അന്നത്തെ വിശ്വാസപരിശീലന ക്ലാസ്സിനെ തുടര്‍ന്നുള്ള അധ്യാപക സമ്മേളനത്തിന്റെ അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് അറുതിവരുത്തി ആത്മസമാധാനത്തോടെ എഴുന്നേല്‍ക്കുമ്പോഴാണ് റോസിലിടീച്ചറിന്റെ വരവ്: ”തിരക്കുണ്ടോ സാറേ, അല്പസമയം എനിക്കുവേണ്ടി? ഒരു സംശയമുണ്ട്, അല്ലാ ഒരു പ്രശ്‌നം. സ്‌കൂള്‍ വരാന്തയിലെ ബഞ്ചില്‍ അഭിനയമികവുകൊണ്ട് അസ്വസ്തതയുടെ മുഖരേഖകള്‍ മറച്ച് ആസനസ്ഥനായപ്പോള്‍ ടീച്ചര്‍ പ്രശ്‌നത്തിന്റെ ഫയല്‍തുറന്നു.
ടീച്ചറിനല്ല ടീച്ചറിന്റെ അമ്മായിക്കാണ് പ്രശ്‌നം. ആനിയമ്മായി ടീച്ചറിന്റെകൂടെതന്നെ തറവാട്ടിലാണ് താമസം. ചെറുപ്പകാലത്തുതന്നെ കൂട്ടിനെത്തിയ രോഗപീഡകള്‍മൂലം അവിവാഹിതയായി തുടരുന്നു. വീട്ടില്‍ ചെറിയതോതില്‍ കോഴിവളര്‍ത്തലും ആടുവളര്‍ത്തലും പച്ചക്കറി കൃഷിയുമൊക്കെയായി സമയം നീക്കുന്നു. ഈ അടുത്തകാലത്ത് അധികം ദൂരത്തല്ലാതെയുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ ജാഗരണ പ്രാര്‍ത്ഥനയ്ക്കും, ആരാധനയ്ക്കുമൊക്കെ കൂടുവാന്‍ മിക്കപ്പോഴും പോകാറുണ്ട്. കുറേനാളായി ഇടവകപ്പള്ളിയില്‍ ഞായറാഴ്ചപോലും പോകാറില്ല. ജാഗരണ പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുംവഴിയുള്ള ഒരു വൃദ്ധമന്ദിരത്തിലെ ഞായറാഴ്ച കുര്‍ബാന കാണും. ഇടവകയിലെ വികാരിയച്ചനാണെങ്കില്‍ വിശ്വാസികള്‍ എല്ലാവരും ഞായറാഴ്ച ഇടവകപള്ളിയില്‍തന്നെ വരണമെന്ന് നിര്‍ബന്ധപൂര്‍വ്വം പറയുന്നു. കടം തീരാന്‍ എവിടെയെങ്കിലും ഒരു കുര്‍ബാന കണ്ടാല്‍ പോരേ എന്നാണ് അമ്മായിയുടെ ന്യായം. ഇതുവരെ ഇടവകപള്ളിയില്‍ ദിവസവും കുര്‍ബാനയില്‍ പങ്കുകൊണ്ടിട്ട് എനിക്കെന്തു പ്രയോജനം കിട്ടി? ആ ധ്യാനകേന്ദ്രത്തില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ശ്വാസം മുട്ടലിനു കുറവുണ്ട്, എന്റെ ഒറ്റ കോഴിക്കുഞ്ഞിനെപ്പോലും പിന്നീട് പരുന്തു കൊണ്ടുപോയിട്ടുമില്ല. ധ്യാനകേന്ദ്രത്തിലെ ആരാധനയില്‍ ലഭിക്കുന്നത് വ ലിയ സ്വര്‍ഗ്ഗീയാനുഭവമാണത്രെ. ചാവുദോഷത്തെ ഭയന്ന് കടം തീര്‍ക്കാന്‍ മാത്രമാണ് ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. ഇങ്ങനെ പോകുന്നു ആനിയമ്മായിയുടെ ന്യായങ്ങള്‍. വികാരിയച്ചനും ആനിയമ്മായിക്കുമിടയില്‍ ഉത്തരമില്ലാതെ ബുദ്ധിമുട്ടുന്ന സണ്‍ഡേസ്‌കൂള്‍ അധ്യാപികയായ റോസിലിടീച്ചറിന് ഇടവകക്കൂട്ടായ്മയിലേയ്ക്ക് ആനിയമ്മായിയെ ആനയിക്കാന്‍ ഒറ്റമൂലിയുണ്ടോ എന്നറിയണം.
ആനിയമ്മായിയുടെ ധ്യാനകേന്ദ്രബന്ധം അടുത്തകാലത്തു തുടങ്ങിയതാണെങ്കിലും രോഗം വളരെ പഴക്കമുള്ളതാണല്ലോ ടീച്ചറെ. അമ്മായിയുടെ കാര്യത്തില്‍ മാത്രമല്ല നമ്മുടെ സമൂഹത്തിലെ പലരുടെയും ആദ്ധ്യാത്മിക ജീവിതത്തെ അപകടപ്പെടുത്താന്‍ പോരുന്ന ഇത്തരം പ്രവണതകളേക്കുറിച്ച് ഒരു സണ്‍ഡേസ്‌കൂള്‍ അധ്യാപിക തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ആധുനിക മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളോടും ആഭിമുഖ്യങ്ങളോടും ബന്ധപ്പെട്ട് രൂപമെടുത്തിട്ടുള്ള ഒരു പ്രയോജനാത്മക ഭൗതികവാദത്തിന്റെ (Pragmatic Materialism) സ്വാധീനം ഇന്ന് ഏറെക്കുറെ എല്ലാവരിലും പ്രകടമാണ്. ഈ സ്വാധീനഫലമായി ഏതു വിധേനയെങ്കിലും സ്വത്തുസമാഹരിക്കാനുള്ള അമിത വ്യഗ്രത, അധികാരമോഹം, കിടമത്സരങ്ങളില്‍ വിജയം വരിക്കാനുള്ള തത്രപ്പാടുകള്‍ തുടങ്ങിയവയെല്ലാം മനുഷ്യവ്യവഹാരങ്ങളില്‍ സര്‍വ്വത്ര ദൃശ്യമാകുന്നു. ആധുനിക ജീവിതശൈലികളും മാധ്യമങ്ങളുടെ ദുരുപയോഗവും മൗലിക ഭീകരവാദപ്രസ്ഥാനങ്ങളും ഒന്നുചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന അരക്ഷിതാവസ്ഥ മനുഷ്യമനസ്സുകളില്‍ താളപ്പിഴകള്‍ സൃ ഷ്ടിക്കുന്നു. സമ്പത്തും പ്രതാപവും പ്ര ശസ്തിയും, സുഖജീവിതവും ജീവിതലക്ഷ്യമായി പ്രതിഷ്ഠിച്ച് നെട്ടോട്ടമോടുന്നവര്‍ പ്രതിസന്ധികളില്‍ വഴിമുട്ടി നിരാശയുടെ കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ ഇവയെല്ലാം നേടിയെടുക്കാനുള്ള ഒറ്റമൂലിയായി ആദ്ധ്യാത്മികത പ്രതിഷ്ഠിക്കപ്പെടുന്നിടത്ത് ഉപഭോക്താക്കളുടെ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെടുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. സ്വാര്‍ത്ഥമോഹങ്ങള്‍ക്കുവേണ്ടി ആത്മീയതയുടെ പരിവേഷമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സിദ്ധന്മാരുടെയും അത്ഭുതപ്രവര്‍ത്തകരുടെയും കപടവാഗ്ദാനങ്ങളില്‍ വിശ്വസിച്ചെത്തുന്നവരുടെ വൈകാരികാവസ്ഥ യഥാര്‍ത്ഥ വിശ്വാസത്തിന്റെയും ആത്മീയതയുടെയും മനോഭാവങ്ങളെ ക്രമേണ വിട്ടകലുന്നു.
അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും ഉയര്‍ന്ന ബാനറുകള്‍ക്കുപിന്നില്‍ ആളുകള്‍ ഓടിക്കൂടുന്നത് ആദ്ധ്യാത്മികതയില്‍ വളരാനുള്ള ആഗ്ര ഹം കൊണ്ടൊന്നുമല്ല. ആഗ്രഹിക്കുന്ന ഭൗതിക നന്മകള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്. ഇവരുടെയൊക്കെ ആഗ്രഹങ്ങള്‍ക്കൊത്ത് സ്വന്തം തോന്നലുകളെയും വെളിപാടുകളെയും ദര്‍ശനങ്ങളെയും ആധാരമാക്കി ദൈവവചനത്തിന് വ്യാഖ്യാനമൊരുക്കുന്നവര്‍ വിളമ്പിത്തരുന്നത് സത്യവിശ്വാസത്തിനും ധാര്‍മ്മികതയ്ക്കും നിരക്കുന്നതാണോ എന്നൊന്നും ആരും അന്വേഷിക്കാറില്ലല്ലൊ. കര്‍ത്താവിന്റെ നാമം പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നവരോടുള്ള ഈശോയുടെ മനോഭാവം എ ന്തെന്ന് കാണാം. (മത്താ 7:22-23) ”ആ ദിവസം വളരെപ്പേര്‍ എന്നോടു ചോദി ക്കും ‘കര്‍ത്താവേ, കര്‍ത്താവേ, അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ പ്രവചിച്ചി ല്ലേ?… ഞങ്ങള്‍ പിശാചുക്കളെ പുറത്താക്കിയില്ലേ?… ഞങ്ങള്‍ അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോട് വ്യക്തമായി പറയും: ”അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍; നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല”.
അത്ഭുതങ്ങള്‍ സംഭവിക്കുന്നിടത്തെല്ലാം ശരിയായ വിശ്വാസം-ശരിയായ ദൈവമനുഷ്യബന്ധം ഉണ്ടാകണമെന്നില്ല. അത്ഭുതങ്ങള്‍ കണ്ട് ജാഗ്രതയില്‍ വിശ്വസിച്ചവരെ ഈശോ വിശ്വസിച്ചില്ലെന്ന് യോഹന്നാന്‍ പറയുന്നു (യോഹ 2:23-25). കാരണം അവരുടെ ഉള്ളിലുള്ളത് എന്തായിരുന്നുവെന്ന് ഈശോ മനസ്സിലാക്കിയിരുന്നു. അത്ഭുതങ്ങളാകുന്ന അടയാളങ്ങള്‍ കണ്ട് അവ സൂചിപ്പിക്കുന്ന ദൈവരാജ്യം ആരെന്നും എന്തെന്നും മനസ്സിലാക്കാതെ അപ്പം വര്‍ദ്ധിപ്പിച്ചവനെ അന്വേഷിച്ചുനടന്നവരുടെ മുഖത്തുനോക്കി അവരുടെ ഉദ്ദേശ്യം വഴിതെറ്റിയതാണെന്ന് വ്യക്തമാക്കി, മനുഷ്യപുത്രന്‍ നല്‍കുന്ന അനശ്വരമായ ആഹാരത്തിനായി അദ്ധ്വാനിക്കുവാന്‍ ആഹ്വാനവും നല്‍കി (യോഹ. 6:26-27). ഈ അപ്പം താന്‍ തന്നെയാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു (യോഹ 6:35; 6:51). ഭൗതിക ഐശ്വര്യങ്ങളുടെ മാന്ത്രികച്ചെപ്പ് തേടിയവര്‍ക്ക് അത്ഭുതങ്ങളും അടയാളങ്ങളും ദിശാബോധം പകര്‍ന്നു ചൂണ്ടിക്കാട്ടിയ യഥാര്‍ത്ഥ സത്യം സ്വീകരിക്കാനാവാതെ ശിഷ്യരുള്‍പ്പെടെ വളരെപ്പേര്‍ ഈശോയെ ഉപേക്ഷിച്ചുപോയി. പക്ഷെ നിത്യജീവന്റെ വചനങ്ങള്‍ കര്‍ത്താവിന്റെ പക്കല്‍ ഉണ്ടെന്ന ബോധ്യത്തില്‍ കാര്യം വ്യക്തമായി മനസ്സിലായില്ലെങ്കിലും ശ്ലീഹന്മാര്‍ ഈശോയോടു ചേര്‍ന്നുനിന്നു. ഈശോയുമായുള്ള നിരന്തര സമ്പര്‍ക്കവും, അവിടുത്തെ പ്രബോധനങ്ങളും, അന്ത്യഅത്താഴവും, കുരിശുമരണം പകര്‍ന്ന ഞടുക്കവും ആശാഭംഗവും തുടര്‍ന്ന് ഉത്ഥാനം പകര്‍ന്ന വിസ്മയവും പരിശുദ്ധാത്മസഹവാസവും എല്ലാം ചേര്‍ ന്നൊരുക്കിയ വെളിപാടനുഭവമാണ് ശരിയായ വിശ്വാസപ്രത്യുത്തരത്തിലേ യ്ക്ക് ശിഷ്യരെ നയിച്ചത്. ഈശോ യ്ക്കുവേണ്ടി മരിക്കാന്‍പോലും സന്നദ്ധമായ ദൃഢമായ വിശ്വാസം പകര്‍ന്ന സഹനത്തിന്റെ ജീവിതമാണ് ഇത് ശ്ലീഹന്മാര്‍ക്ക് നേടിക്കൊടുത്തത്. ഭൗതികൈശ്വര്യങ്ങളുടെ സമൃദ്ധിയും മായാമോഹങ്ങളുടെ സാക്ഷാത്ക്കാരവും ഒന്നുമല്ല! ഈ ലോകത്തിലെ പൈശാചികശക്തികളോടു മല്ലടിക്കുമ്പോള്‍ ഉരുണ്ടുപൊങ്ങുന്ന ജീവിതപ്രശ്‌നങ്ങളാകുന്ന തിരമാലകള്‍ കണ്ട് ഭയപ്പെടാതെ സ്വന്തം കുരിശുമെടുത്ത് കര്‍ത്താവിനോടു ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്ന സ്‌നേഹബന്ധമാണ് യഥാര്‍ത്ഥ വിശ്വാസം. ദൈ വത്തിന്റെ വെളിപാടായി ഈശോയെ അറിയാനും അനുഭവിക്കാനും സാധിക്കുന്നവര്‍ക്കുമാത്രമേ ആ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് യഥാര്‍ത്ഥ വിശ്വാസത്തിന്റെ പ്രത്യുത്തരം നല്‍കാന്‍ സാധിക്കുകയുള്ളൂ. ദൈവികവെളിപാടിന്റെ സംവാഹകയായ സത്യസഭയ്ക്കുമാത്രമെ ഈ വെളിപാടനുഭവം പകര്‍ന്നുനല്‍കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള സജീവ സ്രോതസ്സുകളാണ് സഭയുടെ ജീവിതവും വചനഗ്രന്ഥവും. ഈ ജീവിതത്തിന്റെ ഉത്തുംഗസ്ഥാനമായ (SC. 10) പരിശുദ്ധ കുര്‍ബാനയില്‍ നാഥന്റെ ശരീരരക്തങ്ങള്‍ സ്വീകരിച്ച് ഈശോയിലും ഈശോ നമ്മിലും വസിക്കുന്ന അനുഭവത്തിലേയ്ക്ക് എല്ലാവരെയും ആനയിക്കുവാന്‍ അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും, വചനപ്രഘോഷകര്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും കഴിയുന്നില്ലെങ്കില്‍ അവയെല്ലാം വ്യാജമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം നമുക്കുണ്ടാകണം.
സത്യനാഥാനന്ദദാസ്