തിനു നന്ദിപറയുകയും ചെയ്തു. ബലിവേദിയും ജനങ്ങളുടെ ഭാഗവും വേര്‍തിരിക്കാന്‍ കോണ്‍വെന്‍റിന്‍റെ കപ്പേളയില്‍ സ്ഥാപിച്ചിരുന്ന “ക്രാസിക്കാല്‍” ആശീര്‍വ്വാദകര്‍മ്മത്തിന്‍റെ തിക്കിലും തിരക്കിലും മറിഞ്ഞുവീണത് സിസ്റ്റര്‍ ത്രേസ്യായുടെ കാലിലായിരുന്നു. കാലില്‍പ്പറ്റിയ ചെറുമുറിവും ചതവും സിസ്റ്റര്‍ ത്രേസ്യായോ, അതു കണ്ടവരോ കര്‍മ്മത്തിനിടയില്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ ആ ചെറിയ സംഭവം കാലിൽ ഉണ്ടാക്കിയ മുറിവും നീരും, അന്നത്തെ നാടന്‍ ചികിത്സാക്രമത്തില്‍ സൗഖ്യപ്പെടാതെ വലിയ വ്രണമായി മാറി.
സിസ്റ്റര്‍ ത്രേസ്യ ജ്വരബാധിതയായി കിടപ്പിലായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ സിസ്റ്റര്‍ മറിയം ത്രേസ്യാ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണങ്ങാ-മുറിവുമായി ബന്ധപ്പെട്ട ജ്വരം മൂര്‍ച്ഛിച്ച് 1926 ജൂൺ 8-ന് 50-Ɔമത്തെ വയസ്സിൽ കുഴിക്കാട്ടുശ്ശേരി മഠത്തിൽവച്ചു മരണമടഞ്ഞു. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയുടെ തറയിലാണ് സിസ്റ്റര്‍ മറിയം ത്രേസ്യയുടെ മൃതശരീരം അന്നു വൈകുന്നേരം അടക്കംചെയ്തത്.
12. വിശുദ്ധിയുടെ പടവുകളിലേയ്ക്ക്…!
കുടുംബങ്ങളുടെ പ്രേഷിതയായ സിസ്റ്റര്‍ മറിയം ത്രേസ്യായുടെ ലാളിത്യമാര്‍ന്ന വിശുദ്ധിയുടെ ജീവിതവഴികള്‍ കണ്ടറിഞ്ഞ ഫാദർ ജോസഫ് വിതയത്തിൽ അമ്മയോടു ബന്ധപ്പെട്ട എല്ലാ രേഖകളും അന്നാളുകളില്‍ത്തന്നെ പിന്നീടു സ്ഥാനമേറ്റ തൃശ്ശൂർ രൂപതാദ്ധ്യക്ഷന്‍, ജോർജ്ജ് ആലപ്പാട്ടു തിരുമേനിക്ക് 1957-ല്‍ കൈമാറുകയുണ്ടായി. നാമകരണനടപടിക്രമങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചിട്ടുള്ള, പോസ്റ്റുലേറ്ററും (Postulator) കര്‍മ്മലീത്താ സഭാംഗവുമായ ഫാദര്‍ സൈമണ്‍ ഒ.സി.ഡി.യെ അതെല്ലാം എല്പിച്ചിട്ട് വത്തിക്കാനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി നല്കുകയും ചെയ്തു.
തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയായ സിസ്റ്റര്‍ മറിയം ത്രേസ്യായുടെ വീരോചിത പുണ്യങ്ങള്‍ രേഖപ്പെടുത്തിയ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വത്തിക്കാനില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിനു സമര്‍പ്പിച്ചത്, 1973 ഒക്ടോബർ
5-ന് പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പാ ഡിക്രിയിലൂടെ അംഗീകരിച്ചപ്പോള്‍, വിശുദ്ധിയുടെ പടവുകളില്‍ സിസ്റ്റര്‍ മറിയം ത്രേസ്യ “ദൈവദാസി” എന്നു വിളിക്കപ്പെട്ടു. തുടര്‍ന്ന് 1985 നവംബർ 8-ന് ദൈവദാസിയുടെ വീരോചിത പുണ്യങ്ങള്‍ വത്തിക്കാന്‍ പഠിച്ചത് അംഗീകരിച്ചതായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാപ്രഖ്യാപിച്ചതോടെ ദൈവദാസി മദര്‍ മറിയം ത്രേസ്യ “ധന്യ”പദവിയിലേയക്കും ഉയര്‍ത്തപ്പെട്ടു.
13. ദൈവികമായ ഇടപെടലുകളും അത്ഭുത രോഗശാന്തിയും
മാത്യു പെല്ലിശ്ശേരി എന്ന ബാലന് രണ്ടുകാലിനും ജന്മനാ (Congenital club feet) മുടന്തുണ്ടായിരുന്നു. മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ലഭിച്ച സൗഖ്യം, അത്ഭുതരോഗ ശാന്തിയെന്ന് വൈദ്യശാസ്ത്രം സ്ഥിരപ്പെടുത്തിയതില്‍ പിന്നെ, അത് വത്തിക്കാന്‍ പഠിച്ചു പരിശോധിച്ച് അംഗീകരിക്കുകയും, 2000-Ɔമാണ്ട് ജൂബിലി വര്‍ഷത്തിലെ ഏപ്രില്‍ 9- Ɔ൦ തിയതി വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തില്‍വച്ച് ധന്യയായ മദര്‍ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു.
14. വിശുദ്ധരുടെ ഗണത്തിലേയ്ക്കു നയിച്ച അത്ഭുത രോഗശാന്തി
വിശുദ്ധ പദത്തിലേയ്ക്കു ഉയര്‍ത്തപ്പെടുവാന്‍ കാരണമായ രണ്ടാമത്തെ അത്ഭുതരോഗശാന്തി നടന്നത് 2009-ലാണ്. ആശുപത്രിയില്‍ പിറന്നുവീണ കുഞ്ഞിന്‍റെ ശ്വാസതടസ്സം (respiratory block) ശ്വാസകോശത്തിലെ അത്യപൂര്‍വ്വ രോഗമാണെന്നും, 48 മണിക്കൂറില്‍ കുഞ്ഞു മരിക്കുമെന്നും ഡോക്ടര്‍മാര്‍ വിധികല്പിച്ചിരുന്നു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തിരുശേഷിപ്പു കുഞ്ഞിന്‍റെ നെഞ്ചില്‍വച്ചു മാതാപിതാക്കള്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി, കുഞ്ഞ് ഏതാനും മണിക്കൂറില്‍ സാധാരണഗതിയില്‍ ശ്വസിക്കുകയും സുഖംപ്രാപിക്കുകയും ചെയ്തു.
തൃശൂര്‍ അമല ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ സംഭവിച്ച ഈ കുഞ്ഞിന്‍റെ ശ്വാസകോശ സംബന്ധമായ അത്യപൂര്‍വ്വ രോഗത്തില്‍നിന്നും ലഭിച്ച സൗഖ്യം വൈദ്യശാസ്ത്രത്തിനു കണ്ടെത്താനും വിവരിക്കാനുമാവാത്ത അത്ഭുതമാണെന്ന് പ്രസ്താവിക്കുന്ന ഇന്ത്യയില്‍നിന്നും ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന് സമര്‍പ്പിക്കുകയുണ്ടായി. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള തിരുസംഘം പരിശോധിച്ചു പഠിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കി പാപ്പായ്ക്കു സമര്‍പ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച പാപ്പാ ഫ്രാന്‍സിസ്, ഈ അത്ഭുത രോഗശാന്തി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പുണ്യജീവിതത്തിനു സാക്ഷ്യമായ മറ്റൊരു അത്ഭുതമായും, അമ്മയുടെ മാദ്ധ്യസ്ഥം വഴിയുള്ള ദൈവിക ഇടപെടലായും 2019 ഫെബ്രുവരി 12-ന് പരസ്യപ്പെടുത്തിയ ഡിക്രിയിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ വിശുദ്ധ പദവിയിലേയ്ക്കു ഉയര്‍ത്തുന്നതിനുള്ള അവസാനത്തെ ഔദ്യോഗിക നടപടിക്രമമായിരുന്നു.
15. ഒക്ടോബര്‍ 13-ന് വിശുദ്ധ പദ പ്രഖ്യാപനം : കുടുംബങ്ങള്‍ക്കു തുണയായൊരു പുണ്യവതി
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്നത് ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് കുഴിക്കാട്ടുശ്ശേരി മഠത്തിനോടു ചേര്‍ന്നുള്ള കൊച്ചുകപ്പേളയിലാണ്. കുടുംബങ്ങള്‍ക്ക് തുണയായ ഈ പുണ്യവതിയുടെ മാദ്ധ്യസ്ഥം തേടുന്നവര്‍ ആയിരങ്ങളാണ്. 2019 ഒക്ടോബര്‍ 13-ന് ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിമദ്ധ്യേ, ആഗോള സഭയിലെ മറ്റു മൂന്നു വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം കേരളക്കരയ്ക്കും ലോകത്തിനുതന്നെയും അനുഗ്രഹമായും കുടുംബങ്ങള്‍ക്ക് മദ്ധ്യസ്ഥയായും വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യാ വിശുദ്ധിയുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും. നമുക്ക് ആഹ്ലാദിക്കാം, ആനന്ദിക്കാം, ദൈവത്തിനു നന്ദിയര്‍പ്പിക്കാം…!! വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായേ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുപാലിക്കണേ!