തിരുവനന്തപുരം: പ്രളയവും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്തിനുണ്ടായ യഥാർഥ നഷ്ടവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്രത്തോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടും. കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു കണക്കാക്കിയ നിവേദനം കേന്ദ്രസംഘത്തിനു കൈമാറി. എന്നാൽ, രണ്ടാം പ്രളയത്തിലും ഉരുൾപൊട്ടലിലുമുണ്ടായ യഥാർഥ നഷ്ടം ഇപ്പോൾ കണക്കാക്കിയതിന്റെ നാലു മടങ്ങു മുതൽ പത്തു മടങ്ങ് വരെയാണെന്നു കേന്ദ്രസംഘവുമായുള്ള ചർച്ചയ്ക്കുശേഷം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. യഥാർഥ നഷ്ടം കണക്കാക്കിയാകും പാക്കേജ് തയാറാക്കി കേന്ദ്രത്തിനു സമർപ്പിക്കുക. പ്രളയനഷ്ടമടങ്ങിയ സംസ്ഥാനത്തിന്റെ നിവേദനം വൈകാതെ കേന്ദ്ര സർക്കാരിനു സമർപ്പിക്കുമെന്നു ചർച്ചയിൽ കേന്ദ്രസംഘം അറിയിച്ചു. വീടുകൾ തകർന്നത് അടക്കമുള്ള റവന്യു നഷ്ടം കൂടാതെ കൃഷി, ജലവിഭവം, വൈദ്യുതി, റോഡ് മേഖലകളിലായി കനത്ത നഷ്ടമാണു സംസ്ഥാനത്തുണ്ടായത്. മലപ്പുറം കവളപ്പാറയിൽ ഒരു ഗ്രാമം പൂർണമായി ഒഴുകിപ്പോയതായി കേന്ദ്രസംഘത്തിനു ബോധ്യമായിട്ടുണ്ട്. എന്നാൽ, കേന്ദ്ര മാനദണ്ഡപ്രകാരം മാത്രമേ തുക നൽകാൻ കഴിയൂ. വീടു തകർന്നാൽ, സംസ്ഥാനം നാലു ലക്ഷം രൂപ വീതം നൽകും. എന്നാൽ, കേന്ദ്ര സർക്കാർ മലയോര മേഖലയിൽ 1.01 ലക്ഷം രൂപ മാത്രമാണ് ഒരു വീടിനു നൽകുന്നത്. കാർഷിക മേഖലയിലുണ്ടായ നഷ്ടവും വളരെ വലുതാണ്. കാർഷിക മേഖലയിൽ മാത്രം 2000 കോടിയുടെ നഷ്ടമാണുണ്ടായത്. കേന്ദ്ര മാനദണ്ഡപ്രകാരം 66.41 കോടി രൂപ മാത്രമേ നിവേദനത്തിൽ ഉൾപ്പെടുത്താനാകൂ. ഗ്രാമീണ റോഡുകൾ അടക്കം ഒരു ലക്ഷം കിലോമീറ്റർ തകർന്നതായാണു കണക്കാക്കുന്നത്. കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ പൊതുമരാമത്ത് നിരക്കനുസരിച്ച് 13 ലക്ഷം രൂപ വേണം. എന്നാൽ, കേന്ദ്ര മാനദണ്ഡ പ്രകാരം 60,000 രൂപ മാത്രമാണ് നൽകുക. സംസ്ഥാനത്തിനുണ്ടായ യഥാർഥ നഷ്ടം കണക്കാക്കി കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
പ്രളയനഷ്ടം: സര്ക്കാര് കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടും…
