ഫാ. സെബാസ്ററ്യൻ ചാമക്കാല
ആമുഖം
ക്രിസ്തീയ വിശ്വാസ-ജീവിതപ്രമാണം ബൈബിൾ മാത്രമാണ് എന്നത് പതിനാറാം നൂറ്റാണ്ടിൽ രൂപംകൊണ്ട പ്രൊട്ടസ്റ്റന്റ് നവീകരണവാദികൾ മുന്നോട്ടുവച്ച ആശയങ്ങളിലൊന്നാണ്. ‘ബൈബിൾ മാത്രം’ (Sola Scriptura= Scripture Alone), ‘വിശ്വാസം മാത്രം’ (Sola Fide = Faith Alone), ‘കൃപ മാത്രം’ (Sola Gratia = Grace Alone), ‘ക്രിസ്തു മാത്രം’ (Solus Christus = Christ Alone), ‘ദൈവമഹത്വത്തിനു മാത്രം’ (Soli Deo Gloria = to the Glory of God) എന്നിങ്ങനെയുള്ള അഞ്ച് വാദങ്ങളിൽ അടിസ്ഥാനമാക്കിയുള്ള ഒരു മുന്നേറ്റമായിരുന്നു പ്രൊട്ടസ്റ്റന്റ് നവീകരണം.
ഈ ലേഖനത്തിൽ ആ വാദങ്ങളിലെ ‘ബൈബിൾ മാത്രം’ അഥവാ ‘സോളാ സ്ക്രിപ്ത്തൂരാ’ എന്ന വാദമാണ് അപഗ്രഥിക്കപ്പെടുന്നത്. (ചർച്ചാവേദികളിൽ പൊതുവെ ഉപയോഗിക്കപ്പെടുന്ന ‘സോളാ സ്ക്രിപ്ത്തൂരാ’ പ്രയോഗമാണ് ഈ ലേഖനത്തിലും ഉപയോഗിച്ചിരിക്കുന്നത്. അപ്പോഴെല്ലാം ‘ബൈബിൾ മാത്രം’ എന്നാണ് അർത്ഥം മനസ്സിലാക്കേണ്ടത്)
എന്താണ് ‘സോളാ സ്ക്രിപ്ത്തൂരാ’?
പ്രൊട്ടസ്റ്റന്റു നവീകരണക്കാർ ഉന്നയിക്കുന്ന ‘സോളാ സ്ക്രിപ്ത്തൂരാ’ വാദത്തിന്റെ അന്തഃസത്ത, ക്രിസ്തീയ വിശ്വാസത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള അറിവിനായി ഒരു ക്രിസ്ത്യാനി ആധാരമാക്കേണ്ടത് ‘ബൈബിൾ ആണ് അഥവാ ബൈബിൾ മാത്രമാണ്’ എന്നതാണ്. അതായത്, ഈ വാദപ്രകാരം ബൈബിളാണ് ക്രിസ്ത്യാനിയുടെ ഏക വിശ്വാസ-ജീവിതനിയമം; ക്രിസ്തീയ വിശ്വാസമോ ജീവിതമോ സംബന്ധിച്ച് ബൈബിളിൽ ഇല്ലാത്ത യാതൊന്നും വിശ്വസിക്കാനോ അനുവർത്തിക്കാനോ ഒരു ക്രിസ്ത്യാനിക്കു കടമയില്ല.
ഉന്നതമായ ആദരവോടെയാണ് കത്തോലിക്കാസഭ ബൈബിളിനെ വീക്ഷിക്കുന്നത്. ബൈബിൾ പരിശുദ്ധാത്മ നിവേശിതവും തെറ്റില്ലാത്തതുമായ ദൈവവചനമാണെന്നും അത് ക്രിസ്തീയ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും നിർണ്ണായക ഘടകമാണെന്നും സഭ വിശ്വസിക്കുന്നു. എന്നാൽ ‘സോളാ സ്ക്രിപ്ത്തൂരാ’ എന്നത് സഭ അംഗീകരിക്കുന്നില്ല; വിശ്വസിക്കുന്നില്ല.
ബൈബിൾ പരിശുദ്ധാത്മ നിവേശിതവും തെറ്റാത്തതുമാണെന്ന് എല്ലാ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ വിശ്വസിക്കുന്നത്? അങ്ങനെ വിശ്വസിക്കുന്നതിന് എന്താണ് നമ്മൾ ആധികാരിക അടിസ്ഥാനമാക്കുന്നത്? എവിടെനിന്നാണ് ബൈബിൾ ഉണ്ടായത്?
ബൈബിളും സഭയുടെ ആധികാരികതയും
ദൈവനിവേശിതമാണ് എന്നു സ്വയം പ്രസ്താവിക്കുന്ന മറ്റു ഗ്രന്ഥങ്ങളും ലോകത്തിൽ ഉണ്ടായിരിക്കെ ‘ബൈബിളിൽ’ വിശ്വസിക്കണമെങ്കിൽ ബൈബിളിനു വെളിയിൽ അത് ആധികാരികമായി സ്ഥാപിച്ചു തരുന്ന ഒരു സംവിധാനം ഉണ്ടായിരിക്കണം. തന്നെയുമല്ല, ബൈബിൾ സ്വയം അത്, ക്രിസ്തീയ വിശ്വാസത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള ആധികാരികവും ഏകവുമായ രേഖയാണെന്ന് പ്രഖ്യാപിക്കുന്നുമില്ല. അതിനാൽ ‘ഇതാണ് ബൈബിൾ’ എന്നു ചൂണ്ടിക്കാണിക്കാൻ ബൈബിളിനു പുറത്ത് ഒരു ആധികാരികസ്ഥാനം ഉണ്ടായിരുന്നില്ലെങ്കിൽ നമുക്കു ബൈബിൾ തന്നെ ഉണ്ടാകുമായിരുന്നില്ല. ആധികാരികമായ ആ സ്ഥാനം ‘സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവഭവനമായ’ ജീവിക്കുന്ന ദൈവത്തിന്റെ സഭയാണ് (cf. 1 തിമോ 3:15).
ഈശോയുടെ സ്വർഗ്ഗാരോഹണത്തിനും 300 വർഷങ്ങൾക്കുശേഷമാണ് നാം ഇന്നു കാണുന്ന വിധത്തിലുള്ള ബൈബിൾ രൂപീകരിക്കപ്പെട്ടത്. അതുവരെ അപ്രാമാണികമായി പരിഗണിക്കപ്പെട്ടിരുന്ന ഗ്രന്ഥങ്ങളിൽനിന്നുൾപ്പെടെ, ദൈവനിവേശിത ഗ്രന്ഥങ്ങളായി ഏതാണ് സ്വീകരിക്കേണ്ടത് ഏതൊക്കെയാണ് നിരാകരിക്കേണ്ടത് എന്നെല്ലാം ആ കാലഘട്ടത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ, വിശിഷ്യാ പ്രബോധകർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതുവരെ ദൈവനിവേശിതമെന്നു പലരും കരുതിയിരുന്ന ധാരാളം ഗ്രന്ഥങ്ങൾ ബൈബിളിൽ ഉൾപ്പെടാതെ പോയിട്ടുണ്ട് (ഉദാ: കോറിന്തോസുകാർക്കുള്ള വി.ക്ലമന്റിന്റെ ലേഖനങ്ങൾ, ബർണബാസിന്റെ ലേഖനങ്ങൾ, പൗലോസിന്റെ നടപടികൾ, പത്രോസിന്റെ നടപടികൾ തുടങ്ങിയവ). അതേസമയം, ദൈവനിവേശിതമല്ലെന്നും ബൈബിളിൽ ഉൾപ്പെടുത്തരുതെന്നും പലരും അഭിപ്രായപ്പെട്ടിരുന്ന പല ഗ്രന്ഥങ്ങളും ബൈബിളിന്റെ ഭാഗമാകുകയും ചെയ്തു (ഉദാ: വെളിപാട്, യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങൾ, ഹെബ്രായർക്കുള്ള ലേഖനം).
ബൈബിളിൽ ഉൾപ്പെടുത്തേണ്ട ഗ്രന്ഥങ്ങളെപ്പറ്റിയുള്ള തർക്കം ഏതുവിധത്തിലാണ് പരിഹരിക്കപ്പെട്ടിരിക്കുക? ആ കാലയളവിൽ ബൈബിൾ നിയതമായ രൂപത്തിൽ നിലവിൽ ഇല്ലാതിരുന്നതിനാൽ, എന്തായാലും ആ പരിഹാരം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാവില്ലല്ലോ. തർക്കമില്ലാത്ത ഗ്രന്ഥങ്ങളെ ആധാരമാക്കാമെന്നാണെങ്കിൽ, ഒരു ഗ്രന്ഥവും ബൈബിളിൽ ഉൾപ്പെടുത്തേണ്ട ഗ്രന്ഥങ്ങളുടെ പട്ടിക നല്കുന്നില്ലാത്തതിനാൽ, അതും സാധ്യമായിരുന്നില്ല. അപ്പോൾ തീർച്ചയായും, ബൈബിൾ അല്ലാതെയുള്ള ഒരു സംവിധാനത്തെ അതിനായി ആശ്രയിക്കേണ്ടിയിരുന്നു. സ്വാഭാവികമായും, ഒരു വ്യക്തിയോ അല്ലെങ്കിൽ വ്യക്തികളുടെ ഒരു സമൂഹമോ ബൈബിളിൽ ഉൾപ്പെടുത്തേണ്ട ഗ്രന്ഥങ്ങൾ ഏതൊക്കെയെന്നു നിർണ്ണയിക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു. ശ്ലൈഹികസഭയാണ് വിവിധഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി ഒരു സമാഹാരമാക്കി നാം ഇന്നു കാണുന്നതുപോലെയുള്ള ബൈബിൾ രൂപീകരിച്ചത്. അതു കത്തോലിക്കാ സഭയാണ് എന്നു സമ്മതിച്ചാലും ഇല്ലെങ്കിലും ക്രിസ്ത്യാനികൾക്ക് ആധികാരികമായി ആശ്രയിക്കാവുന്ന ഒരു സംവിധാനമാണ് തർക്കങ്ങൾ പരിഹരിച്ച് നാം ‘ബൈബിൾ’ എന്നുവിളിക്കുന്ന ഗ്രന്ഥം രൂപീകരിച്ചത് എന്നത് അനിഷേധ്യമായ സംഗതിയാണ്.
ആദിമസഭയും ‘സോളാ സ്ക്രിപ്ത്തൂരാ’യും?
ആദിമക്രിസ്ത്യാനികൾ ‘സോളാ സ്ക്രിപ്ത്തൂരാ’ യിൽ വിശ്വസിച്ചിരുന്നോ? പുതിയ നിയമത്തിലെ ആദ്യഗ്രന്ഥം തന്നെ എഴുതപ്പെട്ടത് ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു പത്തോ അതിലധികമോ വർഷങ്ങൾക്കുശേഷമാണ്. അപ്പോൾ കുറഞ്ഞത് പത്തു വർഷത്തേയ്ക്കെങ്കിലും ക്രിസ്തീയതത്വങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ചു വിശ്വാസികൾക്ക് ആശ്രയിക്കാൻ പുതിയ നിയമത്തിലെ ഒരു ഗ്രന്ഥംപോലും ഉണ്ടായിരുന്നില്ലെന്നു മനസ്സിലാക്കാം. കൂടാതെ, പുതിയനിയമത്തിലെ അവസാനഗ്രന്ഥം എഴുതപ്പെടുന്നത് ഈശോയുടെ സ്വർഗ്ഗാരോഹണത്തിന്റെ കുറഞ്ഞത് നാല്പത് അല്ലെങ്കിൽ ഏകദേശം അറുപത് വർഷങ്ങൾക്കടുത്ത കാലയളവിനുശേഷമാണ്. ഒന്നാം നൂറ്റാണ്ടിലെ യാത്രാ-ആശയവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം ഈ ഗ്രന്ഥങ്ങൾ ഒരു ക്രിസ്തീയകൂട്ടായ്മയിൽ എത്താൻ വർഷങ്ങളുടെ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽനിന്നും നമുക്കു മനസ്സിലാകുന്നത്, ക്രിസ്തീയ പ്രബോധനങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളിൽ ആശ്രയിക്കാവുന്ന ഏക ഉറവിടമായി ‘ബൈബിൾ’ ഇല്ലാതെ ആദിമസഭ പല ദശകങ്ങൾ മുന്നോട്ടു പോയിരുന്നു. അതിനാൽ ‘സോളാ സ്ക്രിപ്ത്തൂരാ’ അവരെ സംബന്ധിച്ച്, വിശ്വാസമെന്നല്ല ഒരു ആശയംപോലുമായിരുന്നില്ല എന്നു ന്യായമായും കരുതാം.
‘വിശ്വാസത്തിന്റെ ഏക ആധികാരിക ഉറവിടവും നിയമവുമായി’ ‘ബൈബിൾ’ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിശ്വാസം, തത്വങ്ങൾ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളിലെ തീർപ്പിനായി ആദിമക്രിസ്ത്യാനികൾ ആരെ അല്ലെങ്കിൽ ഏത് അധികാരത്തെയാണ് സമീപിച്ചിരുന്നത്? ബൈബിൾ ഇല്ലെങ്കിൽ വിശ്വാസികളുടെ ഇടയിൽ ഉണ്ടായിട്ടുള്ള പ്രബോധനപരമായ തർക്കങ്ങളിൽ ആരാണ് തീരുമാനമെടുത്തിരുന്നത്? തീർച്ചയായും അതു സഭയായിരുന്നു; തെറ്റില്ലാത്ത പ്രബോധനമായി വിശ്വാസികൾ അതു സ്വീകരിക്കുകയും ചെയ്തു (ഉദാ: അപ്പ: 15 -ലെ ജറൂസലെം സൂനഹദോസ്). അപ്പോൾ ആദിമക്രിസ്ത്യാനികൾ ആശ്രയിച്ചിരുന്ന – ബൈബിളിനു വെളിയിലുള്ള – ഒരു അധികാരത്തെപ്പറ്റി നമുക്ക് അറിവു ലഭിക്കുകയാണ്.
ബൈബിളും ‘സോളാ സ്ക്രിപ്ത്തൂരാ’ യും
‘സോളാ സ്ക്രിപ്ത്തൂരാ’യെപ്പറ്റി ബൈബിൾ ഏതെങ്കിലും പറയുന്നുണ്ടോ? ക്രിസ്തീയജീവിതം, പ്രബോധനം, അനുഷ്ഠാനം ഇവ സംബന്ധിച്ചുള്ള തെറ്റില്ലാത്ത ഏക ആധാരം ‘ബൈബിൾ’ ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?. ക്രിസ്ത്യാനികൾക്കുള്ള ഏക വിശ്വാസനിയമമോ ഏക അധികാരമോ ‘ബൈബിൾ’ ആണെന്നു പ്രകടമായി സാക്ഷ്യപ്പെടുത്തുന്ന ഒരു ബൈബിൾ ഭാഗവും ഇല്ല.
ക്രിസ്തീയ പൂർണ്ണതയും ബൈബിളും
‘സോളാ സ്ക്രിപ്ത്തൂരാ’ വാദികളുടെ അഭിപ്രായത്തിൽ അവരുടെ വാദത്തെ പിന്തുണയ്ക്കുന്ന ബൈബിൾ വാക്യങ്ങളിൽ പ്രധാനപ്പെട്ടതാണ് 2 തിമോ 3: 16-17 “വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവർത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു”.
സഭ ഈ ബൈബിൾ ഭാഗത്തെ പൂർണ്ണമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. വിശ്വാസികൾ വിശുദ്ധ ലിഖിതങ്ങൾ വായിക്കണം; അറിയണം; ധ്യാനിക്കണം; അതിൽ മുഴുകണം; പങ്കുവയ്ക്കണം; അതിനെ ആധാരമാക്കി പ്രാർത്ഥിക്കുകയും ചെയ്യണം. എന്നിരുന്നാലും മേൽ ഉദ്ധരിച്ച ബൈബിൾ ഭാഗത്തൊരിടത്തും വിശ്വാസിക്ക് ‘ബൈബിൾ മാത്രം’ മതി എന്നു സൂചനയില്ല. ബൈബിൾ ‘ഉപകരിക്കുന്നു’ എന്നു പറയുന്നുവെങ്കിലും യഥാർത്ഥ ക്രിസ്തീയജീവിതത്തിനു ‘ബൈബിൾ മാത്രം’ മതിയെന്നു പ്രഖ്യാപിക്കുന്നില്ല. ‘ബൈബിൾ മാത്രം’ എന്നതിലുള്ളതുപോലെ ‘മാത്രം’ എന്നൊരു വാക്കുതന്നെ ഇതിൽ കാണുന്നില്ല.
എന്നാൽ, വിശുദ്ധ ലിഖിതങ്ങൾവഴി ദൈവഭക്തനായ മനുഷ്യൻ ‘പൂർണ്ണത കൈവരിക്കുന്നുവെന്നു’ ഈ ഭാഗത്ത് (2 തിമോ 3: 16-17) പ്രസ്താവിക്കുന്നതിനാൽ മറ്റൊന്നിന്റെയും ആവശ്യമില്ലെന്നു വ്യാഖ്യാനിക്കുന്നവർ ഉണ്ടാകാം. എന്നാൽ ഇതിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ‘ബൈബിൾ മാത്ര’മാണ് ദൈവഭക്തനായ മനുഷ്യനു പൂർണ്ണത നൽകുന്നത് എന്നുള്ള സൂചന ഇതിൽ ഇല്ല. ‘പട്ടാളക്കാരനു തോക്ക് പൂർണ്ണത നൽകുന്നു’ എന്നു പറഞ്ഞാൽ തോക്കു മാത്രം മതി എന്നാവില്ല; ഹെൽമറ്റും ബൂട്സും പട്ടാളവേഷവും അനുബന്ധ സാമഗ്രികളും ആവശ്യമാണ്. മറ്റുള്ള തയ്യാറെടുപ്പുകൾക്കൊപ്പം തോക്കുകൂടി ചേർന്നപ്പോൾ സൈനികൻ പൂർണ്ണസജ്ജനായി. അതുപോലെയാണ് ദൈവഭക്തനായ മനുഷ്യനു വിശുദ്ധ ലിഖിതങ്ങളും. മനുഷ്യനെ ദൈവഭക്തനാക്കുന്ന പല ഘടകങ്ങൾക്കൊപ്പം വിശുദ്ധ ലിഖിതങ്ങൾക്കൂടി ചേരുമ്പോൾ അയാൾ പൂർണ്ണത കൈവരിക്കുന്നു. (ഇതിനോട് ചേർത്ത് എഫേ 6: 14-17 വായിക്കുക: സത്യമാകുന്ന അരക്കെട്ടും, നീതിയുടെ കവചവും, സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകളും, വിശ്വാസത്തിന്റെ പരിചയും, രക്ഷയുടെ പടത്തൊപ്പിയും ദൈവവചനമാകുന്ന ആത്മാവിന്റെ വാളും).
യാക്കോ 1: 3-4 ൽ നാം ഇപ്രകാരം വായിക്കുന്നു: “എന്തെന്നാൽ, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂർണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങൾ പൂർണ്ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും”. അതായത് യാക്കോബിന്റെ ലേഖനപ്രകാരം, ‘സ്ഥിരത അഥവാ സഹനശക്തി (ക്ഷമ)’ ഒരു വിശ്വാസികളെ ‘പൂർണ്ണരും ഒന്നിലും കുറവില്ലാത്തവരും’ ആക്കും. ‘സോളാ സ്ക്രിപ്ത്തൂരാ’ വാദമനുസരിച്ച് ഇതിനെ വ്യാഖ്യാനിച്ചാൽ, ‘സ്ഥിരത (ക്ഷമ) മാത്രം’ പൂർണ്ണതയ്ക്ക് മതിയാകുന്നതാണ് (Sola Patientia = Patience Alone). വിശ്വാസിയെ ഒന്നിനും കുറവില്ലാത്തവിധം പൂർണ്ണനാക്കാൻ സ്ഥിരത അഥവാ ക്ഷമാശീലം മതിയെങ്കിൽ, ‘സ്ഥിരത’യുള്ള വിശ്വാസിക്ക് ബൈബിൾ പോലും ആവശ്യമില്ലെന്നു വ്യാഖ്യാനിക്കാവുന്ന അവസ്ഥ.
സോളാ സ്ക്രിപ്ത്തൂരാ’യും പുതിയനിയമവും
2 തിമോ 3:16-17 നെ ‘സോളാ സ്ക്രിപ്ത്തൂരാ’യുടെ അടിസ്ഥാനമാക്കുമ്പോൾ മറ്റൊരു കാര്യവും മനസ്സിലാക്കേണ്ടതുണ്ട്. ഈ വാക്യങ്ങളുടെ തൊട്ടുപിന്നിലെ വാക്യത്തിൽ (വാക്യം 15) ഇപ്രകാരം കാണുന്നു: “ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധ ലിഖിതങ്ങൾ നീ ബാല്യം മുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ”. തിമോത്തിയോസ് ‘ബാല്യംമുതൽ പഠിച്ചറിഞ്ഞിട്ടുള്ള വിശുദ്ധ ലിഖിതങ്ങൾ ഏതായിരിക്കും? തിമോത്തിയോസ് താരതമ്യേന ചെറുപ്പമായിരുന്നെങ്കിലും പുതിയനിയമത്തിലെ ഗ്രന്ഥങ്ങൾ (കുറഞ്ഞത് ഏതെങ്കിലും ഒന്ന്) അദ്ദേഹത്തിന്റെ ബാല്യകാലത്ത് എഴുതപ്പെട്ടിരുന്നോ എന്നത് സംശയമാണ്. പൗലോസ് ശ്ലീഹ, വിശുദ്ധ ലിഖിതങ്ങൾ എന്ന് ഈ ഭാഗത്ത് പറയുന്നത് പുതിയനിയമത്തെയല്ല; മറിച്ച് പഴയനിയമത്തെക്കുറിച്ചാണ്. അതിനാൽ ‘സോളാ സ്ക്രിപ്ത്തൂരാ’യുടെ അടിസ്ഥാനമായി ഈ വചനം സ്വീകരിച്ചാൽ ‘ദൈവഭക്തനെ പൂർണ്ണനാക്കാൻ’ ‘പഴയനിയമലിഖിതങ്ങൾ’ മാത്രം മതിയെന്നുവരും. അപ്പോൾ ‘ബൈബിൾ മാത്രം’ എന്ന വാദത്തെ ‘പഴയനിയമം മാത്രം’ എന്നു വിശദീകരിക്കേണ്ട സാഹചര്യമുണ്ടാകും.
തിമോത്തിയോസിനു രണ്ടാം ലേഖനം എഴുതുമ്പോൾ പൗലോസ് ശ്ലീഹാ ‘വിശുദ്ധ ലിഖിതങ്ങൾ’ എന്നുദ്ദേശിച്ചത് ‘പഴയനിയമം’ ആണെങ്കിലും ‘പുതിയനിയമം’ എഴുതപ്പെട്ട സാഹചര്യത്തിൽ അവയിൽ ‘പുതിയനിയമം’ കൂടി ഉൾപ്പെടും എന്നു ചിലർ വാദിച്ചേക്കാം. തീർച്ചയായും പൗലോസ് ശ്ലീഹായുടെ വാക്കുകൾ പഴയനിയമത്തെയും പുതിയനിയമത്തെയും ഒരുപോലെ ബാധിക്കുന്നവയാണ്. എന്നാൽ ഈ വാക്യങ്ങളെ ‘സോളാ സ്ക്രിപ്ത്തൂരാ’ സ്ഥാപിക്കാൻ ഉപയോഗിച്ചാൽ ആ വാദഗതിതന്നെ പുതിയനിയമത്തെ അതിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും സമർത്ഥിക്കും. കാരണം, പൗലോസ് ശ്ലീഹായുടെ ഉപദേശത്തെ ‘പുതിയനിയമം’ ഉണ്ടാകുന്നതിനുമുൻപും ശേഷവും എന്നു വ്യാഖ്യാനിക്കാൻ ‘സോളാ സ്ക്രിപ്ത്തൂരാ’ വാദികൾക്കു സാധിക്കില്ല. അതായത്, ഒരു കാലത്ത് തിമോത്തിയോസിനും സഹക്രിസ്ത്യാനികൾക്കും സത്യമായിരുന്ന ‘പഴയനിയമം മാത്രം’ എന്ന തത്വം കുറേക്കാലം കഴിയുമ്പോൾ അപ്രകാരമല്ലാതെ ‘പുതിയനിയമം’ കൂടി ചേർക്കപ്പെട്ട നിലയിലാകുന്നു. വാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെ പ്രബോധനത്തിൽ കാതലായ മാറ്റമാണ് സംഭവിക്കുന്നത്. തത്വങ്ങളെ സംബന്ധിച്ച് അങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്; പ്രത്യേകിച്ചു ‘സോളാ സ്ക്രിപ്ത്തൂരാ’യിൽ.
പൗലോസ് ശ്ലീഹാ തിമോത്തിയോസിന് ഇപ്രകാരം എഴുതുന്നത് ഏകദേശം ഏ.ഡി. 67 ലാണ്. യഥാർത്ഥത്തിൽ ആ കാലയളവിൽ പുതിയനിയമത്തിലെ പല ഗ്രന്ഥങ്ങളും എഴുതപ്പെട്ടിരുന്നു. എന്നാൽ അവ തിമോത്തിയോസ് ‘ബാല്യംമുതൽ’ പഠിച്ചറിഞ്ഞിട്ടുള്ളതല്ല. അതുകൊണ്ട് ഇവിടെ പൗലോസ് ശ്ലീഹാ ഉദ്ദേശിക്കുന്നത് ‘പുതിയനിയമ’ഗ്രന്ഥങ്ങളല്ല എന്നു മനസ്സിലാക്കാം. അല്ലെങ്കിൽ, ആ ഗ്രന്ഥങ്ങൾ നിലവിലിരിക്കെ, അവയെക്കുറിച്ചു പരാമർശിക്കാതെ, ‘ബാല്യം മുതൽ പഠിച്ചറിഞ്ഞിട്ടുള്ള’ ലിഖിതങ്ങൾ മാത്രമാണ് സൂചനയെങ്കിൽ ‘സോളാ സ്ക്രിപ്ത്തൂരാ’ പ്രകാരം അന്നു നിലവിലുള്ള പുതിയനിയമഗ്രന്ഥങ്ങൾക്ക് ‘ദൈവഭക്തനായ മനുഷ്യനെ പൂർണ്ണനാക്കുന്നതിൽ’ ഒന്നുംതന്നെ ചെയ്യുവാനില്ലെന്നു വ്യാഖ്യാനിക്കേണ്ടി വരില്ലേ? ആയതിനാൽ 2 തിമോ 3: 16-17 പ്രകാരമുള്ള ‘സോളാ സ്ക്രിപ്ത്തൂരാ’ വാദം നിലനിൽക്കാത്തതും ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതുമാണ്.
ബെറോയാക്കാരുടെ ‘സോളാ സ്ക്രിപ്ത്തൂരാ’?
‘സോളാ സ്ക്രിപ്ത്തൂരാ’ പ്രയോക്താക്കൾ അതിന്റെ മറ്റൊരു അടിസ്ഥാനം കണ്ടെത്തുന്നത് അപ്പസ്തോലപ്രവർത്തനങ്ങളിലാണ്. പൗലോസും സീലാസും അവരുടെ പ്രേഷിതദൗത്യത്തിന്റെ ഭാഗമായി ബെറോയായിൽ എത്തിച്ചേർന്നു: “ഈ സ്ഥലത്തെ യഹൂദർ തെസലോനിക്കായിലുള്ളവരെക്കാൾ മാന്യന്മാരായിരുന്നു. ഇവർ അതീവ താല്പര്യത്തോടെ വചനം സ്വീകരിച്ചു. അവർ പറഞ്ഞതു സത്യമാണോയെന്ന് അറിയുവാൻ വിശുദ്ധ ഗ്രന്ഥങ്ങൾ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു” (അപ്പ 17:11).
പൗലോസ് ശ്ലീഹാ പ്രഘോഷിച്ച കാര്യങ്ങൾ സത്യമാണോയെന്ന് ‘വിശുദ്ധ ഗ്രന്ഥങ്ങൾ’ അനുദിനം പരിശോധിച്ച് മനസിലാക്കിയിരുന്ന ബെറോയാക്കാരുടെ ശൈലി ‘സോളാ സ്ക്രിപ്ത്തൂരാ’യെ ന്യായീകരിക്കുന്നതാണോ? ഇവിടെ ഒരിടത്തും ബെറോയാക്കാർ ‘വിശുദ്ധ ലിഖിതങ്ങൾ’ കൊണ്ടുമാത്രം നയിക്കപ്പെട്ടു എന്നു പറയുന്നില്ല; എന്നുമാത്രവുമല്ല ബെറോയായിൽ മാത്രമല്ല, മറ്റെവിടെയും യഹൂദർ ‘സോളാ സ്ക്രിപ്ത്തൂരാ’ വാദം പിന്തുടരുന്നവരല്ല. അവർ ആധികാരിക ലിഖിതങ്ങളെയും ആധികാരിക പാരമ്പര്യങ്ങളെയും ആശ്രയിച്ചിരുന്നു; വിശ്വസിച്ചിരുന്നു. (ഒരു യഹൂദനെന്ന നിലയിലും അല്ലാതെയും ഈശോ ‘സോളാ സ്ക്രിപ്ത്തൂരാ’ നിലപാടിന്റെ ഭാഗമായിരുന്നില്ല. നിയമവും പ്രവാചകന്മാരെയും പൂർത്തീകരിക്കാൻ വന്ന ഈശോയുടെ മലയിലെ പ്രസംഗത്തിൽ അതു വളരെ വ്യക്തമാണ്.)
ബെറോയായിൽ (അപ്പ 17:11) എന്താണ് സംഭവിച്ചത്? വരാനിരിക്കുന്നുവെന്ന് യഹൂദർ വിശ്വസിച്ചിരുന്ന മിശിഹായാണ് ഈശോ എന്നു സ്ഥാപിക്കാൻ പഴയനിയമവാക്യങ്ങൾ ഉദ്ധരിച്ചിട്ടുണ്ടാകും. പൗലോസ് ശ്ലീഹായുടെ പഴയനിയമ ഉദ്ധരണികളുടെ ആധികാരികത അവർ ‘വിശുദ്ധ ഗ്രന്ഥങ്ങൾ’ പരിശോധിച്ച് ഉറപ്പുവരുത്തി. ഒരു തർക്കത്തിനു പരിഹാരം തേടിയല്ല, മറിച്ച് പൗലോസ് ശ്ലീഹാ ഉദ്ധരിച്ച വാക്യങ്ങളും വിശുദ്ധഗ്രന്ഥങ്ങളിലെ വാക്യങ്ങളും തമ്മിലുള്ള ഒത്തുനോക്കലാണ് ബെറോയാക്കാർ നടത്തിയത്. മാത്രമല്ല, പൗലോസ് പ്രസംഗിച്ച വചനങ്ങളെ സംബന്ധിച്ച്, ബൈബിൾ സംബന്ധമായി അവർക്ക് വേണ്ടത്ര ഗ്രാഹ്യം ഉണ്ടായിരുന്നില്ലയെന്ന് അവരുടെ പ്രവർത്തിയിൽനിന്നും അനുമാനിക്കാവുന്നതാണ്. ‘സോളാ സ്ക്രിപ്ത്തൂരാ’ വാദികളായിരുന്നെങ്കിൽ വിശുദ്ധ ലിഖിതങ്ങൾ സംബന്ധിച്ചുള്ള അവരുടെ പരിചയക്കുറവ് വളരെ അസ്വാഭാവികമായ ഒന്നാണ്. ഈ ബൈബിൾ ഭാഗത്ത് പറയുന്നത് ബെറോയായിലെ യഹൂദരെക്കുറിച്ചാണ്; യഹൂദരുടെ വിശുദ്ധ ലിഖിതം പഴയനിയമമാണ്. അതിനാൽ ഈ വാക്യം ‘സോളാ സ്ക്രിപ്ത്തൂരാ’ തെളിയിക്കുന്നുവെന്നു വാദിച്ചാൽ അത് യഥാർത്ഥത്തിൽ നിലകൊള്ളുന്നത് ‘പഴയനിയമം മാത്രം’ (Sola Old Testament Scriptura) എന്ന വാദത്തിന് അനുകൂലമായിട്ടാകും.
‘സോളാ സ്ക്രിപ്ത്തൂരാ’യും ബൈബിൾ വ്യാഖ്യാനവും
‘സോളാ സ്ക്രിപ്ത്തൂരാ’ വാദത്തിന്റെ പ്രധാനമായ ഒരു ഘടകം വിശുദ്ധ ലിഖിതങ്ങളുടെ വ്യക്തിഗതവ്യാഖ്യാനം സംബന്ധിച്ചുള്ളതാണ്. ഓരോ വ്യക്തിയ്ക്കും, മറ്റൊരാളിന്റെ (ആധികാരിക വ്യാഖ്യാതാവ് ഉൾപ്പെടെയുള്ള) സഹായമില്ലാതെ ബൈബിൾ തന്റെ രക്ഷയ്ക്കുവേണ്ടി പങ്കുവയ്ക്കുന്ന സന്ദേശം പരിശുദ്ധാത്മാവിനാൽ മനസ്സിലാക്കാൻ സാധിക്കുമെന്നതാണ് അവരുടെ പഠനം. അപ്പ 17: 11 ൽ, പൗലോസ് വിശദീകരിച്ചു നല്കുന്നതുവരെ ബെറോയാക്കാർക്ക് പ്രസ്തുത ‘വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ’ മനസ്സിലായിരുന്നില്ലെന്നത് ‘സോളാ സ്ക്രിപ്ത്തൂരാ’യ്ക്ക് എതിരാണ്; എന്നാൽ ഇവിടെ തങ്ങളുടെ രക്ഷകനെ – മിശിഹായെ – സംബന്ധിക്കുന്നവ മനസ്സിലാക്കി വിശ്വാസം പുൽകാൻ അവർക്ക് പൗലോസ് ശ്ലീഹായുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു. വിശുദ്ധ ലിഖിതങ്ങൾ മാത്രം എന്നതായിരുന്നു നിലപാടെങ്കിൽ തങ്ങളുടെ രക്ഷയ്ക്ക് ആവശ്യമായ ബോധ്യത്തിലേയ്ക്കു വളരാൻ ബെറോയാക്കാർക്ക് കഴിയുമായിരുന്നില്ല. വിശുദ്ധ ലിഖിതങ്ങളിലെ വചനങ്ങളെ ‘ഈശോയുമായി ബന്ധപ്പെടുത്തി പ്രസംഗിക്കാൻ ഒരു പൗലോസ്’ അവിടെ അനിവാര്യമായിരുന്നു. ‘സോളാ സ്ക്രിപ്ത്തൂരാ’ പ്രകാരമുള്ള വ്യക്തിഗതവ്യാഖ്യാനങ്ങളിൽ ആശ്രയിച്ചിരുന്നെങ്കിൽ രക്ഷ ബെറോയാക്കാർക്ക് പിന്നെയും അകലെയാകുമായിരുന്നു.
വ്യക്തിഗത ബൈബിൾ വ്യാഖ്യാനം – ക്രിസ്തീയ വിശ്വാസത്തിലും ജീവിതത്തിലും തന്നെ സംബന്ധിച്ചിടത്തോളം ശരിയേത് തെറ്റേത് എന്ന് ഒരാൾ സ്വയം ബൈബിൾ വായിച്ച് കണ്ടെത്തൽ – ദൈവവചനത്തിനു ഘടകവിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ പലതുണ്ട്. 2 പത്രോ 1:20,21 “ആദ്യം നിങ്ങൾ ഇതു മനസ്സിലാക്കുവിൻ: വിശുദ്ധ ലിഖിതത്തിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാൽ പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ചോദനയാൽ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ്”. ഈ വാക്യങ്ങൾ വ്യക്തിഗത ബൈബിൾ വ്യാഖ്യാനസംബന്ധിയായ പ്രബോധനത്തെ പ്രത്യക്ഷത്തിൽത്തന്നെ നിരാകരിക്കുന്നു.
അപ്പ 8: 27-31 ൽ ഒരു എത്യോപ്യക്കാരനെ, അവൻ വായിച്ചുകൊണ്ടിരുന്ന വിശുദ്ധ ഗ്രന്ഥഭാഗം മനസ്സിലാക്കാൻ പീലിപ്പോസ് സഹായിക്കുന്ന സംഭവം നാം വായിക്കുന്നു. വിശുദ്ധ ലിഖിതം നമ്മുടെ രക്ഷയ്ക്ക് ഉതകുന്ന വിധത്തിൽ മനസ്സിലാക്കേണ്ടതിന്, ഒരു വഴികാട്ടി അല്ലെങ്കിൽ ഒരു ആധികാരിക സംവിധാനം ഉണ്ടായിരിക്കണമെന്ന കാര്യത്തിലുള്ള ബൈബിൾ നിലപാട് ഈ സംഭവത്തിൽ സുവ്യക്തമാണ്. വിശുദ്ധ ലിഖിതം ശരിയായി വ്യാഖ്യാനിച്ചു നൽകാൻ ഒരു വഴികാട്ടിയുണ്ടാവുകയെന്നത് വചനാനുസൃതമാണ്. വിശുദ്ധ ഗ്രന്ഥത്തിന്റെ ഈ നിലപാട് ‘സോളാ സ്ക്രിപ്ത്തൂരാ’യ്ക്ക് എതിരാണ്.
ഒരു വ്യക്തിയെന്ന നിലയിൽ ഒരാൾക്ക് ബൈബിൾ വായനയിലൂടെ ചില കാര്യങ്ങൾ മനസ്സിലാക്കാനും അറിയാനും സാധിക്കും. നാം ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യണം. വിശുദ്ധ ജെറോമിന്റെ വീക്ഷണത്തിൽ ‘വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അജ്ഞത മിശിഹായെക്കുറിച്ചുള്ള അജ്ഞതയാണ്’. ബൈബിൾ ദൈവവചനമാണ്; നാം വായിക്കുന്ന ഭാഗം നമുക്കു മനസ്സിലായില്ലെങ്കിലും നമ്മെ സ്പർശിക്കുവാൻ ദൈവത്തിന്റെ വചനത്തിനു സാധിക്കും. ബൈബിളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വളരെയധികം കാര്യങ്ങളുണ്ട് എന്നത് യാഥാർഥ്യമാണ്. 2 പത്രോ 3:16 “…മനസ്സിലാക്കാൻ വിഷമമുള്ള ചില കാര്യങ്ങൾ അവയിൽ [പൗലോസിന്റെ ലേഖനങ്ങളിൽ] ഉണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്കരുമായ ചിലർ, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു”. പൗലോസ് ഉൾപ്പെടെയുള്ള സഭാനേതാക്കന്മാർ, എന്താണ് പറയുന്നതെന്നു മനസ്സിലാക്കാതെ അവരുടെ ലിഖിതങ്ങളെ തന്നിഷ്ടപ്രകാരം സ്വന്തമായ വ്യാഖ്യാനങ്ങൾക്കു വിധേയമാക്കുന്നതിനെതിരെയാണ് പത്രോസ് ശ്ലീഹായുടെ പ്രതികരണം. മറ്റു വിശുദ്ധ ലിഖിതങ്ങളിലെ മനസ്സിലാക്കാൻ വിഷമമുള്ള കാര്യങ്ങൾ വളച്ചൊടിക്കുന്നത് ശീലമാക്കിയവർ പൗലോസിന്റെ ലേഖനങ്ങളോടും അപ്രകാരം ചെയ്യുവാൻ തുനിയുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങൾ നമ്മുടെ വിശ്വാസത്തെയും രക്ഷയെയും സംബന്ധിച്ച് നിർണ്ണായകങ്ങളായിരിക്കും. അതു തെറ്റായി വ്യാഖ്യാനിക്കുന്നത് വിശ്വാസഭ്രംശത്തിനും ആത്മനാശത്തിനും കാരണമാകും. അങ്ങനെ സംഭവിക്കാതിരിക്കേണ്ടതിന് ആധികാരിക വ്യാഖ്യാനങ്ങൾ അനിവാര്യമാണ്.
സഭയുടെ ആധികാരികതയും ‘സോളാ സ്ക്രിപ്ത്തൂരാ’യുടെ അപ്രസക്തിയും
‘സോളാ സ്ക്രിപ്ത്തൂരാ’യെ നിരാകരിക്കുന്ന മറ്റൊരു ബൈബിൾ ഭാഗമാണ് 1 യോഹ 4: 6: “നാം ദൈവത്തിൽനിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവൻ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തിൽ നിന്നല്ലാത്തവൻ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം”. സത്യത്തിന്റെ ആത്മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും ‘ദൈവത്തിൽനിന്നുള്ളവരെ’ ശ്രവിക്കുന്നതിലൂടെയാണ് വിവേചിച്ചറിയാൻ സാധിക്കുന്നത്. ‘നാം ദൈവത്തിൽനിന്നുള്ളവരാണ്’ (സുറിയാനി വിവർത്തനത്തിൽ ‘ഞങ്ങളോ ദൈവത്തിൽനിന്നാകുന്നു’) എന്നതുകൊണ്ട് യോഹന്നാൻ ശ്ലീഹാ തന്നെയും തന്റെ സഹശുശ്രൂഷകരായ സഭാനേതാക്കളെയുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. ദൈവത്തെ അറിയുന്നവൻ ആ സഭാനേതാക്കളെ ശ്രവിക്കും; അല്ലെങ്കിൽ ശ്രവിക്കുകയില്ല. ഇതിൽനിന്നും ആദിമക്രിസ്ത്യാനികൾ ‘സോളാ സ്ക്രിപ്ത്തൂരാ’യിൽ വിശ്വാസിച്ചിരുന്നു എന്നാണോ നാം അനുമാനിക്കേണ്ടത്; തീർച്ചയായും അല്ല.
‘സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവത്തിന്റെ സത്യസഭ’ (cf. 1 തിമോ 3:15) ആയിരുന്നു ആദിമക്രിസ്ത്യാനികളുടെ വിശ്വാസ-ജീവിതനിയമങ്ങൾ നൽകുകയും നിർവ്വചിക്കുകയും ചെയ്തിരുന്ന ആധികാരിക സ്ഥാനം. ആ ധർമ്മം നിർവ്വഹിച്ചിരുന്നത് ശ്ലൈഹികസംഘം അഥവാ ശ്ലൈഹിക സൂനഹദോസ് ആയിരുന്നുവെന്ന് അപ്പസ്തോലപ്രവർത്തനങ്ങൾ (അപ്പ 15: 6-29) സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജറുസലേം സൂനഹദോസാണ് രംഗം. ക്രിസ്ത്യാനികളിൽ യഹൂദരല്ലാത്തവർ (വിജാതീയ ക്രിസ്ത്യാനികൾ) പരിശ്ചേദനം സ്വീകരിക്കണമോ വേണ്ടയോ എന്ന വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനാണ് ആദിമസഭ സൂനഹദോസ് (സിനഡ്) വിളിച്ചുചേർത്തത്. ഒരു സൂനഹദോസ് വിളിച്ചുകൂട്ടിയാണ് പ്രബോധനം സംബന്ധിച്ച ആദ്യത്തെ തർക്കം ശ്ലീഹന്മാർ പരിഹരിച്ചത്. വിജാതീയക്രിസ്ത്യാനികൾ പരിശ്ചേദനം ചെയ്യേണ്ടതില്ല എന്ന് ജറുസലേം സൂനഹദോസ് തീരുമാനിച്ചു. ‘സോളാ സ്ക്രിപ്ത്തൂരാ’ ആദിമസഭയിൽ നിലനിന്നിരുന്നില്ല എന്നതിന് ഇത് ഒരു തെളിവാണ്. പരിശ്ചേദനം സംബന്ധിച്ച് ‘പഴയനിയമം’ വളരെ വ്യക്തമായിരുന്നതിനാൽ, ‘സോളാ സ്ക്രിപ്ത്തൂരാ’ പ്രകാരം ഇങ്ങനെയൊരു തർക്കം തന്നെ ഉണ്ടാകുമായിരുന്നില്ല; ഉണ്ടായാൽ തന്നെ പരിഹാരം സൂനഹദോസ് ചേരാതെ തന്നെ വ്യക്തമാണ്- വിജാതീയരും പരിശ്ചേദനം ചെയ്യപ്പെടുക തന്നെ. എന്നാൽ തീരുമാനം വ്യത്യസ്തമായിരുന്നു എന്നു നമുക്കറിയാം.
ഉപസംഹാരം
സഭ ആദിമകാലം മുതൽ ‘സോളാ സ്ക്രിപ്ത്തൂരാ’ പിന്തുടർന്നിരുന്നില്ല; അങ്ങനെയൊരു വാദം പതിനാറാം നൂറ്റാണ്ടുവരെ ഉയർന്നിരുന്നുമില്ല. ക്രിസ്തീയവിശ്വാസം സംബന്ധിച്ചുള്ള കാര്യങ്ങളിൽ വിശുദ്ധ ലിഖിതങ്ങളുടെ വ്യക്തിഗതമായ വ്യാഖ്യാനങ്ങളിലൂടെ തീരുമാനങ്ങളിലെത്തുകയെന്നത് ബൈബിൾ അധിഷ്ഠിതമല്ല. വിശുദ്ധ ലിഖിതങ്ങളിൽ മനസ്സിലാക്കാൻ പ്രയാസകരമായ സംഗതികൾ ഉണ്ടെന്നതിനാൽ വിശുദ്ധ ലിഖിതങ്ങൾ വ്യാഖ്യാനിച്ചു നൽകുന്നതിന് സഭയുടെ ആധികാരികമായ സംവിധാനം ഉണ്ടായിരിക്കുക ബൈബിൾ പ്രകാരം ശരിയായ കാര്യമാണ്.
വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (cf. ദൈവവിഷ്കരണം 10, 13): ‘ വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതങ്ങളും സഭയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന ദൈവികവചനത്തിന്റെ ഏക കലവറയാണ്… എന്നാൽ ദൈവവചനം ലിഖിതമായി ലഭിച്ചതായാലും പാരമ്പര്യമായി കിട്ടിയതായാലും അതിനെ ആധികാരികമായി വ്യാഖ്യാനിക്കേണ്ട ചുമതല, സഭയുടെ സജീവമായ പ്രബോധനാധികാരത്തിനുമാത്രം നൽകപ്പെട്ട ഒന്നാകുന്നു. ഈ അധികാരം ഈശോമിശിഹായുടെ നാമത്തിൽ അവൾ കൈകാര്യം ചെയ്യുന്നു. എന്നാൽ സഭയുടെ ഈ പ്രബോധനാധികാരം ദൈവവചനത്തിന് ഉപരിയല്ല, പ്രത്യുത, അതിനെ സേവിക്കാനുള്ളതാണ്… വിശുദ്ധ ലിഖിതവ്യാഖ്യാനം സംബന്ധിച്ച കാര്യങ്ങളെല്ലാം സഭയുടെ അന്തിമതീരുമാനത്തിനു വിധേയങ്ങളാണ്. കാരണം ദൈവവചനം കാത്തു സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്ന ദൈവികദൗത്യവും ജോലിയും നിർവ്വഹിക്കുന്നത് സഭയാണ്’.
തീക്ഷ്ണമതിയായ പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമ്മുടെ സ്മരണയിലുണ്ടാകട്ടെ: “അതിനാൽ സഹോദരരേ, ഞങ്ങൾ വചനം മുഖേനയോ കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയിൽ ഉറച്ചുനിൽക്കുകയും ചെയ്യുവിൻ” (2 തെസ 2:15). ലിഖിതമായും അലിഖിതമായും നമുക്കു ലഭിച്ച മിശിഹായിലുള്ള വിശ്വാസത്തിന്റെ അപ്പസ്തോലിക പാരമ്പര്യത്തോട് വിശ്വസ്തരായി ആ വിശ്വാസത്തിന്റെ വിശുദ്ധവഴിയിലൂടെ മിശിഹായിലേയ്ക്ക് നമുക്ക് അനുദിനം വളരാം.