വിശുദ്ധരുടെ ചിത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾപോലും മാറ്റിമറിക്കുകയാണ്
നമ്മുടെ ന്യൂജൻ വിശുദ്ധർ! കാലഘട്ടത്തിന്റെ ആവശ്യകതയാണത്.

കമ്പ്യൂട്ടറും മൊബൈലും മൂലം വഴിതെറ്റുന്ന മക്കളെക്കുറിച്ചുള്ള ആധിയും വ്യാധിയും കാർന്നോമ്മാർക്ക്. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും കുടുങ്ങിപ്പോയ കൗമാരവും യൗവനവുമൊക്കെ അതു തിരിച്ചറിഞ്ഞിട്ടും രക്ഷപ്പെടാനാകാതെ നിസ്സഹായതയാൽ കഷ്ടപ്പെടുന്നതിന്റെ കണ്ണീർക്കഥകൾ മറുവശത്ത്. എന്തുചെയ്യണമെന്നറിയാതെ ഒരുതരം ഇതികർത്തവ്യതാമൂഢത ബാധിച്ചിരിക്കുമ്പോഴാണ് തന്റെ അനന്യസാധാരണമായ കമ്പ്യൂട്ടർ സിദ്ധിയെ സുകൃതമാക്കിയ ഒരു കൊച്ചുമിടുക്കൻ വിശുദ്ധപദവിയിലേക്ക് നീങ്ങുന്നതറിയുന്നത്

കമ്പ്യൂട്ടർജ്ഞാനിയായ ഇറ്റാലിയൻ
ബാലൻ കാർലോ അക്യൂട്ടീസ്
ഫ്രാൻസീസ് പാപ്പായാൽ ധന്യനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു! ഇതുവരെ വിശുദ്ധരുടെ ചരിത്രത്തിൽ കാണാത്ത നൂതനയേടുകളാണ് തന്റെ അസാധാരണകമ്പ്യൂട്ടർ പരിജ്ഞാനം കർത്താവിനു സമർപ്പിച്ച ഈ വിശുദ്ധ ബാലൻ വിരചിച്ചിരിക്കുന്നത്!സ്വാഭാവികമായും യുവജനങ്ങളുടെ ഇടയിൽ തരംഗമായി മാറുകയാണീ ധന്യന്യൂജെൻ!

പതിനൊന്നാം വയസ്സിൽ കാർലോ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു വെർച്വൽ ലൈബ്രറിയുടെ നിർമാണം ആരംഭിച്ചു. മറ്റെന്തിനേക്കാളും തന്റെ കമ്പ്യൂട്ടർകഴിവുകൾ മുഴുവനും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് അവൻ ഉപയോഗിച്ചത്.

അതിനായി ഈ കൊച്ചുമിടുക്കൻ എന്തു ചെയ്തെന്നോ? നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങൾ അവൻ ശേഖരിച്ചു. രണ്ടര വർഷംകൊണ്ടാണ് ഈ വെർച്വൽ ലൈബ്രറി പൂർത്തീകരിച്ചത്. തുടർന്ന് അഞ്ചു ഭൂഖണ്ഡങ്ങളിലാണ് ഈ ലൈബ്രറിയുടെ പ്രദർശനം നടത്തപ്പെട്ടത്. അവന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിത്തുടങ്ങിയിരുന്നു.

സാങ്കേതിക പരിജ്ഞാനത്തടവറയിൽ പ്രസാദവരത്തെ ബലികഴിക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയ്ക്ക് കമ്പ്യൂട്ടർ സുകൃതത്തിൻറെ ആത്മീയകാഴ്ചപ്പാടുമായി രംഗത്തിറങ്ങിയ കാർലോസ് പുതിയൊരു ആവേശമായിത്തുടങ്ങുകയായിരുന്നു ..

എന്നാൽ, നമുക്ക് കർത്താവിന് തന്റെ ‘സ്വർഗ്ഗീയ കമ്പ്യൂട്ടർ’ലോകത്തേക്ക് അവനെ നേരത്തെ തിരികെ വേണമായിരുന്നു.

ബാല്യത്തിന്റെ പ്രസരിപ്പും പ്രസാദവരവും കുറുമ്പും നിറഞ്ഞ മുഖത്തോടെ ചെറുപ്പത്തിന്റെ കവാടത്തിലേക്ക് പാദമൂന്ന വേ കാൻസറിന്റെ സഹനച്ചുഴിയിൽ പതിച്ച ഈ കൊച്ചു വിശുദ്ധൻ തന്റെ സഹനങ്ങൾ സഭക്കും മാർപാപ്പക്കും വേണ്ടി സമർപ്പിച്ചു പ്രാർത്ഥിച്ചാണ് നിത്യനിദ്രപൂകിയത്.

ഈശോയേയും അവന്റെ സഭയെയും അങ്ങേയറ്റം സ്നേഹിച്ച ഈ ഇറ്റാലിയനോമന 2006 ഒക്ടോബർ 12 ന് പതിനഞ്ചാം വയസ്സിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.
ഉടയവൻ തലോടി
അവൻ ഉറങ്ങി ”

നമ്മുടെ ന്യൂജെൻകുഞ്ഞോമനകൾക്കും,ചെറുപ്പക്കാർക്കും മാതൃകയും പ്രചോദനവുമായി ധാരാളം നവതലമുറവിശുദ്ധരുണ്ടായിവരട്ടെയെന്ന് പ്രാർത്ഥിക്കാം, കാത്തിരിക്കാം…

കടപ്പാട്: Fr.Simon Vargehse CMI

യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: നിങ്ങള്‍ ശക്‌തന്‍മാരാണ്‌. ദൈവത്തിന്‍െറ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്‌ടനെ ജയിക്കുകയും ചെയ്‌തിരിക്കുന്നു.
1 യോഹന്നാന്‍ 2 : 14