കോട്ടയം: കേരളത്തിൽ ഏറ്റവും അധികം സർക്കാർ ഭക്ഷണം കഴിച്ചിട്ടുള്ളതും കഴിക്കുന്നതും സിപിഎം പ്രവർത്തകരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 5,800 കേസുകളിലെ ആയിരക്കണക്കിന് കുറ്റവാളികളെയാണ് രക്ഷിച്ചത്. സംസ്ഥാനത്തെ ഒട്ടനവധി കൊലപാതക കേസുകളിലും പ്രതികൾ മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണ്. സർക്കാർ ഭക്ഷണം കഴിക്കുമെന്ന ഭീഷണി പ്രതിപക്ഷത്തിന് നേരെ പ്രയോഗിക്കേണ്ട. ഭയപ്പെടുത്തി അധികാരം പിടിക്കാമെന്ന വ്യാമോഹം വേണ്ടെന്നും തിരുവഞ്ചൂർ ഓർമിപ്പിച്ചു.പാലാ ഉപതെരഞ്ഞെടുപ്പിൽ ചില ബൂത്തുകളിൽ എൽഡിഎഫ് കള്ളവോട്ടിന് നീക്കം നടത്തുന്നുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽ കൊണ്ടുവരും. പ്രശ്നബാധിത ബൂത്തുകളിൽ യുഡിഎഫ് പ്രവർത്തകർ വോട്ടർമാരുടെ സൗകര്യത്തിനായി ക്രിയാത്മക പ്രവർത്തനം നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.