ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പ്രഥമ ചാൻസിലറും പാലാ സ്വദേശിയുമായ ഫാ. സക്കറിയാസ് തോട്ടുവേലിൽ (62) നിര്യാതനായി. അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതാംഗമായ ഇദ്ദേഹം കഴിഞ്ഞ ഒരു വർഷമായി ഷംഷബാദ് രൂപതയുടെ ഭാഗമായ ഗുജറാത്തിലെ അഹമ്മദാബാദിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. മൃതസംസ്‌ക്കാര കർമം പിന്നീട് പാലായിൽ നടക്കും.

പാലാ രൂപത മാൻവെട്ടം സെന്റ് ജോർജ് ഇടവക പരേതരായ വർക്കി- മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. 1983ൽ തിരുപ്പട്ടം സ്വീകരിച്ച ഇദ്ദേഹം 18 വർഷത്തോളം പാലാ രൂപതയിലെ വിവിധ ഇടവകളിൽ സേവനം ചെയ്തു. ഭാരതത്തിന് പുറത്ത് സീറോ മലബാർ സഭയുടെ പ്രഥമ രൂപതയായി
ചിക്കാഗോ സെന്റ് തോമസ് രൂപത സ്ഥാപിതമായതോടെ 2001ൽ അമേരിക്കയിലെ ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടു.

ചാൻസിലർ ശുശ്രൂഷയ്‌ക്കൊപ്പം മൂന്നു വർഷം ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സെക്രട്ടറികൂടിയായിരുന്നു. 2003മുതൽ ഗാർലൻഡ് സെന്റ് തോമസ് ദൈവാലയ വികാരിയായി. പിന്നീട് മയാമി നിത്യസഹായമാതാ ദൈവാലയത്തിലും ഹൂസ്റ്റൺ സെന്റ് ജോസഫ് ദൈവാലയത്തിലും വികാരിയായി ശുശ്രൂഷചെയ്തു. കഴിഞ്ഞ വർഷമാണ് ഗുജറാത്തിൽ ശുശ്രൂഷ ആരംഭിച്ചത്.

മൃതദേഹം നാളെ (സെപ്തംബർ 23) വൈകിട്ട് പാലായിലേക്ക് കൊണ്ടുവരും. സഹോദരങ്ങൾ: റോസമ്മ, മേരി, ത്രേസ്യാമ്മ, ലീലാമ്മ, സിസ്റ്റർ മേരി, ജോയ്, ബേബി.