വാർത്തകൾ
🗞🏵 *പ്രളയത്തിൽ കരകവിഞ്ഞ ചാലിയാറിലെ മണൽ വാരണമെന്നാവശ്യവെട്ട് നിയമം ലംഘിച്ച് കോൺഗ്രസിന്റെ മണൽ വാരൽ സമരം.* കോഴിക്കോട് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണൽ ഓഡിറ്റിങ് നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 *പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും.* സര്‍ക്കാര്‍ ഫയലുകള്‍ കിട്ടിയ ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്. കരാറുകാരന് മുന്‍കൂര്‍ പണം നല്കാന് ഇബ്രാഹിം കുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം മതിയെന്നാണ് തീരുമാനം.
🗞🏵 *മരട് ഫ്ളാറ്റ് കേസില്‍ സുപ്രീംകോടതിയുടെ അന്തിമവിധിയില്‍ സര്‍ക്കാരിനോ ജനങ്ങള്‍ക്കോ അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പി.ഉബൈദ്.* ഹൈക്കോടതിയില്‍നിന്ന് വിരമിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പി.ഉബൈദ്. അഴിമതിക്കേസുകളില്‍ അനുമാനത്തിന്റെയോ ഊഹാപോഹത്തിന്റെയോ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കരുതെന്നും ജസ്റ്റിസ് ഉബൈദ് പ്രതികരിച്ചു.
🗞🏵 *ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്റര്‍ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.* ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവെന്നും ഇവ പൂര്‍ണ തൃപ്തകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര് ഒ അറിയിച്ചു. നിശ്ചയിച്ച രീതിയില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം നാളെ അവസാനിപ്പിക്കേണ്ടി വരും.
🗞🏵 *വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ പരോക്ഷപരാമര്ശവുമായി മുഖ്യമന്ത്രി.* ‘ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്; അയാള്‍ അനുഭവിക്കാന്‍ പോവുകയാണന്ന്’ മുഖ്യമന്ത്രി പറഞ്ഞു. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പാലായിൽ പറഞ്ഞു.
🗞🏵 *കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയെ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍വച്ച് ഇടതു വിദ്യാര്‍ഥി പ്രവര്‍ത്തകള്‍ തടഞ്ഞുവെയ്ക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.* മന്ത്രിയെ സഹായിക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെയും തടഞ്ഞുവെച്ചു. പൊലീസ് ക്യാംപസ് വളഞ്ഞു. എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
🗞🏵 *ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു 24ന് വൈദ്യരത്നം പി.എസ്. വാര്യരുടെ 150-ാം ജൻമദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനു കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തും.* രാവിലെ ഒമ്പതിന് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന ഉപരാഷ്ട്രപതിയെ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മലപ്പുറം ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവർ ചേർന്നു സ്വീകരിക്കും.
🗞🏵 *പുരയിടം തോട്ടമായ പ്രശ്നത്തില്‍ ഇന്‍ഫാമിന്റെയും കര്‍ഷകവേദിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകരും പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളും തമ്മില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുത്തു.*
🗞🏵 *ശബരിമല വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്ക് ഭരണഘടനാപരമായ ഉറപ്പ് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർഡിനൻസ് ഇറക്കാൻ തയാറാകാതെ വിശ്വാസികളെ വഞ്ചിച്ചെന്നും എടുത്തുചാട്ടം കാണിച്ച് എൽഡിഎഫ് സർക്കാർ വിശ്വാസികളെ വേദനിപ്പിച്ചെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി.* പാലായിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* രാജ്യത്ത് കുടിയറുന്നവരില്‍ കൂടുതലും ബംഗ്ലാദേശികളാണെന്നും അദ്ദേഹം പറഞ്ഞു
🗞🏵 *സംസ്ഥാനത്ത് മഹാപ്രളയത്തിനു ശേഷം കുഞ്ഞുങ്ങളില്‍ മസ്തിഷ്ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വളരെയധികം വ്യാപിച്ചതായി റിപ്പോര്‍ട്ട്.* ഇതോടെ കേരള വനം ഗവേഷണ കേന്ദ്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. വിളനാശത്തിനൊപ്പം കുഞ്ഞുങ്ങളില്‍ മസ്തിഷ്ക രോഗവും വരുത്തുമെന്നു തെളിയിക്കപ്പെട്ട ആഫ്രിക്കന്‍ ഒച്ചുകളുടെ (അക്കാറ്റിന ഫൂലിക്ക) വ്യാപനം 2018ലെ പ്രളയ ശേഷം വര്‍ധിച്ചതായാണു കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ (കെഎഫ്ആര്‍ഐ) കണ്ടെത്തല്‍.
🗞🏵 *കോതമംഗലം പളളിയില്‍ സംഘര്‍ഷം.* ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഏറ്റുമുട്ടി. പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തോമസ് പോള്‍ റമ്പാന് എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
🗞🏵 *സംസ്ഥാനത്ത്് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിലായി.* മെഡിക്കല്‍ കോളേജുകളിലേയ്ക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിലായത്.
കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെയ്ക്കാനാണ് വിതരണക്കാരുടെ സംഘടനാ തീരുമാനം.
🗞🏵 *ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പാലാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം വെള്ളിയാഴ്ച നടക്കും.* ഗുരു സമാധി ദിനമായതിനാലാണ് ശനിയാഴ്ച നടത്തേണ്ട കൊട്ടിക്കലാശം വെളളിയാഴ്ച നടത്തുന്നത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രധാനപ്പെട്ട എല്ലാ നേതാക്കള്‍ പാലായില്‍ കൊട്ടിക്കലാശത്തില്‍ ഉണ്ടാകും.
🗞🏵 *ഐഎൻടിയുസിയെ തകർക്കാൻ ബിജെപിയിൽനിന്ന് അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവരാണ് ഐഎന്‍ടിയുസി ഭാരവാഹികളെന്നുപറഞ്ഞ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.*
🗞🏵 *ബാങ്കില്‍ നിന്നാണെന്നപേരില് വ്യാജ ഫോണ്‍കോള്‍വഴി സംസ്ഥാനത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു.* ചിപ്പ്വച്ച പുതിയ എടിഎം കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി ചില ബാങ്കുകള്‍ പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ അവസരം മുതലാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
🗞🏵 *ഡോക്ടർമാർ, നഴ്സുമാർ, മിഡ്വൈഫുമാർ, ഡെന്റിസ്റ്റുകൾ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പ്രഫഷണലുകൾക്ക് യുകെയിൽ ജോലി നേടാൻ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) മാത്രം ജയിച്ചാൽ മതി.*
🗞🏵 *നാവിക സേനയ്ക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് മോഷണം പോയ സംഭവത്തില്‍ അന്വേഷണം കൊച്ചിന് ഷിപ്യാര്ഡിലെ ജീവനക്കാരിലേക്ക്.* കപ്പലിന്റെ നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏതാനും ജീവനക്കാരെ ഇന്നലെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധരെത്തി കംപ്യൂട്ടറുകളില്‍ പരിശോധന നടത്തി. കൈയുറ ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്.
🗞🏵 *ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.* സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഫലമാണിത്. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയന്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാൻ തീരുമാനിച്ചതായി നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) സംസ്ഥാന സർക്കാരിനെ അറിയിച്ചു.
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തി പ്രഖ്യാപനം നടത്തിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ താക്കീത്.* പാലായിൽ മത്സ്യ മാർക്കറ്റ് അനുവദിക്കുമെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്നു കണ്ടെത്തിയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ താക്കീതു നൽകിയത്.
🗞🏵 *തിരുവന ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്ത് ഇന്നു മുതൽ വാഹന പരിശോധന കർശനമാക്കാൻ മോട്ടോർവാഹന വകുപ്പിനു നിർദേശം നൽകി.* സിസിടിവികളിൽ പതിയുന്ന ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കാനാണു നിർദേശം.
🗞🏵 *മാവോയിസ്റ്റ് നേതാവ് ശേഖര ഗഞ്ചു പിടിയിൽ.* ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ തലയ്ക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
🗞🏵 *ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഡിഎംകെ തമിഴ്നാട്ടില്‍ വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധം പിന്‍വലിച്ചു.* ഹിന്ദി അടിച്ചേൽപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണത്തെത്തുടർന്നാണു ഡിഎംകെയുടെ തീരുമാനം.
🗞🏵 *കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി കെഎംആർഎൽ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ് നിരക്കിളവ് ബുധനാഴ്ച അവസാനിച്ചു.* വ്യാഴാഴ്ച മുതൽ 20 ശതമാനം കിഴിവ് ടിക്കറ്റ് നിരക്കിൽ ലഭിക്കും. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉൾപ്പെടെ 20 ശതമാനം കിഴിവുണ്ടാകും.
🗞🏵 *ബിഹാറിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലിൽ 18 പേർ മരിച്ചു.* ഏഴു ജില്ലകളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ മിന്നൽ ഉണ്ടായത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
🗞🏵 *പാക്കിസ്ഥാനിലെ ലർക്കാനയിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കറാച്ചിയിൽ വ്യാപക പ്രതിഷേധം.* പെൺകുട്ടിയുടേത് കൊലപാതകമാണെന്നും സംഭവത്തിന് മതം മാറ്റവുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
🗞🏵 *മിൽമ പാലിന് വില വർധിപ്പിച്ചത് ഇന്നുമുതൽ നിലവിൽ വരും.* മഞ്ഞക്കവർ പാലിന് (ഡബിൾ ടോൺഡ്) അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലു രൂപയുമാണ് വർധന. പുതിയ വില രേഖപ്പെടുത്തിയ കവർ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്.
🗞🏵 *ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വൻ കഞ്ചാവ് വേട്ട.* 414 കിലോ കഞ്ചാവാണ് എക്സൈസ് പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
🗞🏵 *രാജ്യത്ത് ഇ- സിഗററ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് കേന്ദ്ര സർക്കാർ പുറത്തിറക്കി.* ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ- സിഗററ്റുകളുടെ നിർമാണം, കയറ്റുമതി, ഇറക്കുമതി, വിൽപനയും വ്യാപാരവും, ശേഖരണം, പരസ്യം (ഓണ്‍ലൈനുകളിൽ ഉൾപ്പെടെ എല്ലാ പരസ്യങ്ങളും) നിരോധിച്ചുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അനുമതി നൽകിയിരുന്നു.
🗞🏵 *ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്.* കോവളത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം മോഡൽ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🗞🏵 *പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസിൽ പ്രതികളിലൊരാളുമായ ടി.ഒ. സൂരജ്.*
🗞🏵 *സ്വർണ വില ഇന്നും കുറഞ്ഞു.* പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.
🗞🏵 *സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു പൊളിച്ചുനീക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ പ്രതീക്ഷകൾ കൈവിട്ട് മരട് ഫ്ലാറ്റ് ഉടമകൾ.* കോടതി ഉത്തരവു പ്രകാരമുള്ള സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തു സർവ്വകക്ഷി യോഗം ചേർന്നിരുന്നു. യോഗ തീരുമാനങ്ങളിൽ തങ്ങൾ പൂർണ സംതൃപ്തരല്ലെന്നും പ്രതീക്ഷകൾ കൈവിടേണ്ട സാഹചര്യമാണു ഉണ്ടായിക്കുന്നതെന്നും ഫ്ലാറ്റ് ഉടമകളിൽ ഭൂരിഭാഗവും പറയുന്നു.
🗞🏵 *മണൽ മാഫിയയിൽ നിന്നു കൈക്കൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ടു എസ്പിയുടെ സെപ്ഷൽ സ്ക്വാഡിലെ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു.* മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുൾ കരീമാണ് പോലീസുകാർക്കെതിര നടപടി സ്വീകരിച്ചത്.
🗞🏵 *പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലാകുമെന്ന അഭ്യൂഹം പരിക്കുന്നതിനിടെ മുൻമന്ത്രിയും എംഎൽഎയുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെ കാണാനില്ല.* എംഎൽഎ ഇന്ന് രാവിലെ വടക്കൻ പറവൂരിൽ സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്ന് വാർത്തകൾ പുറത്തുവന്നു. ഇതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ആർക്കും വിവരമൊന്നുമില്ല.
🗞🏵 *ഓണം ബംപറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനം ആറ് ഭാഗ്യശാലികൾ ചേർന്നെടുത്ത ടിക്കറ്റിന്.* കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാർക്കാണ് ബംപർ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം രാജീവ് എന്നവാണ് ഭാഗ്യശാലികൾ.
🗞🏵 *യൂണിവേഴ്സിറ്റി കോളജിലുണ്ടായ കത്തിക്കുത്തിന് ശേഷം നിയമിതനായ പ്രിൻസിപ്പലിന് രണ്ടു മാസം കൊണ്ട് സ്ഥാനം തെറിച്ചു.* കോളജിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ നിയമിതനായ പ്രഫ.സി.സി.ബാബുവിനാണ് സ്ഥലംമാറ്റം. കാലിക്കറ്റ് സർവകലാശാല പരീക്ഷ കണ്‍ട്രോളറായിട്ടാണ് മാറ്റം ലഭിച്ചിരിക്കുന്നത്.
🗞🏵 *ലോക ചാമ്പ്യൻ പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്റിൽ നിന്നും പുറത്തായി.* തായ്ലൻഡിന്റെ പോണ്‍പാവെ ചോചുവോംഗിനോടാണ് ലോക ചാമ്പ്യൻ രണ്ടാം റൗണ്ടിൽ അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ: 21-12, 13-21, 19-21.
🗞🏵 *മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് പിഴത്തുക വൻതോതിൽ വർധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന വാഹന പരിശോധന ഇന്ന് മുതൽ വീണ്ടും തുടങ്ങി.* രാവിലെ മുതൽ തന്നെ പോലീസും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനകൾക്ക് റോഡിലുണ്ടായിരുന്നു.
🗞🏵 *ബിഎംഎസ് പ്രവർത്തകൻ പയ്യോളി മനോജ് വധക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.* 27 സിപിഎം പ്രവർത്തകരെ പ്രതി ചേർത്താണ് സിബിഐ എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
🗞🏵 *ടി.ഒ.സൂരജ് പ്രശ്നക്കാരനാണെന്നും അയാളുടെ കാലത്തുണ്ടായ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്.* തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാലാരിവട്ടം പാലം അഴിമതി കേസില്‍ നിയമാനുസൃതം നടപടി തുടരും. കേസില്‍ വലിയ ഗൂഢാലോചന ഉണ്ടാകാം. പാലം പണിയുന്നതിന് മുന്‍പ് മുന്‍കൂറായി കരാര്‍ കമ്പനിക്ക് പണം നല്കുന്ന കീഴ്വഴക്കമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
🗞🏵 *ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ഒരു വിശുദ്ധനായ മനുഷ്യനായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനെ ആക്രമിക്കാനും അദ്ദേഹം ആലോചിച്ചിരുന്നു.* ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറൂണ്‍ ആണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
🗞🏵 *ആഗോള കര്‍മലീത്ത മാതൃസഭയുടെ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ ഓഷ്യാനിയ ഓസ്ട്രേലിയ മേഖലയുടെ ജനറല്‍ കൗണ്‍സിലറായി റവ. ഡോ. റോബര്‍ട്ട് തോമസ് പുതുശേരി തെരഞ്ഞെടുക്കപ്പെട്ടു.* ഇതാദ്യമായാണ് മലയാളി കര്‍മലീത്ത വൈദികന് ഈ സ്ഥാനത്തു എത്തുന്നത്
🗞🏵 *ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആധിപത്യത്തില്‍ മോചിതമായ ഇറാഖിലെ ക്വാരഘോഷിൽ ക്രൈസ്തവ വിദ്യാലയം വീണ്ടും തുറന്നു.* പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സെന്റ് ജോസഫ് സ്കൂളാണ് വീണ്ടും തുറന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം 2014ൽ പണി പൂര്‍ത്തിയാക്കിയ സ്കൂള്‍ ആണിത്.
🗞🏵 *രോഗീ പരിചാരകരുടെ ഹൃദയ പരിവര്‍ത്തനത്തിനായും, അല്‍ഷിമിയേഴ്സ് രോഗികള്‍ക്കുവേണ്ടിയും, അവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ വത്തിക്കാനിലെത്തിയവരോടും ആഗോള വിശ്വാസികളോടും ആഹ്വാനം ചെയ്തു.*
🦢🦢🦢🦢🦢🦢🦢🦢🦢🦢🦢
*ഇന്നത്തെ വചനം*
പിന്നെ അവന് ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമില്‍ എത്തി സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
അവന്‍െറ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്‍െറ വ ചനം.
അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധി ച്ചഒരുവന്‍ ഉണ്ടായിരുന്നു. അവന് ഉറക്കെ നിലവിളിച്ചു പറഞ്ഞു:
നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്‍െറ പരിശുദ്ധന്.
ലൂക്കാ 4 : 31-34
🦢🦢🦢🦢🦢🦢🦢🦢🦢🦢🦢
*വചന വിചിന്തനം*
പിശാചിനെ ബഹിഷ്കരിക്കുന്ന ഈശോ
ദേവാലയത്തില്‍ പോലും അശുദ്ധാത്മാക്കള്‍ കടന്നുകൂടാം. തിന്മയെ വിവേചിച്ചറിയാന്‍ ആത്മാവിന്റെ ശക്തി അനിവാര്യമാണ്. കാലങ്ങളായി തിന്മയുടെ കൂടെ വസിച്ചിട്ടും അത് അറിയാതെ നീ ജീവിച്ചാല്‍ അത് മൗഢ്യമാണ്. അധികാരത്തോടെ ആത്മാവിന്റെ ശക്തിയാല്‍ നിറഞ്ഞ് നീ ശാസിച്ചാല് തിന്മയുടെ ശക്തി നിന്നെ വിട്ടൊഴിഞ്ഞു പോകും. നീ പോലും അറിയാത്ത നന്മ നിന്നില്‍ ഇടം കൊള്ളുകയും ചെയ്യും.
🦢🦢🦢🦢🦢🦢🦢🦢🦢🦢🦢
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*