ന്യൂഡൽഹി: ഇന്ത്യയെ മുഴുവൻ ഭിന്നിപ്പിച്ചു നിർത്തുന്ന ഒരു രാഷ്ട്രീയ ആയുധമായി കാഷ്മീരിനെ ഉപയോഗിക്കാനാണു മോദി സർക്കാർ ശ്രമിക്കുന്നതെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാഷ്മീരിൽ ഭീകരർക്ക് ഇടം നൽകുന്ന തരത്തിലുള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു.ഫാറൂഖ് അബ്ദുള്ളയെ പോലുള്ള ദേശീയ നേതാക്കളെ തടവിലാക്കി ജമ്മു കാഷ്മീരിൽ രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു വ്യക്തമാണ്. ഇതോടെ കാഷ്മീരിൽ ഭീകരർ നിറയും. കാഷ്മീരിൽ ഭീകരർക്ക് ഇടമൊരുക്കുന്ന തരത്തിലുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ഭരണകൂടം തടവിലാക്കിയ നാഷണൽ കോണ്ഫറൻസ് നേതാവും ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയതിനെതിരേ രാജ്യസഭാ എംപി വൈക്കോ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുന്പാണ് ജമ്മു കാഷ്മീർ ആഭ്യന്തര വകുപ്പ് പൊതുസുരക്ഷാ നിയമ (പിഎസ്എ) പ്രകാരം അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്.ശ്രീനഗറിലുള്ള ഫറൂഖ് അബ്ദുള്ളയുടെ വസതി താത്കാലിക ജയിലായി പ്രഖ്യാപിച്ച് 12 ദിവസത്തേക്കു അദ്ദേഹത്തെ തടങ്കലിൽ വയ്ക്കാൻ കാഷ്മീർ ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു. 12 ദിവസത്തേക്കാണ് ആദ്യ നടപടിയെങ്കിലും അത് മൂന്നു മാസം വരെ നീട്ടാനിടയുണ്ടെന്നും കാഷ്മീരിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊതുസുരക്ഷ കണക്കിലെടുത്ത് രണ്ട് വർഷം വരെ വ്യക്തിയെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിൽ വയ്ക്കുകയോ ചെയ്യാവുന്ന നിയമമാണ് പിഎസ്എ. ഫറൂഖ് അബ്ദുള്ളയുടെ പിതാവ് ഷെയ്ക് അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കേ 1970-ൽ കൊണ്ടുവന്നതാണ് കാഷ്മീരിലെ ഈ നിയമം.