സഭ വിട്ടവരിലും സഭാവിരുദ്ധരിലുംനിന്നു ക്രൈസ്തവസന്യാസത്തെപ്പറ്റി പഠിക്കുന്ന മാധ്യമവീരന്മാരെപ്പറ്റി സഹതപിക്കുക. സന്യാസമെന്തെന്ന് അറിവില്ലാത്ത മാധ്യമപ്രവർത്തകരിൽ ചിലരുടെ ചോദ്യോത്തരങ്ങളുടെ സ്വാധീനത്തിലാണു സഭയിലെ സന്യാസജീവിതത്തെ വിലയിരുത്താൻ പലരും ഇറങ്ങിപ്പുറപ്പെടുന്നത്. സന്യാസജീവിതത്തിന്റെ ലാളിത്യവും അത് ഉൾക്കൊള്ളുന്ന പരിത്യാഗവും അനുസരണവുമൊക്കെ അപരിഷ്കൃതമായി കാണുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് അവർ. അവരാണു ചോദിക്കുന്നതു സന്യാസിയുടെ ശന്പളം എവിടെയെന്ന്.ഒരുപക്ഷേ സന്യാസജീവിതം സമൂഹത്തിലെ അവിവാഹിതരായ പുരുഷന്മാരുടെയും കല്യാണം വേണ്ടെന്നുവച്ച സ്ത്രീകളുടെയും ഒരു ക്ലബ്ബായിട്ടായിരിക്കാം ചാനലിൽ വന്നിരുന്നു വിഴുപ്പലക്കുന്നവർ മനസിലാക്കുക. ഏതെങ്കിലും ഒരു സന്യാസസഭയുടെ നിയമാവലിയെങ്കിലും അവരൊന്നു വായിക്കട്ടെ.
സന്യാസം ക്രൈസ്തവ ദർശനത്തിൽ
ക്രിസ്തീയ സന്യാസം മൗലികമായി സുവിശേഷത്തിലെ ക്രിസ്തുവിനെ അടുത്ത് അനുഗമിക്കലാണ്. ബ്രഹ്മചാരിയും ദരിദ്രനും അനുസരണമുള്ളവനുമായ ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കലാണ്. ലോകാവസാനം വരെ അതു തുടരാനുള്ള മാർഗമാണ്. ഈ അടിസ്ഥാന ആശയത്തെ വിവിധ കാലഘട്ടങ്ങളിൽ വിവിധ കാഴ്ചപ്പാടിലൂടെ സന്യാസികളും ക്രിസ്തീയ സന്യാസത്തെപ്പറ്റി പഠിച്ചവരും അവതരിപ്പിച്ചിട്ടുണ്ട്. സന്യാസത്തെ രക്തം ചിന്താത്ത രക്തസാക്ഷിത്വമായി ആദ്യകാലം മുതലേ ചിത്രീകരിക്കാറുണ്ട്. പരിത്യാഗത്തിന്റെ പശ്ചാത്തലത്തിലാണ് അങ്ങനെ ഒരാശയം ജന്മം കൊണ്ടത്. മതപീഡനകാലത്തു രക്തം ചിന്തിക്കൊണ്ടുള്ള രക്തസാക്ഷിത്വം സാധാരണമായിരുന്നു. സന്യാസം രക്തം ചിന്തിയുള്ള രക്തസാക്ഷിത്വമല്ലെങ്കിലും എല്ലാ ഭൗതിക നന്മകളും വസ്തുക്കളും യേശുവിനുവേണ്ടി പരിത്യജിക്കുന്നതുകൊണ്ട് അതിനെ രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വം എന്നു വിളിക്കുന്നു.ക്രിസ്തീയ സന്യാസത്തെ ഉടന്പടിയുടെ ജീവിതമെന്നു പഴയ നിയമ പശ്ചാത്തലത്തിൽ വിളിക്കാറുണ്ട്. ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾഎന്റെ ജനവുമാണ് (ജെറമിയ: 11.4) എന്ന ഉടന്പടിവാക്യത്തിൽ ദൈവവും ഇസ്രയേൽ ജനവും പരസ്പരം സ്വന്തമാണെന്നാണു പ്രഖ്യാപിക്കുന്നത്. സന്യാസസമർപ്പണത്തിൽ ദൈവവും സമർപ്പിതവ്യക്തിയും വസ്തുനിഷ്ഠമായി ഒരു പരസ്പര സ്വന്ത ഭാവത്തിലേക്കാണു പ്രവേശിക്കുന്നത്.ക്രിസ്തീയ സന്യാസജീവിതത്തിന്റെ മറ്റൊരു നാമമാണു വ്രതബദ്ധ ജീവിതം. വ്രതങ്ങളാൽ ബന്ധിതമായ ജീവിതം. ഒരുവനെ സന്യാസിയാക്കുന്നത് അവൻ സ്വതന്ത്രമായും പരസ്യമായും പ്രഖ്യാപിക്കുന്ന മൂന്നു വ്രതങ്ങളാണ് – ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം. ഈ വ്രതങ്ങളാൽ ഒരുവൻ ദൈവത്തോടു സ്വയം ബന്ധിതനാകുന്നു, ചേർന്നുനിൽക്കുന്നു. തന്റെ ജീവിതകേന്ദ്രമായ യേശുവിൽനിന്നു വേർപെട്ടുപോകാതിരിക്കുക, പൂർണമായും യേശുവിനോടു കൂടിയായിരിക്കുക എന്നതാണു സ്വതന്ത്രമായി തെരഞ്ഞെടുക്കുന്ന ഈ വ്രതത്രയം വഴിയായുള്ള സമർപ്പണത്തിന്റെ ലക്ഷ്യം.
പരാതിക്കാർ തുടരുന്നതെന്തിന്?
സമർപ്പിതജീവിതമെന്നും ക്രിസ്തീയ സന്യാസജീവിതത്തെ വിളിക്കാറുണ്ട്. ദൈവത്തിനും സഭാസേവനത്തിനുമായി സ്വജീവിതത്തെ വ്രതത്രയത്തിലൂടെ സമർപ്പിക്കുന്നവരുടെ ജീവിതസ്ഥിതിയെയാണു സമർപ്പിത ജീവിതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സന്യാസസഭകൾ സ്ഥാപന പ്രധാനങ്ങളാകുകയും സന്യാസ ജീവിതത്തിന്റെ കാര്യം മുൻഗണനാ ക്രമത്തിൽ ചിലരുടെയൊക്കെ വീക്ഷണത്തിൽ ഏറ്റവും താഴെയാകുകയും ചെയ്തപ്പോൾ ആകെ തലകീഴ് മറിയുന്ന സ്ഥിതിവിശേഷം സംജാതമാകുന്നുവെന്നു തിരിച്ചറിഞ്ഞ് ആ തലകീഴ്മറിച്ചിലിന് ആക്കം കൂട്ടാൻ ശ്രമിക്കുന്നവർ, തിരുസഭയെ എതിർക്കുന്നവർ കൈകൊട്ടിച്ചിരിക്കുന്നു. അനുസരണവും ദാരിദ്ര്യവും ബ്രഹ്മചര്യവുമൊക്കെ ചുക്കാണോ ചുണ്ണാന്പാണോ എന്നു തിരിയാത്ത സഭാവിരുദ്ധരുടെ കരങ്ങളിൽ ചില സന്യാസവേഷധാരികളും പണ്ഡിതരും പന്താടപ്പെടുകയാണ്. രാവിലെ നിശ്ചിത സമയത്ത് ഉണർന്ന് പ്രാർഥിക്കണമെന്ന നിഷ്കർഷയിൽ പരാതി, ധ്യാനിക്കണമെന്നു പറയുന്നതിൽ പരാതി, വിശുദ്ധബലിയിൽ കൃത്യമായി സംബന്ധിക്കണമെന്ന നിഷ്കർഷയിൽ പരാതി, ശന്പളം കിട്ടാത്തതിൽ പരാതി- അങ്ങനെ വിളിയോടു വിശ്വസ്തത പുലർത്താൻ കഴിയാത്തവരുടെ പരാതികളുടെ ലിസ്റ്റുകൾ സഭാവിരുദ്ധ പ്രസിദ്ധീകരണങ്ങളിലൂടെ അവതരിപ്പിച്ചു ഖ്യാതി നേടാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ ആരു നിർബന്ധിച്ചിട്ടാണാവോ സന്യാസസഭകളിൽ ചേർന്നതും അവിടെ തുടർന്നുപോകുന്നതും?ഇന്നത്തെ ലോകത്തിൽ ഒരു സന്യാസി ലോണെടുത്ത് ഒരു കാർ വാങ്ങിയാൽ എന്താ കുഴപ്പം എന്നു ചോദിക്കുന്ന ചാനൽ അവതാരകരായ ദൈവങ്ങൾ അരങ്ങുവാഴുന്ന കാലമാണിത്. സന്യാസസഭകളെ വരെ നിയന്ത്രിക്കുമെന്ന ഭാവത്തിലാണവർ. സന്യാസജീവിതം മറ്റൊരു തൊഴിലല്ലെന്നും സുഖജീവിതത്തിനുള്ള ഒരു സങ്കേതമല്ലെന്നും സന്യാസം സ്വീകരിക്കുന്നവർ മനസിലാക്കി പ്രവർത്തിക്കുന്നില്ലെങ്കിൽ, സഭാവിരോധികളുടെ കരങ്ങളിൽ അവർ ചട്ടുകങ്ങളാകുമെന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ആ ഒറ്റപ്പെട്ട സ്വരങ്ങൾ സഭാവിരോധികളുടെ മെഗാഫോണുകൾ സഭാവിരുദ്ധ മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കുന്നു. ഈ ലേഖനരചനയ്ക്ക് സഹായകമായി വിവിധ സന്യാസസഭകളുടെ നിയമാവലികൾ കാണുകയുണ്ടായി. എല്ലാം ഉപേക്ഷിച്ച് “എന്നെ അനുഗമിക്കാനുള്ള’ യേശുവിന്റെ ആഹ്വാനം പൂർണമായും ഉൾക്കൊള്ളാനാകുന്നവർക്കുള്ള ജീവിതമാണ് സന്യാസജീവിതമെന്ന് ആ പഠനം ഒന്നുകൂടി വ്യക്തമാക്കി. ചാനലുകാർ കണ്ടുപിടിച്ച “തിരുവസ്ത്രം’ ധരിച്ചതുകൊണ്ട് ഒരുവനും സന്യാസിയാകുകയില്ല. ഓരോ സന്യാസസഭകൾക്കും അവരുടെ നിയമാനുസൃതമുള്ള സഭാവസ്ത്രമുണ്ട്. അതിനെ തിരുവസ്ത്രമാക്കിയവർ വല്ലാത്ത വിശുദ്ധർ തന്നെ. സാധാരണ വസ്ത്രത്തെ തിരുവസ്ത്രമാക്കുന്നവരാണല്ലോ ഇന്ന് അരങ്ങുവാഴുന്നത്. എന്നാൽ, വിശുദ്ധ കുർബാന പരിക്രമം ചെയ്യുമ്പോൾ, അതിനായി മാത്രം ധരിക്കേണ്ട വസ്ത്രങ്ങളാണു സഭയിൽ തിരുവസ്ത്രമായി വിവക്ഷിക്കപ്പെടുന്നത്.
പാപിനിയുടെ കഥ ഇന്നായിരുന്നെങ്കിൽ
അന്നു വേശ്യയെന്നു മുദ്രകുത്തി ഒരു സ്ത്രീയെ ഫരിസേയരുടെ ഒരുകൂട്ടം യേശുവിന്റെ മുന്പിൽ കൊണ്ടുവന്ന് “ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലണമെന്നതാണ്’ തങ്ങളുടെ നിയമമെന്നറിയിച്ചു. ആ ഫരിസേയ പ്രമാണിമാരോട്, “അയ്യോ അതൊരു പാവം പെണ്ണല്ലേ, അവളെ കല്ലെറിയരുത്, വെറുതെ വിട്ടേരെ’ എന്നൊന്നും യേശു പറഞ്ഞില്ല. “നിയമാനുസൃതം പ്രവർത്തിച്ചോളു, ഒരു തടസവുമില്ല. എന്നോടു വന്നു നിയമത്തിന്റെ അടിസ്ഥാനത്തിൽ പരാതി പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം മാത്രം പറയുന്നു. നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ.’ അന്നു വേശ്യയെ എറിയാൻ വന്നവരുടെയെല്ലാം കരങ്ങളിൽ നിന്നു കല്ല് നിലത്ത് ഉതിർന്നുവീണു. ഇന്നായിരുന്നെങ്കിലോ?പാവം യേശു! ഈ ചാനൽ യുഗത്തിലോ മറ്റോ ആണ് യേശു വന്ന് “നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ’ എന്നു പറയുന്നതെന്നു സങ്കല്പിക്കുക. എന്തായിരിക്കും സംഭവിക്കുക? അവരിലെ ഏറ്റവും വലിയ പാപി ആദ്യം കല്ലെറിയും. ഇന്നു കൊലയാളി തന്നെ കൊല ചെയ്തവനെ കണ്ടുപിടിക്കാൻ പോലീസിന്റെ മുന്പിൽനിൽക്കുന്ന കാലമാണല്ലോ. എന്തായിരുന്നേനെ യേശുവിന്റെ സ്ഥിതി? ചാനൽ അവതാരകൻ ജനങ്ങളോടു ചോദിക്കും, യേശുവിന് അവൾ ആരായിരുന്നുവെന്ന് ഇപ്പോൾ മനസിലായോ? അതുകൊണ്ടല്ലേ മുട്ടായുക്തി പറഞ്ഞ് അന്ന് അവളെ രക്ഷപ്പെടുത്തിയത്.ഇന്നാണെങ്കിൽ തങ്ങളെ അപമാനിച്ച ഇവനെ കല്ലെറിഞ്ഞ് ഇപ്പോൾ തന്നെ കൊല്ലണം എന്ന് അവതാരകനോടൊപ്പം ജനങ്ങളും ആർത്തുവിളിച്ചേനെ. കാരണം “പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ’ എന്നു പറഞ്ഞപ്പോൾ തങ്ങൾ പാപികളും വ്യഭിചാരികളുമാണെന്നല്ലേ പരോക്ഷമായി അവൻ പറഞ്ഞത്. ഞങ്ങളെ പൊതുനിരത്തിൽ പാപികളെന്നു വിളിച്ച് അവഹേളിക്കാൻ ഗുരുവെന്നും പറഞ്ഞു നടക്കുന്ന ഈ ഗുരുനാട്യക്കാരൻ ധൈര്യപ്പെടുകയോ? അങ്ങനെ അവിടെ കൂടിയിരുന്ന സകലരും യേശുവിനെ കല്ലെറിയുകയും വീണ്ടും അവളെ അവരുടെ കൂടെ കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. ഇന്നു കല്ലേറുകളെല്ലാം കിട്ടുന്നതു സഭയ്ക്കിട്ടാണെങ്കിൽ, യേശുവിന്റെ മൗതികശരീരത്തിനിട്ടാണെങ്കിൽ, അത് യേശുവിനിട്ടുതന്നെയാണു കിട്ടുന്നത്. സംശയം വേണ്ട. ഇന്നത്തെ പാപരഹിതരും യേശുവിനെ കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നു!
ബാഹ്യദൃഷ്ടിയിൽ അസ്വാഭാവികം
യഥാർഥ സമർപ്പണജീവിതം ഒരു സമരജീവിതമാണ്. ആത്മീയമായ ഒരു സമരജീവിതം. അല്ലാതെ രാഷ്ട്രീയക്കാരുടേതുപോലുള്ള തെരുവുസമരജീവിതമല്ല. ത്യാഗജീവിതം, പരിത്യാഗജീവിതം, അനുചിന്തനത്തിന്റെയും പ്രാർഥനയുടേതുമായ ജീവിതം, ഏകാന്തതയുടേയും മൗനത്തിന്റേതുമായ ജീവിതം, അതീന്ദ്രിയത്വത്തിന്റേതായ ഒരു ജീവിതം. അങ്ങനെ ഒരു ജീവിതം സത്യസന്ധമായ ദൈവസ്നേഹത്തിന്റെ പേരിലും ദൈവിക ലക്ഷ്യത്തോടെയും മാത്രമുള്ള ജീവിതമാണ്. ബാഹ്യദൃഷ്ടിയിൽ നോക്കിയാൽ അസ്വാഭാവികമായ ഒരു ജീവിതം തന്നെ. ഈ ജീവിതം നയിക്കാൻ വിളിയില്ലാത്തവർ സന്യാസ വേഷം ധരിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്നു മാത്രമല്ല, അവർ നൽകുന്ന എതിർസാക്ഷ്യം ഒതപ്പിന് കാരണമാകുകയും ചെയ്യും. ലൗകിക ജീവിത മാനദണ്ഡങ്ങൾ അനുസരിച്ച് സന്യാസജീവിതത്തെ അളക്കുന്നതു നിർഭാഗ്യകരമായ കാര്യമാണ്. സന്യാസം ജീവിതമാർഗമല്ല
സന്യാസം ഒരു ജീവിതമാർഗമല്ല.
അതു ജീവിതമാണ്. ജീവിതം തന്നെയാണ്. ദൈവികമായ ഒരു വിളിക്കുള്ള പ്രത്യുത്തരമാണ്. വിശക്കുന്ന മനുഷ്യനു വിശപ്പടക്കാനും നഗ്നനായ മനുഷ്യനു മാന്യമായ വസ്ത്രധാരണം ചെയ്യാനും രോഗിക്കു രോഗത്തിനു പ്രതിവിധി തേടാറുമൊക്കെയുണ്ട്. സന്യാസിയായ മനുഷ്യനും ഇതൊക്കെ കൂടിയേ തീരൂ. സന്യാസസമൂഹത്തിലെ തൊഴിൽ ചെയ്യാൻ കഴിയാത്ത വ്യക്തിക്കു പോലും ഇവയെല്ലാം നൽകാൻ എല്ലാ സന്യാസസമൂഹവും ബാധ്യസ്ഥവുമാണ്.ഏതൊരു സന്യാസിയും സമൂഹത്തിന്റേതായ പ്രേഷിത ജോലികൾ ആരോഗ്യമുള്ളിടത്തോളം കാലം ചെയ്യും. അതിൽനിന്നുണ്ടാകുന്ന വരുമാനം ആ വ്യക്തിയുടെ സ്വകാര്യ കാര്യങ്ങൾക്കു വേണ്ടിയുള്ളതല്ല. ആ വ്യക്തിയുടെ സർവകാര്യങ്ങളും നടത്തിക്കൊടുക്കുന്ന സമൂഹത്തിനു വേണ്ടിയുള്ളതാണ്. അധ്യാപനത്തിൽ ഏർപ്പെടുന്ന, ആശുപത്രി ശുശ്രൂഷയിൽ ഏർപ്പെടുന്ന ഏതെങ്കിലും സന്യാസി അതിനെ ഒരു സ്വകാര്യ വരുമാനമാർഗമായി മാത്രമായാണു കാണുന്നതെങ്കിൽ ആ വ്യക്തിക്കു സന്യാസം ഒരു ജീവിതമല്ല, തൊഴിൽ മാത്രമാണ്. വെറും ജീവിതമാർഗം. വഴിതെറ്റി സന്യാസാവരണം സ്വീകരിച്ചവരെന്നേ അവരെപ്പറ്റി പറയാനാവൂ. ക്രൈസ്തവ സന്യാസം അവർക്കു പറഞ്ഞിട്ടുള്ളതല്ല. ക്രിസ്തുവിന്റേതുപോലുള്ള വിനീതവും ത്യാഗനിർഭരവുമായ ജീവിതമാണു സന്യാസികളിൽനിന്നു ജനം പ്രതീക്ഷിക്കുക. ക്രിസ്തീയ സന്യാസത്തെ ജീവിതമാർഗമായി കാണുന്നവർക്ക് ഒരുനിമിഷംപോലും സന്യാസഭവനാവൃതിക്കുള്ളിൽ ജീവിക്കാനാവുകയില്ല. ടെലിവിഷൻ അവതാരകരല്ല അവരുടെ അജൻഡ നിയന്ത്രിക്കേണ്ടത്, ക്രിസ്തുവാണ്.വെറുതെയല്ല വ്രതം കത്തോലിക്കാ സന്യാസസഭകളിൽ ഒരാൾ നിത്യവ്രതം ചെയ്യുന്നതിനു മുന്പ് അനേകവർഷങ്ങൾ നീളുന്ന താത്ത്വികവും പ്രായോഗികവുമായ പരിശീലനം നല്കുന്നുണ്ട്. ഈ ജീവിതം തങ്ങളെക്കൊണ്ടു ജീവിക്കാൻ സാധിക്കുമോ എന്നു നോക്കിയശേഷമാണ് നിത്യവ്രതം ചെയ്യണമോ എന്ന് ഓരോ വ്യക്തിയും തീരുമാനിക്കുന്നത്. പൂർണ അറിവോടും പൂർണ സമ്മതത്തോടും കൂടിയാണോ വ്രതം ചെയ്യാൻ പോകുന്നതെന്ന കാർമികന്റെ ചോദ്യത്തിന് അതേ എന്ന് എല്ലാവരും കേൾക്കത്തക്കവിധത്തിൽ ഉത്തരം പറഞ്ഞശേഷമാണ് ദൈവത്തോടു പരസ്യമായി വ്രതങ്ങൾ വാഗ്ദാനം ചെയ്യുന്നത്, ബന്ധുക്കളെയും സമൂഹത്തെയും സാക്ഷിനിർത്തിക്കൊണ്ട്. ഇതിനുശേഷം കുറെക്കഴിയുന്പോൾ സന്യാസത്തിൽ പീഡനമാണ്, മൗനസഹനമാണ് എന്നൊക്കെ വിലപിക്കുന്നവർ, തങ്ങൾ എല്ലാം വലിച്ചെറിഞ്ഞു ദൈവത്തോടു ചെയ്ത വാഗ്ദാനത്തോടു സത്യസന്ധതയും വിശ്വസ്തതയും പുലർത്താനാവാത്തവർ, സന്യാസഭയിൽ ശല്യക്കാരായി മാറും. തങ്ങളുടെ സമർപ്പിത ജീവതത്തോടു വിശ്വസ്തത പുലർത്തുന്നവർക്ക് ആ ജീവിതം സന്തോഷപ്രദമാണ്. അല്ലാത്തവർക്കു നരകം. അതു സ്വയം സൃഷ്ടിക്കുന്ന നരകം.
ഡോ. ജോസഫ് കാഞ്ഞിരമറ്റം സിഎംഐ
കടപ്പാട്- ദീപിക