ന്യൂഡൽഹി: എൽഐസിയുടെ 10.7 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലെ 1.76 ലക്ഷം കോടി രൂപ സർക്കാർ എടുത്തതിനു പിന്നാലെയാണിതെന്ന് എഐസിസി വക്താവ് അജയ് മാക്കൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.രാജ്യത്തെ കടുത്ത സാന്പത്തിക മുരടിപ്പിലേക്കു നയിച്ച സർക്കാർ ഇപ്പോൾ സാധാരണക്കാരുടെ പണം കൈയിട്ടുവാരുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ഐഡിബിഐ ബാങ്കിനെ രക്ഷിക്കാനെന്ന പേരിൽ 30,000 കോടി രൂപയാണ് സർക്കാർ ഉപയോഗിച്ചതെന്ന് റിസർവ് ബാങ്ക്, എസ്ബിഐ റിപ്പോർട്ടുകൾ ഉദ്ധരിച്ച് മാക്കൻ പറഞ്ഞു. ഐഡിബിഐ ബാങ്കിൽ 2018ൽ മാത്രം 21,000 കോടി രൂപയാണ് എൽഐസി നിക്ഷേപിച്ചത്. ഇതിലൂടെ എൽഐസിയുടെ ഓഹരിപങ്കാളിത്തം കൂട്ടി. അതിനു പുറമെ ഈ മാസം വീണ്ടും 9,300 കോടി രൂപ കൂടി ഐഡിബിഐയിൽ നിക്ഷേപിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇതിൽ 4,743 കോടി രൂപ എൽഐസിയിൽ നിന്നു മാത്രമുള്ളതാണ്.ഐഡിബിഐ 3,800 കോടി രൂപയുടെ നഷ്ടമാണു ഈ വർഷം ജൂണിൽ വരുത്തിയത്. ലൈഫ് ഇൻഷ്വറൻസ് കോർപറേഷന്റെ 28.84 കോടി നിക്ഷേപകരെ വഞ്ചിക്കുന്നതാണ് സർക്കാർ നടപടിയെന്ന് മാക്കൻ കുറ്റപ്പെടുത്തി. നിങ്ങളെപ്പോലെയും തന്നെപ്പോലെയും ഉള്ളവർ നിക്ഷേപിച്ച തുകയാണ് നഷ്ടമുണ്ടാക്കുന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എൽഐസിക്ക് 29 കോടി പോളിസി ഉടമകളാണുള്ളത്. 1.12 ലക്ഷം ജീവനക്കാരും 10.72 ലക്ഷം ഏജന്റുമാരുമുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം പേർ എൽഐസിയെ ആശ്രയിച്ചു കഴിയുന്നുണ്ടെന്നും അവരെയെല്ലാം ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് സർക്കാരിന്റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
എൽഐസിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്ന് കോണ്‍ഗ്രസ്….
