ചോദ്യം:- ഗര്‍ഭഛിദ്രം (abortion) ഗൗരവമായ ഒരു പാപമായതിനാല്‍ അതില്‍ നേരിട്ട് സഹകരിച്ചവരെയും, മേല്‍പ്പറഞ്ഞ പ്രവൃത്തിക്കു സഹായം ചെയ്തവരെയും പള്ളിക്കുറ്റത്തിന്‍കീഴില്‍ നിര്‍ത്തുന്ന രീതി സഭയില്‍ ഉണ്ടായിരുന്നല്ലോ. നമ്മുടെ സഭയില്‍ അങ്ങനെയുള്ളവര്‍ക്കു പാപമോചനത്തെ സംബന്ധിച്ചുള്ള നിയമം എന്താണ്?

ഉത്തരം:- ഗര്‍ഭഛിദ്രം ഗൗരവമായ പാപമായാണ് സഭ പരിഗണിക്കുന്നത്. തന്നെത്തന്നെ പ്രതിരോധിക്കുവാന്‍ കെല്പില്ലാത്ത ശിശുവിനെ ഇല്ലാതാക്കുന്നത് ദൈവതിരുമുമ്പാകെ ഗൗരവമായ പാപമായി സഭ ആദ്യംമുതല്‍ കരുതുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തില്‍ ഗര്‍ഭഛിദ്രപ്രവണത വര്‍ദ്ധിച്ചുവരുന്നു എന്നുള്ളത് ഒരു ദുഃഖസത്യമാണ്. ഗര്‍ഭഛിദ്രത്തിന് ആശുപത്രികള്‍ അവലംബിക്കുന്ന പല രീതികളുണ്ട്. Suction, D and C Method, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം എന്നിവ അതില്‍ ചിലതുമാത്രമാണ്. തങ്ങളുടെ സുരക്ഷിതമായ ജീവിതത്തിനു തടസ്സമായി കണ്ട് ഗര്‍ഭാവസ്ഥയിലുള്ള ഒരു ശിശുവിനെ വധിക്കുകവഴി അതിക്രൂരമായ പാപമാണ് ഗര്‍ഭഛിദ്രം നടത്തുന്നവരും, അതിനുവേണ്ടി പ്രേരിപ്പിക്കുന്നവരും, സഹായിക്കുന്നവരും ഒക്കെ ചെയ്യുന്നത്. ഗര്‍ഭഛിദ്രത്തിന്റെ പരിധി എന്തെന്ന് സഭ വളരെ വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. ഗര്‍ഭധാരണത്തിനുശേഷം രൂപമെടുത്ത ഒരു ജീവന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുകയും അതിനെ നശിപ്പിക്കുവാന്‍ ബോധപൂര്‍വ്വകമായി ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുകയും ചെയ്യുമ്പോള്‍ അത് ഗര്‍ഭഛിദ്രം എന്ന കൊടിയ പാപത്തിന്റെ പരിധിയില്‍ വരും. അമ്മയുടെ ഉദരത്തില്‍ വെച്ചുമാത്രമല്ല, പുറത്തു വെച്ചുള്ളതും ഗൗരവമായി സഭ കാണുന്നു. 1998 -ല്‍ പരിശുദ്ധ സിംഹാസനം ഇത്തരത്തിലുള്ള നിയമവ്യാഖ്യാനം നല്‍കിയിട്ടുണ്ട്. ഈ നിയമവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ടോ, അല്ലാതെയോ ഗര്‍ഭഛിദ്രത്തെ സഹായിക്കുന്നത് പിടിക്കപ്പെടേണ്ട പാപമായി സഭ കണക്കാക്കുന്നു.
പൗരസ്ത്യസഭകള്‍ക്കുള്ള നിയമസംഹിത 1450 പ്രകാരം നരഹത്യ (Homicide) നടത്തിയ ഒരുവനെ മഹറോന്‍ ശിക്ഷയില്‍പ്പെടുത്തേണ്ടതാണ്. നരഹത്യയ്ക്ക് നേരിട്ടോ അല്ലാതെയോ കൂട്ടുനിന്നിട്ടുള്ള വൈദികശുശ്രൂഷി സ്ഥാനഭ്രഷ്ടനാക്കപ്പെടണം. ഗര്‍ഭഛിദ്രത്തിന് നേരിട്ടൊ, അല്ലാതെയോ കൂട്ടുനിന്ന വ്യക്തിക്കു ള്ള ശിക്ഷാവിധിയും ഇപ്രകാരം തന്നെയാണ്. പൗരസ്ത്യ സഭാനിയമം 728 അനുസരിച്ച് ഭ്രൂണഹത്യ നടത്തിയവരുടെയും അതിനു സഹകരിച്ചവരുടെയും പാപം മോചിക്കുവാന്‍ രൂപതാ മെത്രാനുമാത്രമേ അധികാരമുള്ളു. എന്നാല്‍ വിശ്വാസികളുടെ സൗകര്യത്തെ കരുതി, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ അധികാരം മറ്റു വൈദികര്‍ക്കും നല്‍കാറുണ്ട്. പൊതുധ്യാനാവസരത്തില്‍ ഇത്തരത്തിലുള്ള പാപമോചനത്തിനുള്ള അധികാരം കുമ്പസാരക്കാര്‍ക്ക് നല്കപ്പെടുന്നുണ്ട്. മറ്റ് അവസരങ്ങളില്‍ ചെയ്യാവുന്നത് താഴെപ്പറയുംപ്രകാരമാണ്. കുമ്പസാരത്തിനായി അണയുമ്പോള്‍, പാപമോചനത്തിനായി സന്നിഹിതനാകുന്ന വൈദികന്റെ മുമ്പില്‍ തന്റെ ഈ പാപം തുറന്നുപറയുക. കുമ്പസാരക്കാരനായ വൈദികന്‍ അനുതാപിയായി വന്ന വിശ്വാസിക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്കി, തെറ്റില്‍ വീണ്ടും ഉള്‍പ്പെടാതിരിക്കാനാവശ്യമായ ഉപദേശങ്ങള്‍ നല്കുന്നു. മെത്രാനില്‍ നിക്ഷിപ്തമായിരിക്കുന്ന പാപമോചനാധികാരം തനിക്കില്ലാത്തതിനാല്‍ അദ്ദേഹം പറയുന്ന സമയം അതേ സ്ഥലത്തുതന്നെ, അദ്ദേഹത്തിന്റെയടുക്കല്‍ വീണ്ടും പാപമോചനത്തിനായി അണയുക. മെത്രാനില്‍നിന്നും ലഭ്യമായ അധികാരത്തോടും, അനുവാദത്തോടുംകൂടി അദ്ദേഹം ഉത്തമ മനഃസ്താപത്തില്‍ വന്ന അനുതാപിയുടെ പാപങ്ങള്‍ മോചിക്കുന്നു. ഈ സാധാരണ രീതിയാണ് പരമ്പരാഗതമായി നമ്മുടെ സഭയില്‍ നടന്നുവന്നതും, നടന്നുകൊണ്ടിരിക്കുന്നതും. എന്നാല്‍ മെത്രാന് ഉത്തമമെന്ന് തോന്നുന്ന ഏതൊരവസരത്തിലും ഇത്തരത്തിലുള്ള പാപമോചനാധികാരം ഓരോ സ്ഥലത്തിന്റെ യും കാലത്തിന്റെയും പ്രത്യേകതകള്‍ അനുസരിച്ച് നല്കുവാന്‍ സാധിക്കും.
ലത്തീന്‍ സഭയ്ക്കുള്ള നിയമം 1398 അനുസരിച്ച് പൂര്‍ണ്ണ ഭ്രൂണഹത്യ നടത്തിയ വ്യക്തി ആ പ്രവൃത്തിമൂലം നിയമത്താല്‍ തന്നെ സഭയ്ക്കു പുറത്താക്കപ്പെടുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രവൃത്തിക്കു സഹായകരമായി വര്‍ത്തിച്ചവര്‍ (ഉദാ:മാതാപിതാക്കള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മുതലായവര്‍) അവരുടെ പ്രവൃത്തികള്‍ അനുസരിച്ച് ശിക്ഷയുടെ പരിധിയില്‍ വരും.
മേല്‍ വിവരിച്ച ഗര്‍ഭഛിദ്രം എന്ന ഗൗരവമായ പാപം ഒരുവന്റെ ആദ്ധ്യാത്മിക ജീവനു ഹാനിയായിത്തീരരുതെന്ന് സഭ ആഗ്രഹിക്കുന്നു. ബലപ്രയോഗം, വലിയ ഭയം, വഞ്ചന എന്നിവവഴി ഒരാള്‍ ഈ പാപം ചെയ്യുവാന്‍ ഇടയാകുന്നുവെങ്കില്‍ ന്യായമായും പ്രസ്തുത വ്യക്തി ആ തെറ്റിന് ഉത്തരവാദിയായിരിക്കില്ല(Cfv. C. 1421). ഗര്‍ഭഛിദ്രത്തിന് ബോധപൂര്‍വ്വം സഹകരിക്കുന്ന വ്യക്തികള്‍ മുഖ്യമായും തെറ്റുചെയ്യുന്ന വ്യക്തിയുടെ ഗൗരവമായ പാപത്തിന്റെയൊപ്പം തന്നെ പങ്കുചേരുകയാണ് ചെയ്യുന്നത്. എന്നാല്‍ കൂട്ടുനില്‍ക്കുന്ന വ്യക്തികള്‍ അവരുടെ സഹകരണത്തിന്റെ ഗൗരവം അനുസരിച്ചുമാത്രമേ, അവരുടെ പ്രവൃത്തിയെ വിലയിരുത്താനാകൂ. മരണാസന്നനായ ഒരു അനുതാപിയുടെ പാപം അയാള്‍ മരണാസന്നനായി കിടക്കുന്ന അവസരത്തില്‍ ഏതൊരു വൈദികനും മോചിക്കുവാന്‍ അധികാരമുണ്ട് (Cfr. C. 725).