ടെക്സസ്: തോക്കിനുമുന്നിൽ ജപമാലയിലൂടെ പരിചയുടെ സംരക്ഷണം അനുഭവിച്ചറിഞ്ഞ് ടെക്സസിലെ ഒരു വൈദികൻ. തനിക്കുനേരെ തോക്കുചൂണ്ടിയ കവർച്ചാ സംഘത്തിൽനിന്നു പരിശുദ്ധ അമ്മയുടെ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ അത്ഭുതം വിവരിക്കുകയാണ് ഫാ. ഡെസ്മൊണ്ട് ഒഹങ്ക്വെയർ. ഹ്യൂസ്റ്റണിലെ സെന്റ് പീറ്റർ ദ അപ്പോസ്തലൻ ദൈവാലയത്തിന് സമീപത്തെ താമസസ്ഥലത്തുവെച്ചാണ് നാലു പേർ തോക്കുചൂണ്ടി അദ്ദേഹത്തെ ആക്രമിച്ചത്. അവർ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും ജപമാല പ്രാർത്ഥനയ്ക്കു മുന്നിൽ എല്ലാം വിഫലമാകുകയായിരുന്നു.
ജപമാല പ്രാർത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ ആക്രമിച്ച് വീടിന്റെ താക്കോലുകളും രണ്ട് സെൽഫോണുകളും അവർ കൈക്കലാക്കി. എന്നാൽ അദ്ദേഹത്തിന്റെ കൈയിൽ കരുതിയിരുന്ന ജപമാല മാത്രം എടുത്തില്ല. തലയ്ക്കുനേരെ തോക്കുചൂണ്ടി വെടിവെക്കാൻ ശ്രമിച്ചപ്പോൾ ഫാ. ഒഹങ്ക്വെയൻ ചെയ്ത പ്രവൃത്തി അവരെ ആമ്പരപ്പിച്ചിട്ടുണ്ടാകും- മുട്ടുകുത്തി ജപമാല ചൊല്ലി. പക്ഷേ, ആക്രമികളെ അതൊന്നു സ്വാധീനിച്ചില്ല. ‘അവർ പല തവണ കാഞ്ചി വലിച്ചെങ്കിലും വെടി പൊട്ടിയില്ല,’ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘അക്രമികൾ വെടിവെക്കാൻ കാഞ്ചി വലിക്കുമ്പോഴൊക്കെ ജീവിതം കഴിഞ്ഞുവെന്നാണ് കരുതിയത്. എങ്കിലും വിശ്വാസത്തോടെ ജപമാല മുറുകെ പിടിച്ചു. വീണ്ടും പല തവണ കാഞ്ചി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. ഇതിൽപ്രകോപിതരായ അവർ എന്നെ ദേഹോപദ്രവം എൽപ്പിച്ചു.’ തന്നെ അക്രമിക്കാൻ വന്ന നാലുപേർക്കു മുന്നിൽ ജപമാല മാത്രമായിരുന്നു എന്റെ ആയുധമെന്നും പരിശുദ്ധ അമ്മയുടെ സംരക്ഷണമാണ് തനിക്ക് ധൈര്യം പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.