ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ എണ്ണവിപണിയിലെ ചാഞ്ചാട്ടങ്ങൾ രൂക്ഷമായി ബാധിക്കും. ഇതുളവാക്കുന്ന സാന്പത്തിക പ്രശ്നങ്ങളിൽ ഒട്ടകപ്പക്ഷി നയമല്ല, ബുദ്ധിപൂർവകമായ നടപടികളാണു വേണ്ടത്. സൗദി അറേബ്യയിൽ എണ്ണപ്പാടം കത്തുന്പോൾ കേരളത്തിനു പൊള്ളുമോ? തീർച്ചയായും പൊള്ളും. കേരളത്തിലെ ഗ്രാമങ്ങളിൽ വരെ ആ തീയുടെ ചൂടും പുകപടലങ്ങളും എത്തും – പ്രധാനമായും വിലവർധനയുടെ രൂപത്തിൽ. സാധാരണക്കാരെ ഏറ്റവും കൂടുതൽ പൊള്ളിക്കുന്നത് വിലവർധനയെന്ന ദുർഭൂതമാണല്ലോ. സൗദിയിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയ്ക്കു നേരേയുണ്ടായ ആക്രമണം ആഗോള എണ്ണവിപണിയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പല മാനങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. 2018-19 സാന്പത്തികവർഷം 1,11,900 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. ഇതിൽ 18 ശതമാനം സൗദിഅറേബ്യയിൽനിന്നായിരുന്നു. മുൻ സാന്പത്തികവർഷം 87,800 കോടി ഡോളറിന്റെയായിരുന്നു എണ്ണ ഇറക്കുമതി. ആഭ്യന്തര ആവശ്യത്തിനുള്ള എണ്ണയിൽ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അരാംകോയുടെ സംസ്കരണശാലയിലുണ്ടായ തീപിടിത്തത്തിനു പിന്നിൽ യെമനിലെ ഹൗതി വിമതരാണെന്നും, അതല്ല, ഇറാനാണെന്നുമൊക്കെയുള്ള വാദപ്രതിവാദങ്ങളിൽ അമേരിക്കയുൾപ്പെടെ ഇക്കാര്യങ്ങളിൽ സാന്പത്തിക, രാഷ്ട്രീയ താത്പര്യമുള്ളവർ ഏർപ്പെടുന്നു. പക്ഷേ, ക്രൂഡോയിൽ വിപണിയിലുണ്ടാകുന്ന ഏതു വ്യതിയാനവും ലോകത്തെയാകെ ബാധിക്കും. അവികസിത, വികസ്വര രാജ്യങ്ങളെയാവും ഇതു കൂടുതൽ ബാധിക്കുക. ലോക സാന്പത്തികശക്തിയാകാൻ വെന്പുന്ന ഇന്ത്യക്ക് ഇന്ധന വിലവർധന ഉണ്ടാക്കുന്ന ആഘാതം വളരെ ഗുരുതരമായിരിക്കും.ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ഇന്ത്യ ഉത്പാദിപ്പിക്കുന്നുള്ളൂ. അതേസമയം, എണ്ണ ഉപയോഗത്തിൽ നാം വളരെ മുന്നിലുമാണ്. ഒരു ലിറ്റർ പെട്രോളിനോ ഡീസലിനോ ഒരു രൂപ കൂടിയാൽ അത് വിപണിയിലാകെ പ്രതിഫലിക്കും; നിത്യോപയോഗ സാധനങ്ങൾക്കാകെ വില കൂടും. കേരളത്തെപ്പോലെ ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഒട്ടുമിക്ക സാധനങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവർക്ക് ആഘാതം കൂടുതലായിരിക്കും. ആന്ധ്രയിൽനിന്ന് അരി എത്തുന്നതിനും തമിഴ്നാട്ടിൽനിന്നു പച്ചക്കറി വരുന്നതിനും ഗതാഗതച്ചെലവു കൂടുന്പോൾ അതു സാധാരണക്കാരന്റെ പോക്കറ്റിൽനിന്നാണു കച്ചവടക്കാർ ഈടാക്കുക. നിത്യോപയോഗ സാധനങ്ങളുടെ വില മാത്രമല്ല, യാത്രച്ചെലവും കൂടും. ദേശീയ വിമാനക്കന്പനിയായ എയർ ഇന്ത്യ വലിയ നഷ്ടത്തിലാണ് ഓടുന്നത്. ഇന്ധന വിലവർധന ആ നഷ്ടം വർധിപ്പിക്കും. ഇന്ധനവിലയിൽ 10 ശതമാനം വർധനയുണ്ടായാൽ പ്രതിമാസം 50 കോടി രൂപയാണ് എയർ ഇന്ത്യക്ക് അധികച്ചെലവുണ്ടാവുക. സ്ഥിതി വഷളായാൽ ടിക്കറ്റ് നിരക്കു വർധിപ്പിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നു. ഇപ്പോൾത്തന്നെ സീസണിൽ വളരെ ഭാരിച്ച നിരക്കാണ് എയർ ഇന്ത്യ ഉൾപ്പെടെ എല്ലാ വിമാനക്കന്പനികളും ഈടാക്കുന്നത്. ഗൾഫിൽനിന്നുള്ള യാത്രക്കാരാണ് ഇതിന്റെ ഭാരം ഏറെയും പേറുക. വ്യോമയാന ഇന്ധനത്തിന്റെ വില കൂടുന്നത് ഇപ്പോൾത്തന്നെ വലിയ പ്രതിസന്ധി നേരിടുന്ന സ്വകാര്യ വിമാനക്കന്പനികളുടെ നിലനിൽപ്പിനെ ബാധിക്കും. ഇന്ത്യൻ റെയിൽവേയും പൊതുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമെല്ലാം ഇന്ധനവിലവർധനയുടെ ആഘാതം അനുഭവിക്കേണ്ടിവരും. പണ്ടേ ദുർബലയായ കെഎസ്ആർടിസിയുടെ കാര്യം പരമദയനീയമാവും.ശനിയാഴ്ചയാണു സൗദി അറേബ്യയിലെ പ്രധാന എണ്ണക്കന്പനിയായ അരാംകോയുടെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയിൽ ആളില്ലാ വിമാനത്തിന്റെ ആക്രമണം നടന്നത്. യഥാർഥത്തിൽ ഇതൊരു ഭീകരാക്രമണംതന്നെ. ആക്രമണത്തെത്തുടർന്ന് ഒറ്റ ദിവസംകൊണ്ടു ബ്രെന്റ് ക്രൂഡോയിൽ വിലയിൽ 20 ശതമാനം വർധനയാണുണ്ടായത്. 1991ലെ ഗൾഫ് യുദ്ധത്തിനുശേഷം ഒറ്റയടിക്ക് ഇത്രയും വലിയ വർധനയുണ്ടായിട്ടില്ല.സൗദി എണ്ണപ്പാടത്തെ തീപിടിത്തം ഇന്ത്യക്കുള്ള എണ്ണവിതരണത്തിൽ കുറവൊന്നുമുണ്ടാക്കില്ലെന്ന് അരാംകോ അധികൃതർ പറയുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലായി പെട്രോൾ-ഡീസൽ വില ലിറ്ററിന് അഞ്ചുരൂപ വരെ ഉയർന്നേക്കാം. രൂപയുടെ വിനിമയമൂല്യത്തിലും കനത്ത ശോഷണമുണ്ടായിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ കറൻസികൾക്കു വിലയിടിവ് ഉണ്ടായെങ്കിലും രൂപയ്ക്കാണു വലിയ ക്ഷതമേറ്റത്. ഇന്ത്യ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവേ ഇതു സ്ഥിതി കൂടുതൽ പരുങ്ങലിലാക്കും. ധനകമ്മി കൂടുതൽ രൂക്ഷമാകും. അതു രാജ്യത്തിന്റെ സന്പദ്ഘടനയിൽ പ്രത്യാഘാതങ്ങളുണ്ടാക്കും. വാഹനവിപണിയിൽ ഇപ്പോൾത്തന്നെ കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. പാചകവാതകവിലയിലും വർധനയുണ്ടാകും. എണ്ണവിലയിൽ പൊടുന്നനേയുണ്ടായ മാറ്റം ഓഹരിവിപണിയെ തളർത്തി. പൊതുമേഖലാ എണ്ണക്കന്പനികളുടെ ഓഹരിവില കുത്തനേ താഴ്ന്നു.അരാംകോയിലെ ഭീകരാക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിക്കുന്നു. ഇറാനെതിരേ യുദ്ധത്തിനു മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യെമനിൽനിന്നല്ല, ഇറാനിൽനിന്നോ ഇറാക്കിൽനിന്നോ ആണു ഡ്രോണുകൾ എത്തിയതെന്നാണ് അമേരിക്കയുടെ ഉപഗ്രഹ കാമറകൾ നൽകുന്ന വിവരം. സെപ്റ്റംബർ 11, പേൾ ഹാർബർ ആക്രമണങ്ങളോടാണ് അമേരിക്ക അരാംകോ ആക്രമണത്തെ താരതമ്യപ്പെടുത്തുന്നത്. യെമനിലെ ഹൗതി വിമതർക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ ആക്രമണത്തിൽ തങ്ങൾക്കു യാതൊരു പങ്കുമില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാൽ അമേരിക്കയ്ക്കു ദുഃഖിക്കേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പു നൽകുന്നു. അമേരിക്ക-ഇറാൻ വാക്പോരാട്ടം എണ്ണവിപണിയെ വീണ്ടും ഉലയ്ക്കാനിടയുണ്ട്. ഇത്തരം സാഹചര്യം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഏറെ ബാധിക്കും.കേന്ദ്രസർക്കാർ എല്ലാം ഭദ്രമെന്നു പറഞ്ഞു മേനി നടിച്ചിട്ടു കാര്യമില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ധനമന്ത്രി നിർമല സീതാരാമൻ സന്പദ്ഘടനയെ ശക്തമാക്കുന്നതിനുള്ള ചില പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അവ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം. യാഥാർഥ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഒട്ടകപ്പക്ഷിനയങ്ങളും പ്രഖ്യാപനങ്ങളും ഫലം ചെയ്യില്ല. നിലവിലെ സാഹചര്യങ്ങളെ സമർഥമായി നേരിടാനുള്ള കർമപദ്ധതികളാണു വേണ്ടത്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഇത്തരമൊരു സാഹചര്യത്തെ നാം നേരിട്ടതാണ്. വൻശക്തികൾപോലും പതറിയപ്പോൾ നാം പിടിച്ചുനിന്നു. ഇപ്പോൾ അന്നത്തേതിൽനിന്നു വ്യത്യസ്തമായ മാർഗങ്ങളാവും തേടേണ്ടത്. അവ കൂട്ടായ ആലോചനയിലൂടെ കണ്ടെത്തണം. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മൂടിവച്ചുകൊണ്ടു മുന്നോട്ടു പോകാനാവില്ല. പ്രശ്നങ്ങളെ നേരിടാനുള്ള ഇച്ഛാശക്തിയും പ്രായോഗികബുദ്ധിയും ഭരണകർത്താക്കൾ പ്രകടിപ്പിക്കണം. എങ്കിലേ എണ്ണവിലവർധന ജനങ്ങൾക്ക് ആഘാതമാകാതിരിക്കൂ.
കടപ്പാട്- ദീപിക