ആലപ്പുഴ: നാടന്‍വേഷത്തില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന മൂന്നുപേര്‍ അറസ്റ്റില്‍. ആറ് ജില്ലകളിലായി 200 ഓളം കേസുകളുള്ള പ്രതികള്‍ മൂന്ന് വര്‍ഷം കൊണ്ട് അപഹരിച്ചത് ഒരു കിലോയിലധികം സ്വര്‍ണം. കോട്ടയം പൂഞ്ഞാര്‍ കീരിയാനിക്കല്‍ കെ.എസ് സുനില്‍(കീരി സുനി-41), ഭരണങ്ങാനം ചൂണ്ടാശേരി വരിക്കപൊതിയില്‍ വി.ടി അഭിലാഷ്(41), പൂഞ്ഞാര്‍ വടക്കേല്‍ വീട്ടില്‍ രമേശന്‍ (അലുവ കണ്ണന്‍-33) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളില്‍ നിന്ന് 60 പവന്‍ ആഭരണങ്ങളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.
ഒരു ജില്ലയില്‍ രണ്ടോ മൂന്നോ മോഷണം നടത്തിയ ശേഷം സംഘം അടുത്ത ജില്ലയില്‍ പ്രവേശിച്ച് മോഷണം തുടരുകയാണ് ഇവരുടെ പതിവ്.സുനില്‍ നിരവധി അടിപിടി കേസിലെ പ്രതിയാണ്. ആറുവര്‍ഷമായി ഇവര്‍ പൊലീസ് പിടിയിലായിട്ടില്ല. ജില്ലയിലെ മോഷണ പരമ്ബരയുടെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി കഴിഞ്ഞ മൂന്ന് വര്‍ഷമായി മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്ന് പകല്‍ സമയങ്ങളില്‍ മാല പിടിച്ചു പറി നടത്തുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നു. മാലപറി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ആലപ്പുഴ എസ്‍പി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
എട്ടു മാസത്തോളം നീണ്ട അന്വേഷണത്തിനിടയില്‍ വിവിധ ജില്ലകളിലായി ആയിരത്തോളം സിസിടിവികള്‍ അന്വേഷണസംഘം പരിശോധിച്ചു. മാലമോഷണത്തിന് ഇരയായ സ്ത്രീകളെ നേരില്‍ കണ്ട് മൊഴി ശേഖരിച്ചു. മുണ്ട് ധരിച്ച് ബൈക്കുകളിലെത്തിയവരാണ് മാല പൊട്ടിച്ചു പോകുന്നതെന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണത്തിന് ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട് എന്ന പേരിട്ടത്. സ്ത്രീകളോട് സൗഹാര്‍ദ്ദപൂര്‍വ്വം ഇടപെടുന്ന സംഘം പൊടുന്നനെ മാല പൊട്ടിച്ച് കടന്നു കളയുകയാണ് ചെയ്യുക. പത്രമാധ്യമങ്ങളില്‍ നിന്നും ഉത്സവങ്ങളുടേയും മറ്റു ആഘോഷപരിപാടികളുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം അങ്ങോട്ട് ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്ന സംഘം അവിടുത്തെ പ്രാദേശിക സാഹചര്യം മനസ്സിലാക്കിയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് മോഷണത്തിന് ഇറങ്ങുക.
‘ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട്’ നാടന്‍ വേഷത്തിലെത്തി മാല പറിക്കുന്ന സംഘം പിടിയില്‍
